നിർമിതബുദ്ധി സൃഷ്ടിക്കുന്ന അൽഭുതങ്ങളും അനുദിനമെന്നോണം പുറത്തിറങ്ങുന്ന പുതിയ എ.ഐസങ്കേതങ്ങളും ഡിജിറ്റൽരംഗത്തെ മാത്രമല്ല, ലോകത്തെയാകമാനം മാറ്റിമറിക്കുകയാണ്. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ആരോഗ്യരംഗത്തും കൃഷിയിലും സാമ്പത്തികമേഖലയിലും എന്നുവേണ്ട സർവ്വരംഗങ്ങളിലും നിർമിതബുദ്ധി അതിന്റെ സ്വാധീനം ചെലുത്തിയെത്തിയത് പൊടുന്നനെയായിരുന്നു. കഴിഞ്ഞദിവസം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഉത്തരവാദ നിർമിതബുദ്ധി'യെക്കുറിച്ച് സംസാരിച്ചത് വളരെ പ്രാധാന്യത്തോടെയായിരുന്നു. നിർമ്മിതബുദ്ധിയുടെ ഗുണങ്ങളേക്കുറിച്ച് പറഞ്ഞതൊടൊപ്പം അതുയർത്തുന്ന വെല്ലുവിളികളും ഭീഷണികളും പ്രധാനമന്ത്രി അവിടെ സൂചിപ്പിക്കുകയും മാനവികമൂല്യങ്ങളും മാനവശക്തിയും ഉയർത്തിപ്പിടിച്ച് "എല്ലാവർക്കും എ.ഐ" എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യമെന്നു സൂചിപ്പിക്കുകയും ചെയ്തു. കഴിഞ്ഞമാസമാണ് പോപ്പ് ഫ്രാൻസിസ് ദാവോസിൽ നടന്ന ലോകസാമ്പത്തിക ഉച്ചകോടിയിൽ നിർമിതബുദ്ധി സൃഷ്ടിക്കുന്ന 'സത്യപ്രതിസന്ധി'യെക്കുറിച്ച് ലോകനേതാക്കളോട് സംസാരിച്ചത്. പുതിയസാങ്കേതികവിദ്യയുടെ നേട്ടങ്ങളെ പുകഴ്ത്തുന്നതോടൊപ്പം ഇത് മനുഷ്യന്റെ ഭാവിയെക്കുറിച്ച് ചില ഗുരുതരമായ ആശങ്കകൾ ഉയർത്തുകകൂടിചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ദൈനംദിനജീവിതത്തെ അതിവേഗം സ്വാധിനിച്ചുകൊണ്ടിരിക്കുന്ന, അതേസമയം ദിവസംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിർമിതബുദ്ധി. ഇതുയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും ആഴത്തിലും പരപ്പിലും ചർച്ചചെയ്യുന്ന യുവാൽ നോഹ ഹരാരിയുടെ പുതിയ പുസ്തകമുയർത്തുന്ന ചില ചിന്തകളാണിവിടെ പങ്കുവെക്കുന്നത്.
2016 ൽ ഇറങ്ങിയ 'ഹോമോ ഡിയുസ് 'എന്ന പുസ്തകത്തിൽ നിർമ്മിതബുദ്ധി സൃഷ്ടിച്ചേക്കാവുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയുംകുറിച്ച് ഗൗരവമായി ചർച്ചചെയ്യുന്നുണ്ട്. നിർമിതബുദ്ധി ലോകത്തെ മുഴുവനായി കീഴ്പ്പെടുത്തുന്നുവെന്ന് തോന്നുന്ന ഇക്കാലത്ത് യുവാൽ നോഹ ഹരാരി യുടെ 2024ൽ
തന്റെ പുതിയ പുസ്തകത്തിൽ ഹരാരി മുന്നോട്ടുവെക്കുന്നത് രസകരവും പുതുമയുള്ളതുമായ മറ്റൊരു കാഴ്ചപ്പാടാണ്. ചരിത്രസന്ദർഭങ്ങളും സംഭവങ്ങളും കൂട്ടിച്ചേർത്ത് അദ്ദേഹം സ്ഥാപിക്കുന്നത്, മാനവപുരോഗതിയുടെ അളവുകോൽ സമൂഹത്തിലെ വിവരശൃംഖലകളുടെ രൂപീകരണവും വിപുലീകരണവും അടിസ്ഥാനമാക്കിയെന്നാണ്. അലഞ്ഞുതിരിഞ്ഞു വേട്ടയാടി നടന്ന പ്രാചീനമനുഷ്യർ തങ്ങൾക്കിടയിലെ ഏകോപനത്തിനും വിവരവിനിമയത്തിനും നിർമ്മിച്ചെടുത്ത ചെറുസ്ഥാപനങ്ങളിലും സംവിധാനങ്ങളിലും നിന്നാരംഭിച്ച് എല്ലാ വിവരശൃംഖലകളും ചേർന്ന് ലോകമൊരു ചെറിയഘടകമായിമാറുന്ന സമകാലികഘട്ടംവരെയുള്ള സാംസ്ക്കാരികപരിണാമം തുടർച്ചയായ ഒന്നാണ്. പ്രാക്തനഗോത്രസമൂഹങ്ങളുടെ ആവിർഭാവത്തിൽതുടങ്ങി പ്രാചീനസംസ്ക്കാരങ്ങളുടെയും കാർഷികസംസ്ക്കൃതികളുടെയും മതസാമ്രാജ്യങ്ങളുടെയും ഫ്യൂഡലിസത്തിന്റെയും ഏകാധിപത്യഭരണവ്യവസ്ഥകളുടെയും, അവസാനം ജനാധിപത്യസംവിധാനങ്ങളുടെയും വിവിധകാലഘട്ടങ്ങളിൽ വിവരവിനിമയശൃംഖലകളുടെ നടത്തിപ്പും നിർവ്വഹണവുമെങ്ങിനെയാണ് അതത് സമൂഹങ്ങളിൽ നടന്നതെന്നും ആ വിവരസഞ്ചയങ്ങൾ അധികാരസ്ഥാനത്തിരുന്നവരെങ്ങിനെ ഉപയോഗിച്ചെന്നുവെന്നും ദുരുപയോഗം ചെയ്തുവെന്നും കൗതുകകരവും അതേസമയം ആധികാരികവുമായ ഉദാഹരണങ്ങളിലൂടെ ഇവിടെ വരച്ചുകാണിക്കുന്നുണ്ട്. ഒരു കാലത്ത് ലോകത്തിൽ പലയിടങ്ങളിലായി നാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും സമഗ്രാധിപത്യസംവിധാനങ്ങൾ പ്രവർത്തിച്ചരീതികൾ വിവരിക്കുന്നതോടൊപ്പം ആധുനികകാലത്ത് വിവരസാങ്കേതികവിദ്യ എങ്ങിനെയാണ് തങ്ങളുടെ ജനതയെ അടിച്ചമർത്തുകയും തെറ്റിദ്ധരിപ്പിക്കുയും ചെയ്യാനായി ഭരണകൂടങ്ങൾ ഉപയോഗിക്കുന്നതെന്ന് കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്. വിവരശൃംഖലകളുടെ നിയന്ത്രണവും ദുരുപയോഗവും വിശദീകരിക്കുന്നതിനപ്പുറം സർവ്വശക്തമായ നിർമിതബുദ്ധിയുടെ പ്രഭാവം എങ്ങനെയാണ് മാനവകുലത്തിന്റെ ഭാവിയെബാധിക്കുക എന്നത് ഇവിടെ ഗൗരവമായി ചർച്ചചെയ്യുന്നു. നിമിതബുദ്ധി ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിക്കാൻ പഴയകഥകളെ ആശ്രയിക്കുന്നുണ്ട്. സൂര്യരഥമോടിക്കണമെന്ന് വാശിപിടിച്ച് സ്വയം കുഴപ്പത്തിലാവുകയും ഭൂമിയെത്തന്നെ സർവ്വനാശത്തിന്റെ വക്കിലെത്തിക്കുകയുംചെയ്ത ഗ്രീക്ക് പുരാണത്തിലെ ഫീത്തോണിന്റെ കഥയാണ് അതിലൊന്ന്. തന്റെ ഗുരുനൽകിയ അപാരമായ മാന്ത്രികശക്തി കൊണ്ട് തന്നിഷ്ടപ്രകാരം ജലം കൊണ്ടുവന്ന് അനിയന്ത്രിതമായ പ്രളയം വരുത്തിവെച്ച മന്ത്രവാദിയുടെ ശിഷ്യന്റെ കഥകൂടി ഉദാഹരിച്ച് നിയന്ത്രണവിധേയമല്ലാത്ത ശക്തി ഒരിക്കലും ക്ഷണിച്ചുവരുത്തരുതെന്നുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട് ഹരാരി. നിർമ്മിതബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ ഏറെമാനങ്ങളുണ്ട് ഈ മുന്നറിയിപ്പുകൾക്ക്. ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിർമ്മിതബുദ്ധി ലോകത്തിലാകെയുള്ള വിവരശൃംഖലകളുടെ സംഘാതത്തെ അടിസ്ഥാനമാക്കിയാണല്ലോ പ്രവർത്തിക്കുന്നത്. 'ഡാറ്റയാണ് പുതിയകാലത്തെ എണ്ണ' എന്നത് ആലങ്കാരിക പ്രഖ്യാപനമല്ലാതായി മാറുമ്പോൾ ഭരണാധികാരികളും നയരൂപീകരണവിദഗ്ദ്ധരും മനുഷ്യവംശത്തിന്റെ ഭാവിയിൽ താൽപര്യമുള്ള എല്ലാവർക്കുമായാണ് ഈ മുന്നറിയിപ്പ്.
ശിലായുഗകാലഘട്ടത്തിൽനിന്നും മുന്നോട്ടേക്കുള്ള പ്രയാണത്തിൽ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ജീവിതം കുടുംബത്തിലേക്കും കൂട്ടങ്ങളിലേക്കും വിഭാഗങ്ങളിലേക്കും സമൂഹങ്ങളിലേക്കും വളർന്നു പന്തലിച്ചു. കൂട്ടങ്ങൾക്കുള്ളിലും പുറത്തുമുള്ള ആശയവിനിമയങ്ങളും വിവരകൈമാറ്റങ്ങളും അതിനായുരുത്തിരിഞ്ഞുവന്ന സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപനത്തിനുകാരണമായി. ആശയവിനിമയം ഭാഷകളുടെ ഉൽഭവത്തിലേക്കുനയിച്ചു. ഭാഷകളുടെ ആവിർഭാവത്തോടെ പരസ്പരമറിയാത്തവർ തമ്മിലുള്ള ആശയവിനിമയം എളുപ്പമായി. ഒരാളുടെയോ ഒരുകൂട്ടമാളുകളുടെയോ ആശയങ്ങളും ഭാവനകളും ചിന്തകളും കഥകളായി മറ്റുള്ളവരിലേക്കെത്തി. ഇവ കൂട്ടായ്മകൾക്ക് രൂപം നൽകി. വിവിധരീതിയിൽ കഥിച്ചുണ്ടാക്കിയ കഥകൾ ചെറുകൂട്ടങ്ങളെയും വൻകൂട്ടങ്ങളെയും നാടിനെയും നാട്ടുകാരെയും വ്യത്യസ്തതകളുള്ളവരാക്കിമാറ്റി. വെവ്വേറെ കഥകളെ അല്ലെങ്കിൽ അവ പ്രതിനിധീകരിച്ച ആശയങ്ങളെ പിൻതുടർന്നവർ കാലാന്തരങ്ങളിൽ വിവിധ വിഭാഗങ്ങളായിമാറി. യാത്രാസൗകര്യങ്ങളിലും വാർത്താവിനിമയസംവിധാനങ്ങളിലും ഉണ്ടായപുരോഗതി കാലാന്തരത്തിൽ കഥകളും ആശയങ്ങളും സംവിധാനങ്ങളും വലുതായപ്പോൾ മതങ്ങളും ദേശരാഷ്ട്രങ്ങളും ഭരണകൂടങ്ങളുമുണ്ടായി. സ്വന്തം ആശയങ്ങളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാൻ സാധിച്ചവർ പലപ്പോഴും ഏകാധിപതികളായിമാറി. സ്റ്റാലിനും ഹിറ്റ്‌ലറും സ്വന്തം കഥകളുണ്ടാക്കി, കഥയില്ലാത്തവരെ കീഴാളരാക്കി, അപരകഥകളുണ്ടെന്ന് കണ്ടവരുടെ കഥകഴിക്കുന്നതിലേക്കെത്തി. മികച്ച വിവരശൃംഖലകളുടെ രൂപീകരണത്തിലൂടെയും വിപുലീകരണത്തിലൂടെയും അവയുടെ പൂർണനിയന്ത്രണത്തിലൂടെയുമായിരുന്നു ഇവർ ഏകാധിപതികളായിത്തീർന്നത്. അനിയന്ത്രിതവും ഇതപര്യന്തം നാം ദർശിച്ചിട്ടില്ലാത്തതുമായ ശക്തിയോടുകൂടി നമുക്ക് മുന്നിലേക്ക് പൊടുന്നനെ അവതരിക്കുന്ന നിർമ്മിതബുദ്ധി ഏകാധിപത്യസ്വഭാവം കൈവരിക്കാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പാണ് നമ്മെ ഏറെ ആശങ്കപ്പെടുത്തേണ്ടത്.
പുസ്തകത്തിന്റെ ആദ്യപാദം വിവരവിനിമയ ശൃംഖലകളുടെ ചരിത്രപരമായ പരിണാമത്തെക്കുറിച്ച് ചർച്ചചെയ്യുന്നു. വിവിധകാലങ്ങളിലെ ഭരണസംവിധാനങ്ങളുടെ ഭാഗമായ അനുചരവൃന്ദവും അവർ വിവിധരീതികളിൽ നിർമ്മിച്ചെടുത്ത മിത്തോളജിയും സമൂഹത്തെ മുന്നോട്ടു നയിച്ചു. എഴുത്തിന്റെയും അച്ചടിയുടേയും ആവിർഭാവത്തിനു മുന്നേ പ്രധാനമായും വാമൊഴിവഴിയാണ് ആശയങ്ങൾ കൈമാറിവന്നത്. ബൈബിളിലെ കഥകളും നിർദ്ദേശങ്ങളും ഉപദേശങ്ങളും ചിട്ടയായ തിയോക്രാറ്റിക്-ബ്യൂറോക്രാറ്റിക് സംവിധാനങ്ങളിലൂടെ പാശ്ചാത്യനാടുകളിൽ ജനജീവിതത്തിനാധാരമായി. എഴുത്തിന്റെയും പുസ്തകങ്ങളുടെയും കണ്ടെത്തൽ മറ്റൊരു നാഴികക്കല്ലായി. തലമുറകളോളം യാതൊരുമാറ്റവുമില്ലാതെ തലമുറകളിലൂടെയുള്ള വിവരസഞ്ചയങ്ങളുടെ കൈമാറ്റം എളുപ്പമായി. ക്രമേണ അത്തരം പുസ്തകങ്ങൾ ജനജീവിതത്തിന്റെ അടിസ്ഥാനമാർഗരേഖകളായി. മതങ്ങളും രാഷ്ട്രീയദർശനങ്ങളും തങ്ങളുടെ സ്വാധീനമുറപ്പിച്ചു, ഇന്നത്തെ ലോകത്ത് അറിവ്ചങ്ങലകളുണ്ടാക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകളെയും പ്രതികരണങ്ങളെയുംകുറിച്ചാണ് പുസ്തകത്തിലെ രണ്ടാം ഭാഗം ചർച്ചചെയ്യുന്നത്. കാർബൺ അടിസ്ഥാനമായുള്ള ജൈവികമസ്തിഷ്കങ്ങളിലാണ് ഇക്കാലമത്രയും ആശയസംഹിതകൾ ഉടലെടുത്തതും വികസിച്ചതും. പൊടുന്നനെ സിലിക്കൺ അടിസ്ഥാനമാക്കിയ കമ്പ്യൂട്ടർമസ്തിഷ്ക്കങ്ങൾ അക്കാര്യങ്ങളുമേറ്റെടുക്കുമ്പോൾ സമൂഹജീവിതത്തിലും രാഷ്ട്രീയവ്യവസ്ഥകളിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കു മുന്നിൽ ലോകം പകച്ചുനിൽക്കുന്നു. കമ്പ്യൂട്ടർ രാഷ്ട്രീയമെന്ന് പേരിട്ട അവസാനഭാഗത്ത് നിർമിതബുദ്ധികാലത്ത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും സമഗ്രാധിപത്യം ഉയർത്തിയോക്കാവുന്ന ഭീഷണികളെക്കുറിച്ചുമുള്ള ആശങ്കകളാണ് വിശദമായി പ്രതിപാദിക്കുന്നത്. ഈ ഭൂമിയിലെ ജീവപരിണാമം നമ്മെ പഠിപ്പിക്കുന്നത് ജീവലോകത്തിൽ വിവേകത്തിന് മനുഷ്യവംശത്തിന്റെ ആവിർഭാവത്തിനുമപ്പുറം ചരിത്രമുണ്ടെന്നാണ്. എന്നാൽ ജൈവലോകത്തിനുമപ്പുറത്തുള്ള ഒരു ശക്തി - കൃത്രിമബുദ്ധി, തീരുമാനങ്ങളെടുക്കാനൊരുങ്ങുന്ന ഒരു കാലത്ത് അത് എല്ലാറ്റിന്റെയും അവസാനത്തിലേക്കാണോ അല്ല പ്രതീക്ഷാനിർഭരമായ ഭാവിയിലേക്കാണോ നമ്മെ നയിക്കുക എന്നത് ഏറെ പ്രസക്തവും പ്രധാനവുമായ ചോദ്യമാണ്. ഈ ചോദ്യത്തിനുത്തരം തേടുന്നതോടൊപ്പം ഇവയോരോന്നും വിശദമായി ചർച്ചചെയ്യുന്നതിനിടയിൽ പലരും പലരീതിയിൽ വ്യഖ്യാനിച്ച കാര്യങ്ങളെ വ്യത്യസ്തവീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത.
എഴുത്തിന്റെ വരവിനുമുന്നേ പുരോഹിതനും മന്ത്രവാദികളും പ്രവാചകനും വഴി ദൈവം സാധാരണക്കാരോട് സംസാരിച്ചിരുന്നു, പിന്നീടാണത് പുസ്തകങ്ങളിലൂടെയായത്. എഴുതപ്പെട്ട രേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചചെയ്യുന്നിടത്ത് ഭാരതവും പ്രാചീനഇതിഹാസമായ രാമായണവും മറ്റൊരുവീക്ഷണകോണിലൂടെ കടന്നുവരുന്നുണ്ട്. ജീവപരിണാമശാസ്ത്രജ്ഞനെ സംബന്ധിച്ച് സർവ്വജീവജാലങ്ങളിലും കാണുന്ന ജീവനാടകത്തിന്റെ സാദൃശ്യം ഏറെ കൗതുകകരവും പഠനാർഹവുമാണ്. സഹോദരൻമാരിലൊരാളെ മറ്റുള്ളവരിൽനിന്നും അകറ്റി കാട്ടിലയക്കുകയെന്നത്, സസ്തനങ്ങളും പക്ഷികളും ഉൾപ്പെടുന്ന ജീവിവർഗങ്ങളിൽ ദശലക്ഷക്കണക്കിനുവർഷങ്ങളിലായി നടന്നുവരുന്ന പരിണാമനാടകത്തിനോടുള്ള സാമ‌്യതയായാണ് ഹരാരി ഓർമിക്കുന്നത്. പങ്കാളികൾക്കുവേണ്ടിയുള്ള പോരും സോദരർക്കിടയിലെ പോരും ജീവപരിണാമത്തിലെ ഏറ്റവും പ്രധാന ചാലകശക്തിയാണ്, ജീവലോകം അതിന്റെ മുദ്രകൾ സാംസ്ക്കാരികലോകത്തേക്ക് പകർത്തുന്നതായി ഇതിനെ വിലയിരുത്താനുമാവും. പരിണാമപരമായി ശുദ്ധിയും അശുദ്ധിയും ജീവിവർഗങ്ങളുടെയിടയിൽ ആവിർഭവിച്ചതിനെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ ഭാരതത്തിലെ ജാതിവ്യവസ്ഥയുടെ ആവിർഭാവവും അത് ഭാരതത്തിനുണ്ടാക്കിയ വിഷമതകളും പരാമർശിക്കുന്നു. ജീവപരിണാമവും സാംസ്ക്കാരികപരിണാമവും പരസ്പരപൂരകവും പരസ്പരപ്രേരിതവുമാവുന്ന നരവംശശാസ്ത്രപരമായ വിശദീകരണങ്ങൾ ഒട്ടേറെ പുതുമകളുള്ളതാണ്.
ജനാധിപത്യത്തെയും സമഗ്രാധിപത്യത്തെയും കുറിച്ച് ചർച്ച ചെയ്യുമ്പോൾ വ്ളാദിമിർ പുടിനും എർദോഗാനും ബോൽസനാരോയും ഒപ്പം ബഞ്ചമിൻ നെതന്യാഹുവും ജനാധിപത്യത്തെ ഉപയോഗിച്ച് അധികാരത്തിലെത്തി ജനാധിപത്യത്തെ ഇല്ലായ്മചെയ്തവരായി നിരീക്ഷിക്കപ്പെടുന്നുണ്ട്. 'ജനാധിപത്യം ഒരു വാഹനമാണ്; നിങ്ങളുടെ ലക്ഷ്യസ്ഥാനമെത്തിയാൽ നിങ്ങളാവണ്ടിയിൽ നിന്നുമിറങ്ങുന്നു' എന്ന എർദോഗാന്റെ പ്രസ്താവന എടുത്തുപറയുന്നുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഒരു കാലത്തും 0.4 ശതമാനത്തിൽ കൂടുതൽ വോട്ടുകിട്ടാത്ത ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാകാലത്തും തങ്ങളാണ് അധ്വാനവർഗത്തിന്റെ യഥാർത്ഥ പ്രതിനിധിയെന്ന് ആവർത്തിക്കുന്നതിലെ തമാശ രസകരമാണ്. സ്വന്തമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ മാത്രമല്ല ,ആളുകൾ കേൾക്കാൻ തയ്യാറാകാത്തപ്പോഴും അവർക്ക് കേൾക്കാൻ കഴിയാതെവരുമ്പോഴും കൂടിയാണ് ജനാധിപത്യം മരിക്കുന്നത് എന്നത് സമകാലികമായി ഏറെ പ്രസക്തമായ കാര്യമാണ്.
നാസിജർമനിയും കമ്മ്യൂണിസ്റ്റ് റഷ്യയും സമഗ്രാധിപത്യ കേന്ദ്രങ്ങളായി പ്രവർത്തിച്ചുവന്നകാലത്തെ നിരവധി സംഭവങ്ങൾ വ്യക്തമായ രേഖകളെ ആധാരമാക്കി വിവരിക്കുന്നുണ്ട്. അവ പലതും കൗതുകകരമാണ്. കമ്യൂണിസ്റ്റ്റഷ്യയിൽ 1919 -38 വർഷങ്ങൾക്കിടയിൽ പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ മെമ്പർമാരായ 33 പേരിൽ 14 പേർ വ്യത്യസ്തഅവസരങ്ങളിൽ വ്യത്യസ്തകാരണങ്ങളാരോപിച്ച് ഭരണകൂടത്തിന്റെ തോക്കിനിരയാക്കപ്പെട്ടു. 1934ൽ നടന്ന പാർട്ടികോൺഗ്രസിൽ പങ്കെടുത്തവരിൽ രണ്ട് ശതമാനത്തിനു മാത്രമാണത്രെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധേയമാവാതെ 1939ലെ പാർട്ടികോൺഗ്രസിൽ പങ്കെടുക്കാൻ യോഗമുണ്ടായത്. സ്റ്റാലിനെ പ്രകീർത്തിക്കുന്ന ഒരു യോഗത്തിൽ നീണ്ടുനിന്ന കൈയ്യടി ആദ്യമവസാനിപ്പിച്ച ആളെ അന്നു രാത്രി അറസ്റ്റുചെയ്ത് പത്തുവർഷത്തേക്ക് തുറങ്കലിലടച്ചു. അധികാരസ്ഥാനങ്ങളിലുണ്ടായിരുന്നവരുടെ കാര്യമിങ്ങനെയാണെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ സാധാരണക്കാരുടെ അവസ്ഥ വിവരിക്കേണ്ടതില്ല. അഴിമതിയുടെയും അസമത്വത്തിന്റെയും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം കുടുംബമാണെന്ന് സ്റ്റാലിൻ ചിന്തിച്ചു. പരിഹാരമായി യഥാർത്ഥ പിതാവായി സ്റ്റാലിനെ കാണാൻ കുട്ടികളെ പഠിപ്പിച്ചിരുന്നുവത്രെ. ചെർണഓവിൽ സന്ദർശിച്ചപ്പോൾ ട്രാവൽഗൈഡ് സൂചിപ്പിച്ച കാര്യം ഹാരാരി ഓർമ്മിക്കുന്നു. ‘മറ്റിടങ്ങളിൽ ചോദ്യങ്ങൾ ഉത്തരങ്ങളിലേക്ക് നയിക്കുമ്പോൾ റഷ്യയിൽ ചോദ്യങ്ങൾ വിഷമതകളിലേക്ക് നയിക്കുന്നു.’ എന്നതായിരുന്നു അത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ സുസംഘടിതമായ നിരീക്ഷണവിവരസഞ്ചയം സ്ഥാപിച്ച് 'ഹോമോ സോവിയറ്റിക്കസ് ' എന്ന പ്രത്യേക മനുഷ്യവിഭാഗത്തെ സൃഷ്ടിക്കാനാണ് സ്റ്റാലിൻ ശ്രമിച്ചതെന്ന് ഹരാരി നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇതപര്യന്തമുള്ള ചരിത്രത്തിൽ രാഷ്ട്രീയാശയങ്ങളുണ്ടാക്കിയതും വിവരങ്ങളെല്ലാം കൈയ്യാളിയതും അവയുപയോഗിച്ച് ഭരണസംവിധാനത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും സാധാരണക്കാരെയും നിയന്ത്രിച്ച് സമഗ്രാധിപത്യമുണ്ടാക്കിയതും സർവ്വശക്തരായ ഏകാധിപതികളായിരുന്നു. ഇത്തരം ഏകാധിപതികളെല്ലാം നടപ്പിലാക്കിയ കാര്യങ്ങൾ അതിലും ആയിരംമടങ്ങ് കൃത്യതയോടെ ചെയ്യാനാവുന്ന നിർമിതബുദ്ധിയുടെ നിയന്ത്രണം അപക്വമതികളുടെ കൈയ്യിലെത്തിയാൽ അതീവ അപകടകരമായ അവസ്ഥയിലേക്കാണ് അത് ലോകത്തെ കൊണ്ടെത്തിക്കുക.
കഴിഞ്ഞനൂറ്റാണ്ടിന്റെ മധ്യത്തിൽ രൂപംകൊണ്ട കമ്പ്യൂട്ടറുകളും ഇതിന്റെ തുടർച്ചയായി വികസിച്ചു ലോകമാകെ വരിഞ്ഞുകെട്ടിയ ഇൻറർനെറ്റും നിലവിൽ മനുഷ്യജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ സമഗ്രവും സമ്പൂർണ്ണവും തിരിച്ചുപോകാനാവാത്തതുമാണ്. സമൂഹമാധ്യമങ്ങളുടെ ഇടപെടലുകൾ എല്ലായിടങ്ങളിലും സർവതലസ്പർശിയായി മാറി. സത്യത്തെ അസത്യത്തിന്റെ മൂടുപടമണിയിച്ചു. അസത്യം സത്യമായി. ജയിക്കുന്നവനെതോൽപ്പിച്ചു. തോൽക്കുമെന്നുള്ളവരെ ജേതാക്കളാക്കി. നമ്മളുപയോഗിക്കുന്ന ഡിജിറ്റൽ സങ്കേതങ്ങളുപയോഗിച്ച് നമ്മുടെതന്നെ ഇടപെടലുകളെയും ഇടപാടുകളെയും സൂക്ഷ്മമായി വിലയിരുത്താൻ പ്രാപ്തമായ അൽഗൊരിതങ്ങൾ എല്ലായിടത്തും നമ്മെ രഹസ്യമായും പരസ്യമായും നിരീക്ഷിക്കുന്നു, പിൻതുടരുന്നു, വിലയിരുത്തുന്നു. നമുക്കാവശ്യമുള്ള സാധനങ്ങളും സേവനങ്ങളും തേടിപ്പിടിച്ച് വ്യക്തിപരമായ ഉള്ളടക്കങ്ങളും താല്പര്യമുള്ള പരസ്യങ്ങളും നമുക്കുമുന്നിലെത്തിക്കുന്നതിൽത്തുടങ്ങി നമ്മുടെ ചിന്തയേയും ബുദ്ധിയേയും ബോധപൂർവ്വം സ്വാധീനിക്കുന്നതിലേക്ക് വരെ അത് വളർന്നിരിക്കുന്നു. കവിതയെഴുത്തുൾപ്പടെയുള്ള സർഗാത്മകപ്രവർത്തനങ്ങൾ മനുഷ്യനില്ലാതെയുമാവാം എന്ന അവസ്ഥവന്നിരിക്കുന്നു. എവിടെയും നിരീക്ഷിക്കപ്പെടുന്ന മനുഷ്യൻ, തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കപ്പെടുന്ന മനുഷ്യൻ. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളെല്ലാം എങ്ങിനെയാണ് ജനതയെ സൂക്ഷമനിരീക്ഷണം നടത്തി തങ്ങളുടെ ഇച്ഛക്കനുസൃതമായി ഉപയോഗിച്ചിരുന്നത് എന്നോർക്കുമ്പോഴാണ് ആധുനികസങ്കേതങ്ങളുപയോഗിച്ചുള്ള സമഗ്രമായ നിരീക്ഷണവും ആ വിവരങ്ങളുടെ ഉപയോഗവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെത്ര ഭീകരമാവാമെന്നു മനസ്സിലാവുക. റുമാനിയൻ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന ചെസസ്ക്യൂ, ഭരണകൂടത്തിനെതിരെ സ്റ്റേറ്റ് റേഡിയോയിലേക്ക് കത്തെഴുതിയവരെ തിരിച്ചറിയാൻ ഇരുപതുലക്ഷം കൈയ്യക്ഷരങ്ങളാണ് പരിശോധിച്ചതത്രെ. സ്റ്റാലിൻഭരണകൂടം സാധാരണക്കാരെയും പാർട്ടിപ്രവർത്തകരേയും നിരന്തരം നിരീക്ഷിക്കാൻ വളരെ വിപുലമായ സംവിധാനങ്ങളാണൊരുക്കിയത്. ഇന്ന് മൊബൈൽ ഫോണും ഇന്റർനെറ്റും നമ്മുടെ സർവ്വചലനങ്ങളും ഒപ്പിയെടുക്കുമ്പോൾ നിരീക്ഷണവും നിയന്ത്രണവും എളുപ്പത്തിൽ സാധ്യമാവുമ്പോൾ വ്യക്തിപരമായ സ്വാതന്ത്ര്യമാണ് എല്ലായിടത്തും അടിയറവെക്കപ്പെടുന്നത്. അമേരിക്കൻ സുരക്ഷാ ഏജൻസികൾ പത്തുവർഷങ്ങൾക്കുമുന്നേതന്നെ വ്യക്തികളുടെ സാമൂഹ്യമാധ്യമഇടപെടലുകളും യാത്രയും എഴുത്തും അൽഗരിതം വഴി വിശ്ളേഷണം നടത്തി ഭീകരരാവാൻ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തുന്നതിനുള്ള എഐ സംവിധാനം വികസിപ്പിച്ചിരുന്നു. ചിന്തകളെ നിയന്ത്രിക്കാനാവുന്ന ഇലക്ട്രോണിക് ചിപ്പുകൾ മസ്തിഷ്ക്കത്തിൽ സ്ഥാപിച്ചുള്ള പരീക്ഷണങ്ങൾക്ക് ഇലോൺമസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിക്ക് അനുമതി ലഭിച്ചത് അടുത്തകാലത്ത് വാർത്തയായിരുന്നു. ഇറാനിൽ ഹിജാബ് വിഷയത്തിലുണ്ടായ പ്രക്ഷോഭത്തിനിടയിളുണ്ടായ ഒരു സംഭവം ഹരാരി വിവരിക്കുന്നുണ്ട്. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുന്ന മറിയം എന്ന സ്ത്രീയുടെ ഹിജാബ് കാറിൽ കയറുന്നതിനിടെ തലയിൽനിന്നുമൂരിവീണു. നിർബന്ധിതമൂടുപടനിയമം പാലിക്കാത്തതിനാൽ പതിനഞ്ചുദിവസത്തേക്ക് തന്റെ കാർ ഗവൺമെന്റ് പിടിച്ചെടുത്തിരിക്കുന്നുവെന്ന സന്ദേശമാണ് ഉടൻ ആസ്ത്രീക്ക് ഫോണിൽ ലഭിച്ചത്. അമേരിക്കപോലുള്ള രാജ്യങ്ങളിൽ പങ്കാളികളുടെ സർവ്വചലനങ്ങളുമൊപ്പിയെടുത്ത് തൽസമയം ആവശ്യക്കാരെയറിയിക്കുന്ന 'വൈവാഹിക ഏകാധിപത്യം' ഇപ്പോൾതന്നെ ധാരാളമായി റിപ്പോർട്ട്ചെയ്യുന്നു. നേരത്തെയുണ്ടായിരുന്ന നിരീക്ഷണസംവിധാനങ്ങൾ നിശ്ചിതസമയങ്ങളിലോ സന്ദർഭങ്ങളിലോ മാത്രം ആളുകളെയും സ്ഥലങ്ങളെയും നിരീക്ഷണവിധേയമാക്കിയെങ്കിൽ ഇന്ന് കാലമോ കാരണമോ സാഹചര്യമോ പ്രസക്തമല്ലാത്ത വിധത്തിൽ എല്ലാവരുടേയും സർവ്വചലനങ്ങളും ഒപ്പിയെടുക്കുന്നു, ഉപയോഗപ്പെടുത്തുന്നു. വിവരങ്ങളുടെ സമാഹരണവും അപഗ്രഥനവും വ്യക്തികളുടെ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റവും ആയിരം ഇരട്ടികൃത്യതയോടെയും സൂക്ഷമതയോടെയും ഇന്ന് ചെയ്യാൻകഴിയും.
മറ്റെല്ലാ സംവിധാനങ്ങൾക്കുമുപരി ഉദാരമായ ജനാധിപത്യത്തിന് സ്വയം തെറ്റുകൾ തിരുത്താനും മുന്നോട്ടുപോകാനുമുള്ള കഴിവുകളുണ്ട്. നിർമിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെയും ഭീഷമികളെയും സമർത്ഥമായി നേരിടാൻ വിവേകപൂർണ്ണമായ തികഞ്ഞ ജനാധിപത്യവ്യവസ്ഥിതിക്കുമാത്രമേ സാധിക്കുകയുള്ളൂ. ശേഖരിക്കുന്ന വിവരങ്ങൾ വ്യക്തികളുടെ ഗുണത്തിനായി മാത്രം ഉപയോഗിക്കുമെന്ന പൊതുനിഷ്കർഷയും അധികാരത്തിന്റെ വികേന്ദ്രീകരണവും ശേഖരിക്കുന്ന വിവരങ്ങളുടെ സുതാര്യതയും ഉറപ്പാക്കുകയെന്നത് എ.ഐയുടെ കാര്യത്തിൽ പരമപ്രധാനമാണ്. വലിയതോതിലുള്ള ഡാറ്റയുടെ കേന്ദ്രീകരണവും അപഗ്രഥനവും ഉപയോഗവും ഡോക്റ്റർമാരെയും ഡ്രൈവർമാരെയും തൊഴിൽരഹിതരാക്കുമ്പോൾ ഉയർന്ന മാനവികസ്നേഹത്തോടെ പെരുമാറുന്ന നഴ്സിനെയും മാനസികസുരക്ഷിതത്വം പ്രധാനം ചെയ്യുന്ന പുരോഹിതനെയും നിർമിതബുദ്ധിക്ക് പകരംവെക്കാൻ പ്രയാസമായിരിക്കും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നേതാക്കളുടെയും ഉത്തരവാദിത്തബോധമില്ലാത്ത സാമൂഹ്യമാധ്യമഇടപെടലുകളുൾപ്പടെയുള്ളവയുണ്ടാക്കുന്ന ബോധപൂർവ്വമായ തെറ്റിദ്ധരിപ്പിക്കലുകൾ സൃഷ്ടിക്കുന്ന ഡിജിറ്റൽ അരാജകത്വം മറ്റൊരുഭീഷണിയാണ്.
അങ്ങേയറ്റത്തെ സ്വയംനിയന്ത്രിത അച്ചടക്കവും പരസ്പരവിശ്വാസവും ആവശ്യമുള്ള മേഖലയാണിത്. വിവിധരാജ്യങ്ങളുടെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന ആശങ്കകളെല്ലാവർക്കുമറിയാം. നിർമിതബുദ്ധിയാവട്ടെ ആണവോർജ്ജത്തെക്കാൾ സാധാരണക്കാരുടെ സർവ്വകാര്യങ്ങളിലുമിടപെടാൻ കരുത്തുള്ള ഒന്നാണ്. അതിലുപരി ആരുമറിയാതെ അതീവരഹസ്യമായി പ്രവർത്തിക്കാൻ സാധിക്കുന്നതും. ആൽബർട്ട് ഐൻസ്ററീനും ബർട്രൻഡ് റസ്സലും മറ്റനേകം പ്രമുഖരും ഒത്തുചേർന്ന് ആണവയുദ്ധമൊഴിവാക്കാൻ 1955ൽ ഇറക്കിയ പ്രസ്താവനയാണ് ഇവിടെയും പ്രസക്തമെന്ന് ഹരാരി പറയുന്നു. "മനുഷ്യത്വത്തെക്കുറിച്ച് മാത്രം ഓർക്കുക, മറ്റെല്ലാം മറക്കുക; അങ്ങിനെചെയ്താൽ പുതുസ്വർഗത്തിലേക്കു നമുക്കൊരുമിച്ച് പ്രവേശിക്കാം, ഇല്ലെങ്കിൽ സർവ്വനാശത്തിലേക്കും.” തീരുമാനിക്കേണ്ടത് നമ്മളാണ്.