പ്രവേശനകവാടം |
ഒടുവില്‍ കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടി.വാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും ഒടുവില്‍ അങ്ങിനെയൊരു പാര്‍ക്കേ നിലവിലില്ലെന്ന് സംഘാടകര്‍ തന്നെ തിരുത്തുന്നു.വാങ്ങിയത് പ്രവേശനഫീസല്ലെന്നും സംഭാവനമാത്രമെന്നും പ്രഖ്യാപനം.കണ്ടല്‍ പാര്‍ക്ക്പൂട്ടിച്ചതിനുശേഷം മാത്രം മറ്റ് കാര്യങ്ങളെന്ന് പ്രതിപക്ഷം.മാസങ്ങള്‍ക്കു മുന്നെ പാര്‍ക്കിന്നെതിരെ സമരംചെയ്ത് തല്ലു്വാങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരെ ചിത്രത്തിലെങ്ങും കാണാനില്ല.ജനാധിപത്യത്തിന്റെ നെടുംതൂണായ പ്രതിപക്ഷബഹുമാനവും ഫെഡറല്‍ സംവിധാനത്തിന്റെ നിലനില്പ് തന്നെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദങ്ങള്‍.
അതിലോലവും അതേ സമയം അതി സങ്കീര്‍ണ്ണവുമായ ഒരു ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകളുടേത്. ജെ.സി.ബി കളുപയോഗിച്ച് മണ്ണുമാന്തി നീക്കിയും ഒഴുകിനടക്കുന്ന റസ്റ്റോറന്റുകള്‍ തീര്‍ത്തും സ്വാഭാവിക സംരക്ഷണം നടക്കില്ലെന്ന് തീര്‍ച്ച.അര്‍ദ്ധരാത്രിവരെ കത്തിനില്ക്കുന്ന ഹാലജന്‍ ബള്‍ബുകളും വൈദ്യുതാലങ്കാരവും ജീവജാലങ്ങള്‍ക്ക് എന്ത് സ്വൈര്യമാണ് നല്കുക?സമ്പത്തിന്റെയും സമൃദ്ധിയുടെയും നിറവിലുള്ള ജനസാമാന്യത്തിന് സുഗന്ധദ്രവ്യങ്ങളും പൂശി കടും നിറമാര്‍ന്ന ആടയാഭരണങ്ങളും അണിഞ്ഞ് വിലകൂടിയ കാറുകളിലെത്തി ഐസ്ക്രീമും പിസ്തയും മറ്റും തിന്ന് ആര്‍ത്തുല്ലസിക്കാനുള്ള മറ്റൊരുകേന്ദ്രം കൂടി എന്നല്ലാതെ എന്തു കണ്ടല്‍? എന്തു പരിസ്ഥിതി?
എന്തുകൊണ്ട് കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കപ്പെടണം?വനംവകുപ്പിനും സര്‍ക്കാറുകള്‍ക്കും അതില്‍ എന്തു ചെയ്യാനുണ്ട്?ജനങ്ങളുടെ കൂട്ടായ്മകള്‍ കണ്ടല്‍സംരക്ഷണം ഏറ്റെടുക്കുന്നത് നല്ലതല്ലേ?വിനോദസഞ്ചാരത്തിനും അതുവഴി ലാഭമുണ്ടാക്കാനും ഈ ലോലമായ ആവാസത്തെ വിട്ടുകൊടുക്കേണ്ടതുണ്ടോ?സംരക്ഷിക്കപ്പെടുന്നത്പാര്‍ട്ടി-വ്യക്തിതാല്‍പ്പര്യങ്ങളായിരിക്കില്ലേ?ചോദ്യങ്ങള്‍ നിരവധിയാണ്.
ശാസ്ത്രവും ലോകവും യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാക്കിവരുമ്പേഴേക്കും നമ്മുടെ കണ്ടല്‍ക്കാടുകളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു.കടലും കരയും ചേരുന്നയിടങ്ങളിലും നദികളുടെയും കായലുകളുടെയും അഴിമുഖങ്ങളിലുമാണ് ഇവ സ്വാഭാവികമായും കണ്ടുവരുന്നത്.560 കിലോമീറ്റര്‍ സമുദ്രതീരവും ഒഴുകിഎത്തുന്ന 41 നദികളും ഉള്ള കേരളം കണ്ടല്‍സമൃദ്ധിയില്‍ മുന്നിലായിരുന്നു.700 ച.കി.മീ കണ്ടല്‍ക്കാടുകള്‍ ഇവിടെ ഉണ്ടായിരുന്നു.ഇന്‍ഡ്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ ബംഗാളിലെ സുന്ദരവനത്തിനു തൊട്ടുപിന്നില്‍.പക്ഷെ ഇന്ന് കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 35 ച.കി.മീ മാത്രം.(20 ച.കി.മീ എന്ന് 23/07/2010 ലെ മാതൃഭൂമി)അതും തൊണ്ണൂറ് ശതമാനവും സ്വകാര്യവ്യക്തികളുടെ കൈവശവും.ഇതില്‍ 83ശതമാനവുംകാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളിലാണുള്ളത്.തീരദേശസംരക്ഷണനിയമവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശനിയമവും ഒക്കെ നോക്കുകുത്തിയാവുകയും പുഴയോരങ്ങളും കടല്‍ത്തീരങ്ങളും ആകെ ഷോപ്പിംഗ് കോപ്ളംക്സുകളും ആശുപത്രികളും കെട്ടിടങ്ങളും നിറയുകയും ചെയ്തു.കണ്ണൂര്‍ ജില്ലയിലെ പലപ്രദേശങ്ങളും അറവുമാലിന്യങ്ങളും ഹോട്ടല്‍ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന സ്ഥലങ്ങളുമായിത്തീര്‍ന്നു.അവസാനത്തെ കഷണങ്ങള്‍ ഇപ്പോള്‍ ടൂറിസത്തിനായും.ഇക്കോടൂറിസം എല്ലായിടങ്ങളിലും ഇക്കോടെററിസമായിത്തീരുന്നത് കാലത്തിന്റെ കാഴ്ച.
കണ്ണുരില്‍കണ്ടലുകള്‍അവശേഷിക്കുന്നത്പ്രധാനമായുംപഴയങ്ങാടി,മാട്ടൂല്‍,പാപ്പിനിശ്ശേരി,പയ്യന്നൂര്‍
പ്രദേശങ്ങളിലാണ.ഉപ്പൂറ്റ,കായക്കണ്ടല്‍,പൂക്കണ്ടല്‍,ചക്കരക്കണ്ടല്‍,കണ്ണാംപൊട്ടി,പിച്ചളക്കണ്ടല്‍,തിപ്പലം,ചുള്ളി,മച്ചിന്തോല്,തുടങ്ങിയ ഇനങ്ങളാണ് ഇവിടങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത്.ഇതില്‍ തിപ്പലം(Lumnitzera racemosa) എന്ന സസ്യം പയ്യന്നൂരില്‍ മാത്രമെ കാണുന്നുള്ളു.
കേരളത്തിലെ കണ്ടലുകളെ കുറിച്ചുള്ള ഒരു പഠനം പറയുന്നത് ജൈവവൈവിധ്യത്തിന്റെ യഥാര്‍ത്ഥ കലവറകളാണ് ഇവിടം എന്നാണ്.18 ഇനം യഥാര്‍ത്ഥ കണ്ടലുകളും 23 സഹചാരിസസ്യങ്ങളും 53 ഇനം മറ്റ് സസ്യങ്ങളും കണ്ടെത്തുകയുണ്ടായി.144 നട്ടെല്ലില്ലാത്ത ജീവിവര്‍ഗ്ഗങ്ങള്‍,22 ഇനം മത്സ്യങ്ങള്‍,14 ഇനം ഉരഗങ്ങള്‍,196 ഇനം പക്ഷികള്‍,13 ഇനം സസ്തനങ്ങള്‍ എന്നിവയും കണ്ടലുകള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.കണ്ടല്‍ച്ചെടികളുടെ താങ്ങുവേരുകളും ശ്വസനവേരുകളും നിറഞ്ഞ അടിത്തട്ട് അപൂര്‍വ്വമായ സൂക്ഷ്മാവസ്ഥ സൃഷ്ടിക്കുന്നു.ചെളിയും മണ്ണും ധാതുക്കളും നിറഞ്ഞ അവിടം നിരവധി ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രവും പ്രജനനകേന്ദ്രവും ആണ്.ഇതാണ് വിപുലമായ ജൈവവൈവിധ്യത്തിനടിസ്ഥാനം.
കണ്ടലുകള്‍ നല്‍കിവന്ന സേവനങ്ങള്‍ തീരുന്നില്ല.ഉപ്പുജലം കരയിലെത്താതെ പിടിച്ചു നിര്‍ത്തുന്നതും ഇവരത്രെ.സമൂഹനന്മയ്ക്കായി കാളകൂടം കുടിച്ച ശിവനെപ്പോലെ ഉപ്പു മുഴുവന്‍ ഊറ്റിക്കുടിച്ച് "ഉപ്പട്ടി”(Avicennia officianalis, A.marina)എന്നു പേരുണ്ടായ കണ്ടലും ഇതില്‍പ്പെടുന്നു.ചുറ്റുമുള്ളവര്‍ക്ക് വിറകും കാലിത്തീറ്റയും ഫര്‍ണ്ണിച്ചറുകളുടെ നിര്‍മ്മാണത്തിനുള്ള തടിയും തോണിനിര്‍മ്മാണത്തിനുള്ള മരവും വരെ ഇവരില്‍നിന്നും ലഭിച്ചിരുന്നു.മിക്ക ഇനങ്ങളും നല്ല ഔഷധങ്ങള്‍ക്കൂടിയാണ്.തലമുറകളായി ദേശാടനപക്ഷികളുടെ ഇഷ്ടസങ്കേതമായ ഈ ആവാസത്തിന്റെ നാശം വിരുന്നെത്തുന്ന ചിറകുള്ള ചങ്ങാതിമാരെ നമ്മുടെ നാട്ടില്‍നിന്നും എന്നേക്കുമായി അകറ്റുകയായിരിക്കും ചെയ്യുക.കണ്ടല്‍വനങ്ങളുടെ ആവശ്യം നേരിട്ടറിഞ്ഞത്
ഉപ്പട്ടി ഇലകളില്‍ ഉപ്പ്പരലുകള്‍ |
സുനാമിക്കാലത്തായിരുന്നു.പല തീരങ്ങളും തിരമാലകള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയപ്പോള്‍ പിടിച്ചുനില്ക്കാനായത് കണ്ടല്‍ത്തീരങ്ങള്‍ക്ക് മാത്രം.
അല്‍പമെങ്കിലും അവശേഷിക്കുന്ന അതിപ്രാധാന്യമുള്ള ഈ ആവാസത്തെ സംരക്ഷിക്കാനും ഭാവിതലമുറയ്ക്കായി കൈമാറാനും നമുക്കാവുമോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദഘോഷങ്ങള്‍ക്ക് ഇതിനാവുമോ?കണ്ടല്‍പൊക്കുടനെപ്പോലെ ചിലരെങ്കിലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടല്‍ക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്."ഒരേ ഭൂമി ഒരേ ജീവന്‍”,'സീക്ക്" തുടങ്ങിയവര്‍ ഏറ്റെടുത്തു മനുഷ്യസാന്നിധ്യമില്ലാതെ സംരക്ഷിക്കുന്ന കുറച്ച് കണ്ടല്‍ക്കാടുകള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. പലയിടത്തുംവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംരക്ഷണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതും പ്രതീക്ഷനല്കുന്നു. വനംവകുപ്പും വൈകിമാത്രം ചിലകാര്യങ്ങള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്.മാധ്യമങ്ങളിലും ഹരിതചിന്തയുടെ മിന്നലാട്ടങ്ങള്‍ കാണാനുണ്ട്.പല ജാതി ജീവികള്‍,ഒരു ഭൂമി,ഒരു ഭാവി എന്ന മുദ്രാവാക്യവുമായി ലോകം ജൈവവൈവിധ്യസംരക്ഷണം മാനവവംശ സംരക്ഷണത്തിനു വേണ്ടി മുഖ്യ കര്‍മ്മപരിപാടിയാക്കുമ്പോള്‍ നമുക്കും കണ്ടലുകളിലെ കാണാത്തതിനെ കാണാനും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാനും ശ്രമിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ