2018, ഡിസംബർ 2, ഞായറാഴ്‌ച

കഥപറയുന്ന കല്‍ച്ചുമരുകള്‍



     പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വലിയ രണ്ടു നാലുകെട്ടുകള്‍ ചേര്‍ന്ന ഇരുനിലകള്‍ ,വിശാലമായ നടുമുറ്റം, സാധാരണയില്‍ കവിഞ്ഞ് അധികം നീണ്ടുകിടക്കുന്ന വരാന്ത.അതു പ്രവേശിക്കുന്നത് സാമാന്യം വലിയൊരു തുറന്ന അന്തരാളത്തിലേക്ക് .അവിടെ നിരവധി തൂണുകളും വരാന്തയോട് ചേര്‍ന്ന് കൂറ്റന്‍ മരം കൊണ്ട് തീര്‍ത്ത ഇരിപ്പിടങ്ങളും. തൂണുകളില്‍ വിവിധ ജീവികളെ മനോഹരമായി മരത്തില്‍ കൊത്തിവെച്ചിരിക്കുന്നു. അകത്തേക്ക് കാണാവുന്ന വലിയ ജനല്‍ ഒറ്റ മരത്തില്‍ നൂറുകണക്കിന് ജോലിദിനങ്ങള്‍ കൊണ്ടു മാത്രം പൂര്‍ത്തിയാക്കാന്‍ പറ്റുന്ന കൊത്തു പണികളോടെ. കൂറ്റന്‍ വാതില്‍പ്പടിയും കയറിക്കടന്ന് അകത്തേക്ക് പ്രവേശിച്ചാല്‍ വിശാലമായ നടുമുറ്റവും ഒരു സമചതുരത്തിലെന്നതു പോലെയുള്ള വരാന്തകളും. വലതു വശത്തായി നൂറ്റാണ്ടുകളായി പാവനമായ സങ്കല്‍പത്തില്‍ പൂജാദികര്‍മങ്ങള്‍ ചെയ്തുവരുന്ന വിശാലമായ തെക്കിനിത്തറ. വിശാലമായ അകത്തളങ്ങള്‍, ഇടുങ്ങിയ ഇടനാഴികള്‍ .ഇരുനിലകളിലായി മുപ്പതോളം വലിയ മുറികള്‍.നൂറകണക്കിനാളുകള്‍ക്ക് ഭക്ഷണം വെച്ചു വിളമ്പിയിരുന്ന രണ്ടു വലിയ അടുക്കളകള്‍.അതിനോട് ചേര്‍ന്ന് രണ്ടാമത്തെ നടുമുറ്റം. ഇത് കല്യാട് താഴത്തുവീട് തറവാട് ഭവനം.ചരിത്രത്തിന്റെ ഗതി വിഗതികളിലും ഉയര്‍ച്ച താഴ്ചകളിലും നിശ്ശബ്ദ സാക്ഷിയായി രണ്ട് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ചരിത്രാന്വേഷകര്‍ക്കും പ്രാദേശിക ചരിത്ര കുതുകികള്‍ക്കും വിസ്മയവും അമ്പരപ്പും ഒപ്പം നിരവധി അറിവുകളും പകര്‍ന്നുകല്‍കി.

      ഒരു കാലത്ത് വേനലിലും വര്‍ഷകാലത്തും നിറഞ്ഞൊഴുകിയിരുന്നു വളപട്ടണം പുഴ. വര്‍ഷത്തില്‍ ആറുമാസവും സര്‍വ്വശക്തിയില്‍ കുതിച്ചൊഴുകുമ്പോള്‍ പുറംലോകത്തിന് പൊതുവെ അപ്രാപ്യമായിരുന്നു ആ പുഴയുടെ കിഴക്കന്‍ തീരങ്ങള്‍. ആ പ്രദേശങ്ങള്‍ക്ക് കുടകു നാടുമായി സാസ്ക്കാരിക- സാമ്പത്തിക- കാര്‍ഷിക കൊടുക്കല്‍ വാങ്ങലുകള്‍ ഏറെയുണ്ടായിരുന്നു. പില്‍ക്കാലത്ത് ചുരമിറങ്ങി മൈസൂര്‍ സുല്‍ത്താന്‍മാരും ബ്രിട്ടീഷുകാരും പുഴ കീറിമുറിച്ചത്രെ വടക്കേ മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചത് . വടക്കന്‍ കേരളത്തില്‍ നിരവധി ചരിത്രസംഭവങ്ങള്‍ അരങ്ങുതകര്‍ത്താടിയ പതിനഞ്ചാം നൂറ്റാണ്ടിനിപ്പുറവും ഭൂമിശാസ്ത്രപരമായ ആ പ്രത്യേകതകള്‍ സാമാന്യം വലിയ ആ ഭൂഭാഗത്തെ വേര്‍തിരിച്ചു നിര്‍ത്തി.
എല്ലായിടങ്ങളിലേയും പോലെ മധ്യകാല ഘട്ടത്തില്‍ കായിക ശക്തിയും ആള്‍ബലവും ഉള്ള ചുരുക്കം ചിലരുടെ നിയന്ത്രണത്തിലായിരിക്കണം കാര്യങ്ങള്‍. ബ്രിട്ടീഷുകാരുടെ ഭരണതന്ത്രങ്ങള്‍ അവരെ ഭൂപ്രഭുക്കന്‍മാരുമാക്കിയെന്ന് ചരിത്രം. കരക്കാട്ടിടം നായനാരും ചുഴലി നമ്പ്യാരും കീഴൂരിടം വാഴുന്നവരും കനകത്തിടം വാഴുന്നവരും കല്ല്യാട്ട് നമ്പ്യാരും ആയിരുന്നു ഈ പ്രദേശങ്ങളിലെ പ്രാമാണിമാര്‍.
വളപട്ടണം പുഴയോരത്തെ അന്നത്തെ വാണിജ്യ കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇരിക്കൂറില്‍ നിന്നും അഞ്ചോളം കിലോമീറ്ററുകള്‍ക്കപ്പുറം കല്യാട് എന്ന പ്രദേശത്തായിരുന്നു കല്യാട്ട് നമ്പ്യാരുടെ കേന്ദ്രം. വിശാലമായ പാറപ്പരപ്പുരകളും വയലേലകളും അതിര്‍ത്തിയിട്ട കല്യാട് പഴയകാലം തൊട്ടേ ജനവാസകേന്ദ്രമായിരുന്നു. ഇവിടെ നിന്നും പല അവസരങ്ങളിലായി മഹാശിലായുഗ കാലത്തെ അവശിഷ്ടങ്ങള്‍ ധാരാളം കണ്ടുകിട്ടിയിട്ടുണ്ട്. ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ കല്ലിന്റെ നാടായ കല്ല്യാടും പരിസരപ്രദേശങ്ങളായ ബ്ളാത്തൂര്‍, ഊരത്തൂര്‍ പ്രദേശങ്ങളിലുമാണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചെങ്കല്‍ ഖനനം നടക്കുന്നത്.
ഒരു കാലത്ത് എല്ലാ പ്രതാപങ്ങളോടെയും ഒരു പ്രദേശത്തിന്റെയാകെ ഭാഗധേയം നിര്‍ണയിച്ചിരുന്ന കല്യാട്ട് നമ്പ്യാരുടെ താമസസ്ഥലം , കല്യാട് താഴത്തുവീട് അവിടെ സ്ഥിതി ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ രണ്ടു നാലു കെട്ടുകളുള്ള ഇന്നുള്ള വീടിന് ഇരുന്നൂറില്‍പ്പരം വര്‍ഷം പഴക്കമുണ്ടെന്ന് വാതില്‍പ്പടിയല്‍ അക്കാലത്ത് കോറിയിട്ട ചില എഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.പഴയ വീടിന്റെ സ്ഥാനത്ത് നിര്‍മിച്ചതാവണം ആ വലിയ വീട് എന്നതിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ പഴക്കമുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രം തെളിവ് തരുന്നു. വളപട്ടണം പുഴയുടെ മുകള്‍ ഭാഗത്ത് കുടകു മലകളില്‍ നിന്നും ആരംഭിച്ച് കീഴ്ഭാഗത്ത് ശ്രീകണ്ഠപുരത്തോടുചേര്‍ന്ന് കോട്ടൂര്‍ പുഴയുടെ തീരത്ത് അവസാനിക്കുന്നതായിരുന്നു ഒരു കാലത്ത് ഈ തറവാടിന്റെ ഭൂസ്വത്തുക്കളുള്‍പ്പെടെയുള്ള അധികാരാവകാശങ്ങള്‍. വിവിധ ദേശങ്ങളിലായി പരന്നു കിടന്ന ഏക്കർകണക്കിനു നെല്‍വയലുകള്‍, വയത്തൂരും പടിയൂരും കാഞ്ഞിലേരിയും കോട്ടൂരും പുഴയ്ക്കപ്പുറം കൊടോളിപ്രവും ഒക്കെയായി നിരവധി പത്തായപ്പുരകള്‍, പ്രശസ്തങ്ങളായ മാമാനിക്കുന്നു മഹാദേവി ക്ഷേത്രത്തിന്റെയും വയത്തൂര്‍ ക്ഷേത്രത്തിന്റെയും അഞ്ചരക്കണ്ടി വയത്തൂര്‍കാലിയാര്‍ ക്ഷേത്രത്തിന്റെയും കല്യാട് ശിവ ക്ഷേത്രത്തിന്റെയും ഉള്‍പ്പടെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളുടെ പാരമ്പര്യ ഊരായ്മകള്‍ , ഇങ്ങനെ പോകുന്നു കല്ല്യാട്ട് താഴത്തു വീട് തറവാടിന്റെ നൂറ്റാണ്ടുകള്‍ നീണ്ടുകിടന്ന പ്രതാപത്തിന്റെ കഥകള്‍. ഫ്യൂഡലിസത്തിന്റെ ഘോരാന്ധകാരത്തിനു മുകളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം പതിച്ചപ്പോള്‍ കാലവും ചരിത്രവും വഴിമാറി. നല്ലൊരു ഭാഗം പൊളിച്ചുകളെഞ്ഞെങ്കിലും കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ഓര്‍മക്കുറിപ്പായി തറവാട് ഭവനം ഇന്നും വലിയപോറലുകളൊന്നുമില്ലാതെ നിലനില്‍ക്കുന്നു, ഒപ്പം ഒരു പ്രദേശത്തിന്റെയാകെ ചരിത്രാന്വേഷണത്തിലേക്കുള്ള അവസാന സ്രോതസ്സും.
    പ്രാദേശിക ചരിത്രങ്ങള്‍ പലപ്പോഴും വാമൊഴിയിലൂടെയും പഴങ്കഥകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയും ആണ് സംരക്ഷിക്കപ്പെട്ടുപോരുന്നത് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യാത്രസൗകര്യങ്ങള്‍ തികച്ചും പരിമിതമായ പഴയ നൂറ്റാണ്ടുകളില്‍ മലയാളികളും കുടകു വാസികളും ഇന്നുള്ളതിേക്കാള്‍ പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. കോലത്തുനാടിന്റെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കുടകു സാന്നിദ്ധ്യം ഏറെയുണ്ടായിരുന്നു. അനേകം തെയ്യങ്ങളുടെ പുരാവൃത്തങ്ങളും ഏറെ പഴക്കം അവകാശപ്പെടാവുന്ന വയത്തൂര്‍ , പയ്യാവൂര്‍ ക്ഷേത്രങ്ങളിലെ കുടകുസാന്നിധ്യവും ഒക്കെ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. കല്ല്യാട് തറവാടിന്റെ പാരമ്പര്യ ഊരായ്മയുള്ള വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ആയിരകണക്കിന് കുടകുവാസികളാണ് ഉല്‍സവസമയത്തും മറ്റുമായിഎത്തിച്ചേരുന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം കല്യാട്ടു തറവാട്ടിലെ ഒരു മൂത്തകാരണവര്‍ ആദിവാസിയായ തന്റെ സഹചാരി ബോല്‍ത്തുവിനെയും കൂട്ടി കുടകിലെത്തിയെന്നും അവിടെ താമസമാക്കിയെന്നും പറയപ്പെടുന്നു. കുടകു ഭാഷയില്‍ 'കല്യാട്ടാന്‍ട്ര പൊന്നപ്പ' എന്നും 'കല്യാട്ടച്ഛപ്പാ' എന്നും അറിയപ്പെടുന്ന അദ്ദേഹത്തെ ആരാധിക്കാനായി കുടകുജില്ലയിലെ കുഞ്ഞില ഗ്രാമത്തില്‍ ഒരു 'വീരന്‍കോട്ട' സ്ഥിതി ചെയ്യുന്നു. അതോടൊപ്പം കല്യാട്ടച്ഛപ്പയുടെ സഹചാരിയായ ബോല്‍ത്തുവിന്റെ പേരില്‍ എല്ലാ വര്‍ഷവും തിറ കെട്ടിയാടുന്ന പ്രദേശവും അതിന്നരികിലായി ഉണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ മറ്റോ നടന്നുവെന്നു പറയപ്പെടുന്ന ആ സംഭവം തറവാട്ടിന്റെ ചരിത്രപാരമ്പര്യത്തെയും പ്രാധാന്യത്തെയും കാണിച്ചുതരുന്നതോടൊപ്പം പ്രാചീനകാലത്തെ സംസ്ക്കാരങ്ങളുടെ ആദാനപ്രദാനങ്ങളുടെ ഉത്തമ നിദര്‍ശനവും ആയിത്തീരുന്നു.
    ഹൈദരാലിയുടെ വിശ്വസ്തനും സേനാനായകനും ആയിരുന്ന വെള്ളുവക്കാമ്മാരന്‍ ധീരനായ പോരാളിയായിരുന്നു. കോലത്തുനാട്ടിലുടനീളം വയലേലകളില്‍ നാട്ടിപ്പാട്ടുകളില്‍ വെള്ളുവകമ്മാരന്റെ ധീരസാഹസികത അടുത്തകാലം വരെ പാടി വര്‍ണിക്കപ്പെട്ടിരുന്നതായി പഴമക്കാര്‍ പറയും. വെള്ളുവക്കമ്മാരന്റെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട് കല്യാട് താഴത്തുവീടായിരുന്നുവത്രെ. മൈസൂരിലേക്ക് യാത്രപുറപ്പെടുന്നതിന്നിടയില്‍ തന്റെ പ്രതിശ്രുത വധുവായിരുന്ന മാധവിയെ കല്ല്യാട് ചെന്ന് കൊണ്ടാക്കിയെന്നും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വന്ന് മാധവിയേയും കൂട്ടി കുടുംബാംഗങ്ങളുടെ ആശീര്‍വ്വാദത്തോടുകൂടിത്തന്നെ ഇരിക്കൂറിലെ ഒരു പള്ളിയില്‍വെച്ച് വിവാഹം കഴിച്ച് തിരിച്ചു പോയി എന്നും അന്നത്തെ വാമൊഴിക്കഥകളും ലഭ്യമായ ചരിത്രവസ്തുതകളും ചേര്‍ത്തെഴുതിയ മലയാളത്തിലെ ആദ്യകാല ചരിത്രാഖ്യയികകളില്‍ ഒന്നായ സി. കുഞ്ഞിരാമമേനവന്റെ 'വെള്ളുവക്കമ്മാരന്‍ ' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
   ബ്രിട്ടീഷ് രേഖകളിലെ തറവാടിനെക്കുറിച്ചുള്ള ആദ്യപരാമര്‍ശം വില്യം ലോഗന്റെ മലബാര്‍മാനുവലിലാണുള്ളത്. വ്യാപാരതാല്‍പര്യങ്ങളുമായി മുസ്ലീം കച്ചവടക്കാരോട് ഏറ്റുമുട്ടിയ ബ്രീട്ടീഷുകാര്‍ 1731 ജൂണ്‍ 9 ന് കല്യാട്ടു നമ്പ്യാരുടെ മധ്യസ്ഥതയില്‍ കച്ചവടക്കാരില്‍ നിന്നും ഒരു ലക്ഷം പണം നഷ്ടപരിഹാരമായി വാങ്ങി എന്നതാണ് ആ പരാമര്‍ശം. കുരുമുളകുള്‍പ്പെടെയുള്ള ഗുണമേന്‍മയേറിയ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രധാനകേന്ദ്രങ്ങളുടെ അധീശത്വം ഉണ്ടായിരുന്നതിനാൽ വാണിജ്യകാര്യങ്ങളില്‍ കല്യാട്ട് നമ്പ്യാര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു എന്ന് വ്യക്തം. മുസ്ലീം വ്യാപാരികളുമായി അന്നുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന് കൂടുതല്‍ ഉദാഹരണങ്ങളുണ്ട്. അടുത്തകാലത്ത് പൊളിച്ചു നീക്കിയ പടിയൂര്‍ ദേശത്ത് സ്ഥിതിചെയ്തിരുന്ന കല്യാട്ട് താഴത്തുവീട് വക ബംഗ്ളാവിന്റെ രണ്ടു സ്വാഗത കമാനങ്ങളുംതിമിംഗിലങ്ങളുടെ താടിയെല്ലുകൊണ്ടു നിര്‍മ്മിച്ചതായിരുന്നു. അവ ലക്ഷദ്വീപിലെ വ്യാപാരികള്‍ എത്രയോ കാലം മുന്നേ സമ്മാനിച്ചവയായിരുന്നുവെന്ന് തറവാടു രേഖകളില്‍ കാണാം.
   പഴശ്ശിരാജാവിന്റെ ധീരമായ നേതൃത്വത്തില്‍ ആയിരത്തിഎണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളില്‍ മലബാര്‍ പ്രദേശമാകെ ബ്രീട്ടീഷുകാര്‍ക്കെതിരെ അണി നിരന്നപ്പോള്‍ കല്ല്യാട്ടു നമ്പ്യാരെടുത്ത തീരുമാനവും മറ്റൊന്നായിരുന്നില്ലെന്നു വില്യം ലോഗന്‍ തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്നു. 1803 ല്‍ ആ മലമടക്കുകളില്‍ നടന്ന സമരങ്ങളെ "കല്യാട്ടു സമരങ്ങള്‍ " എന്ന പേരിലാണു ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്. ആ സമരങ്ങള്‍ക്ക് പിന്നില്‍ നിന്നും സഹായം കൊടുക്കുകയോ പിന്തുണ നല്‍കുകയോ ആയിരുന്നില്ല അവര്‍ചെയ്തത്. ആ സമയത്തെ കാരണവരായിരുന്ന കുഞ്ഞമ്മന്‍ നമ്പ്യാരും അദ്ദേഹത്തിന്റെ അനന്തിരവനും ചേണിച്ചേരി രയരപ്പന്‍ എന്നയാളും ആയിരുന്നു ആ സമരങ്ങള്‍ക്ക് കരുത്തറ്റ നേതൃത്വം നല്‍കിയത് എന്ന് ചരിത്രകാരനായ ഡോ.കെ.കെ.എന്‍ കുറുപ്പ് അദ്ദേഹത്തിന്റെ പഴശ്ശി സമരങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ മലബാര്‍ സബ്കലക്റ്ററായിരുന്ന തോമസ് ഹാര്‍വി ബാബര്‍ കല്യാട് കേമ്പ് ചെയ്താണ് കലാപം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. 1804 ഫെബ്രുവരിയില്‍ ലഫ്റ്റനന്റ് ഗ്രേയുടെ നേതൃത്ത്വത്തില്‍ വലിയസൈന്യം ബാബരെ സഹായിക്കാന്‍ കല്യാട്ടെത്തി. രൂക്ഷമായപോരാട്ടങ്ങള്‍ക്കാണ് ആ മലനിരകള്‍ അന്ന് സാക്ഷ്യം വഹിച്ചതത്രെ. വെള്ളക്കാരുടെ ആയുധശക്തിക്കുമുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ കുഞ്ഞമ്മന്‍ നമ്പ്യാര്‍ക്കും രയരപ്പനും ഇരിക്കൂര്‍ പുഴ കടന്ന് കോട്ടയത്തേക്ക് രക്ഷപ്പെടേണ്ടിവന്നു. കുഞ്ഞമ്മന്‍ നമ്പ്യാരുടെ മരുമകന്റെ നേതൃത്ത്വത്തില്‍ സമരം തുടര്‍ന്ന പോരാളികള്‍ക്ക് കാടുവഴി കുടകില്‍ നിന്നും ലഭിച്ചിരുന്ന ഭക്ഷണവും മറ്റ് സഹായങ്ങളും ബ്രിട്ടീഷുകാര്‍ ഇല്ലാതാക്കിയതോടെ കീഴടങ്ങുകയല്ലാതെ മറ്റ് നിവൃത്തിയാല്ലാതായി. പില്‍ക്കാലത്ത് കല്ല്യാട് ഉള്‍പ്പെടുന്ന ഇരിക്കൂര്‍ ഫര്‍ക്കയില്‍ ജന്മിത്തത്തിനും ഒപ്പം ബ്രിട്ടീഷ് വാഴ്‍ചക്കുമെതിരെ ഏറെ സമരങ്ങള്‍ നടന്നിരുന്നു. പക്ഷെ അതിനും ഒരു നൂറ്റാണ്ടു മുന്നേ അതേ പ്രദേശങ്ങളില്‍ വെള്ളക്കാര്‍ക്കെതിരെ നടന്ന ആവേശകരവും ധീരോദാത്തവുമായ ആ പോരാട്ടങ്ങള്‍ ആരും പാടി പുകഴ്ത്താറില്ല; ചരിത്രവസ്തുതകളായി അത് കാര്യമായി പഠിക്കപ്പെടുകയോ രേഖപ്പെടുത്തപ്പെടുകയോ പോലും ചെയ്തിട്ടില്ല. അല്ലെങ്കില്‍ പഴശ്ശിസമരങ്ങള്‍ക്ക് ആകെ സംഭവിച്ചതു പോലെ അവയൊക്കെ ബോധപൂര്‍വ്വം അവഗണിക്കപ്പെട്ടു എന്നു വേണം കരുതാന്‍.
     പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാറിലാകെ നടന്ന മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ടും ഏറെ കഥകളുറങ്ങുന്ന മണ്ണാണ് ആ തറവാടു മുറ്റത്തുള്ളത്. പ്രശസ്ത ചരിത്രകാരനായ കെ.എന്‍ പണിക്കരും വില്യം ലോഗനും അവ രേഖപ്പെടുത്തിയിട്ടുമുണ്ട്. 1852 ല്‍ മലബാറില്‍ , പ്രത്യേകിച്ചും വടക്കെ മലബാറില്‍ ഏറെ കലാപങ്ങള്‍ നടന്നിരുന്നു. മിക്കതും രക്തരൂഷിതങ്ങളും ആയിരുന്നു. പലതിലും കാര്‍ഷികവും വര്‍ഗീയവുമായകാരണങ്ങളും ഉണ്ടായിരുന്നു. 1852 ജനുവരി നാലിന് ഏറനാട്ടില്‍ നിന്നുമെത്തിയ കലാപകാരികള്‍ സമീപപ്രദേശമായ മട്ടനൂരിലെ കളത്തില്‍ തങ്ങളുടെ വീട് ആക്രമിച്ച് അന്തേവാസികളെയെല്ലാം കൊള്ളയടിച്ച് കൊലപ്പെടുത്തിയ ഒരു സംഭവം നടന്നു. അനേകകാലമായി കല്യാട് നമ്പ്യാരും സമീപപ്രദേശമായ ഇരിക്കൂറിലെ മുസ്ളീം വ്യാപാരികളും തമ്മില്‍ വളരെ സൗഹാര്‍ദ്ദത്തോടെയും സഹകരണത്തോടെയും കഴിഞ്ഞുവരികയായിരുന്നു. അതിനിടയില്‍ തങ്ങളുടെ വ്യക്തിപരമായ വിരോധം തീര്‍ക്കാനായി ചിലര്‍ മട്ടനൂരിലെത്തിയ ആ കലാപകാരികളെ കല്യാട്ടേക്ക് നയിച്ചു. അങ്ങിനെ കല്യാട് താഴത്തു വീട്ടിലെത്തിയ ആക്രമണകാരികളും നേരത്തെ എങ്ങിനെയോ വിവരം കിട്ടിയ തറവാട്ടുകാരണവരും അനുയായികളും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നു. ആ പോരാട്ടത്തില്‍ കലാപകാരികളെല്ലാം ഒന്നൊഴിയാതെ മരിച്ചു വീഴുകയുണ്ടായി. 1852 ജനുവരി 8 ന് രാവിലെയാണ് ഈ സംഭവം നടന്നതെന്ന് ബ്രിട്ടീഷ് രേഖകള്‍ വ്യക്തമാക്കുന്നു. കലാപകാരികളുടെ നീക്കങ്ങളെ കുറിച്ച് വിവരം കിട്ടിയ ബ്രിട്ടീഷ് അധികാരികള്‍ ആക്രമികളെ അടിച്ചമര്‍ത്താന്‍ മേജര്‍ ഹോഡ്ജസണിന്റെ നേതൃത്ത്വത്തില്‍ 94 ാം റെജിമെന്റിലെ നൂറു യൂറോപ്യന്‍ പട്ടാളക്കാരെ കല്യാട്ടേക്കയച്ചെങ്കിലും അവരെത്തുന്നതിനു മുമ്പു തന്നെ കലാപകാരികളെല്ലാം കൊല്ലപ്പെടുകയും ആക്രമണങ്ങള്‍ അവാസാനിച്ചതായും ലോഗന്‍ എഴുതുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെ ഭീകരവും ആശങ്കാജനകവുമായ അന്തരീക്ഷം ഇരുവിഭാഗക്കാരുടെയും സൗമനസ്യവും സൗഹാര്‍ദ്ദവും കൊണ്ട് വേഗം അവസാനിച്ചതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

    ആയിരത്തിതൊള്ളായിരത്തി ഇരുപതുകള്‍ ദേശീയപ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ പ്രകാശം നാടെങ്ങും പരത്താന്‍ തുടങ്ങിയ സമയമായിരുന്നു. ആര്‍ജിച്ചെടുത്ത ഉയര്‍ന്ന വിദ്യാഭ്യാസവും സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളും ജന്‍മികുടുംബങ്ങളിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കി.കട്ടപിടിച്ച അനാചാരങ്ങള്‍ക്കും യാഥാസ്ഥിതിക മനോഭാവങ്ങള്‍ക്കുമെതിരെ ധീരമായി മുന്നോട്ടുവന്ന വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘത്തിന്റെ രക്ഷാധികാരിയായിരുന്നു കല്യാട്ട് താഴത്തുവീട്ടില്‍ ചാത്തുക്കുട്ടി നമ്പ്യാര്‍. തറവാട് കാരണവരായിരിക്കെ തന്നെ ആത്മവിദ്യാസംഘത്തിന്റെ കേരളമാകെയുള്ള വേദികളിലെ മുഖ്യപ്രാസംഗികനായിത്തിര്‍ന്നു അദ്ദേഹം. അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയും മനുഷ്യസമത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വാഗ്ഭടാനന്ദന് താഴത്തുവീട്ടില്‍ നല്‍കിയ സ്വീകരണം അക്കാലത്ത് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ആദിവാസി വിഭാഗങ്ങളെക്കൂടി വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു. ആ സംഭവം അന്നത്തെ സമൂഹത്തിലുണ്ടാക്കിയത് യാഥാസ്ഥിതികത്ത്വത്തിനെതിരെയുള്ള വിപ്ളവമായിരുന്നു. ചാത്തുക്കുട്ടി നമ്പ്യാരോടുള്ള അടുപ്പവും ആദരവും കാരണം ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം 'യജമാനന്‍' എന്ന പേരിലായിരുന്നു കുറച്ചുകാലം പുറത്തിറങ്ങിയത് എന്ന് വാഗ്ഭടാനന്ദ ഗുരുദേവന്റെ ജീവചരിത്രത്തില്‍ എം.ടി കുമാരന്‍ എഴുതുന്നു. കല്ല്യാട് തറവാട് ഭവനം സന്ദര്‍ശിച്ച സര്‍ദാര്‍ കെ.എം പണിക്കര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ സമ്പത്തും പ്രതാപവുമല്ല, മറിച്ച് ആചാരങ്ങളിലെയും ചിന്തകളിലെയും യാഥാസ്ഥിതികത്വവും ഇടുങ്ങിയ ചിന്താഗതിയും ഇല്ലായ്മയാണ് അവരുടെ നേതൃഗുണത്തിന് കാരണം എന്ന് എഴുതിയിട്ടുള്ളതും കൂടി ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. പിന്നീടുവന്ന ഒട്ടനവധി കാരണവന്‍മാര്‍ ദേശീയ പ്രസ്ഥാനവുമായും അവരുടെ നേതൃത്വവുമായും ഉറ്റ ബന്ധം പുലര്‍ത്തിയവരായിരുന്നു. മുതിര്‍ന്ന തറവാട്ടംഗമായിരുന്ന കെ.ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍ തികഞ്ഞ ഗാന്ധിഭക്തനായിരുന്നു. ആയിരത്തിതൊള്ളായിരത്തി ഇരുപതുകളില്‍ അദ്ദേഹം ഡല്‍ഹിയിലെത്തി മഹാത്മാഗാന്ധിയെ കാണുകയും അദ്ദേഹത്തില്‍ നിന്നും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തതായി സര്‍ദാര്‍ കെ.എം. പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ജയിലില്‍ നിന്നും ഇറങ്ങിവന്ന കൂടാളി താഴത്തു വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് തന്റെ മൂത്ത മകളെ വിവാഹം കഴിപ്പിച്ചു നല്‍കുന്നേടത്തോളമെത്തി അദ്ദേഹത്തിന്റെ ഗാന്ധിപ്രേമം. പിന്നീട് കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനും തികഞ്ഞ സോഷ്യലിസ്റ്റ് ആശയഗതി്ക്കാരനുമായിത്തീര്‍ന്നു കൂടാളിത്താഴത്തുവീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍. മറ്റ് നിരവധി തറവാട്ടംഗങ്ങളും സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുടെ ഭാഗമാവുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിതൊള്ളായിരത്തി നാല്‍പതുകളില്‍ അന്തരീക്ഷം ആകെ കലുഷിതമായിത്തുടങ്ങി.ജന്മിത്തവും കൂട്ടുകുടുംബവ്യവസ്ഥയും അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്കു നീങ്ങിത്തുടങ്ങി. കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനങ്ങള്‍ അവരുടെ സമരം ജന്മിത്തത്തിനും ജന്മിമാര്‍ക്കും എതിരെ തിരിച്ചപ്പോള്‍ ആ സമരങ്ങളുടെ ചൂടും പുകയും മറ്റ് നാടുവാഴികള്‍ക്കെതിരെ എന്നതുപോലെ കല്ല്യാട്ട് തറവാടിനും അതിലെ കാരണവന്‍മാര്‍ക്കും എതിരെ തിരിഞ്ഞു. ഒട്ടനവധി കര്‍ഷകസമരങ്ങളും പൊതുയോഗങ്ങളും ജന്മിത്തത്തിനെതിരെയും തറവാട്ടിനെതിരെയും പ്രാദേശികമായി വിവിധ പ്രദേശങ്ങളില്‍ നടന്നു.എങ്കിലും സമീപപ്രദേശങ്ങളിലെ മറ്റ് ജന്മിമാരില്‍ നിന്നും വ്യത്യസ്തമായി നേരിട്ട് കര്‍ഷകരുമായി ഏറ്റുമുട്ടേണ്ടിവന്ന അവസരങ്ങളോ ആക്രമസമരങ്ങളോ ഒട്ടും ഉണ്ടായിട്ടില്ലെന്നു തറവാട്ടിലെ ഇപ്പോഴത്തെ പിന്‍മുറക്കാര്‍ പറയുന്നു. അന്നത്തെ കര്‍ഷകസമര നേതാക്കളായ എ.കെ.ഗോപാലനും വിഷ്ണുഭാരതീയനും ഉള്‍പ്പെടെയുള്ളവര്‍ തറവാട്ടിലെത്തി കുശലപ്രശ്നങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ജന്മിക്കെതിരെയുള്ള പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ പോയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.

    സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന വ്യവസ്ഥിതിയില്‍ സമൂലമാറ്റങ്ങള്‍ ഉണ്ടായി. വാരവും പാട്ടവും അധികാരവും ജനാധിപത്യത്തിനും ജനാഭിലാഷങ്ങള്‍ക്കും വഴിമാറി. കൂട്ടുകുടുംബവ്യവസ്ഥിതിയും ഇല്ലാതായി. അവയോടൊക്കെ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ ഉചിതമായി പ്രതികരിച്ച് തറവാട്ടു സ്വത്തുക്കളില്‍ അവശേഷിക്കുന്നവ തറവാട്ടിലെ നൂറുകണക്കിന് അംഗങ്ങള്‍ക്കിടയില്‍ കോടതിയുടെയും മറ്റും സഹായത്തോടെ വിഭജിച്ചു നല്‍കി. വിവിധ പ്രദേശങ്ങളിായുണ്ടായിരുന്ന വലിയ കെട്ടിടങ്ങളും വീടുകളും ഒക്കെ വീതം വെക്കപ്പെടുകയും തുടര്‍ന്ന പൊളിച്ചു മാറ്റപ്പെടുകയും ചെയ്തു. കല്ല്യാട്ട് സ്ഥിതിചെയ്യുന്ന സ്മരണകള്‍ ഇരമ്പുന്ന തറവാട് ഭവനം അവകാശമായി ലഭിച്ച താവഴിക്കാര്‍ അത് പൊതു സ്വത്തായി നിര്‍ത്താന്‍ തീരുമാനിച്ചതിനാല്‍ അതു മാത്രം ചരിത്രത്തിന്റെ അവശേഷിപ്പായി നിലനില്‍ക്കുന്നു. ഒപ്പം പാരമ്പര്യ ക്ഷേത്രങ്ങളുടെ പരമ്പാരഗത ഊരായ്മാ അധികാരങ്ങളും. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനും പൂര്‍വ്വികസ്മരണ നിലനിര്‍ത്താനും ഉള്ള ഇടമാണ് ഇന്ന് ഈ ഭവനം.

റഫറന്‍സ്
മലബാര്‍ മാനുവല്‍ -വില്യം ലോഗന്‍
വെള്ളുവക്കമ്മാരന്‍- സി കുഞ്ഞിരാമമോനോന്‍
പഴശ്ശി സമരരേഖകള്‍‍- ‍ഡോ. കെ.കെ.എന്‍ കുറുപ്പ്
ശ്രീ വാഗ്ഭടാന്ദഗുരുദേവന്‍- എം.പി കുമാരന്‍
ആത്മകഥ- സര്‍ദാര്‍ കെ. എം പണിക്കര്‍
Against Lord and State , Religion and Peasant Uprising in Malabar- Dr K N Panikkar