2020, ഏപ്രിൽ 30, വ്യാഴാഴ്‌ച

കറിവേപ്പില വെറും കറിവേപ്പിലയല്ല



      ചിത്രശലഭങ്ങളെ ആക‍ർഷിക്കുന്ന സസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില. നാരകക്കാളിയും കൃഷ്ണശലഭവും നാരകശലഭവും തങ്ങളുടെ മുട്ടകൾ കറിവേപ്പിലയുടെ തളിരിലകളിൽ നിക്ഷേപിക്കാറുണ്ട്. അതോടൊപ്പം കറിവേപ്പില പൂക്കുന്ന സമയത്ത് ചിത്രശലഭങ്ങളുടെ യൂണിറ്റ് സമ്മേളനത്തിനും കറിവേപ്പിലച്ചെടികൾ സാക്ഷ്യം വഹിക്കാറുണ്ടെന്നു തോന്നുന്നു. മെയ് മാസത്തിലെ വേനൽമഴയോട് കൂടിയാണ് കറിവേപ്പില പൂത്തുതുടങ്ങുന്നത്. രണ്ടാഴ്ചയിലധികം നിൽക്കുന്ന പൂക്കാലത്തിനിടയിൽ വീട്ടിനു തൊട്ടുപിന്നിലുള്ള ഒരു കറിവേപ്പിലച്ചെടിയിൽ മുപ്പതിൽപ്പരം ഇനം പൂമ്പാറ്റകളെയാണ് നിരീക്ഷിക്കാൻ കഴിഞ്ഞത്.ദിവസത്തിന്റെ മുഴുവൻ സമയവും കറിവേപ്പില നിരീക്ഷണത്തിനായി മാറ്റിവെക്കാൻ സാധിച്ചിരുന്നുവെങ്കിൽ എണ്ണം നാൽപ്പതിലെത്തുമെന്ന് തീർച്ച. കറിവേപ്പില തേൻ സദ്യ ഉണ്ണാൻ വന്നവരിൽ ഏറ്റവും വലിയ പൂമ്പാറ്റകളിൽപ്പെട്ട ഗരുഢശലഭവും കൃഷ്ണശലഭവും തൊട്ട് പുൽച്ചിന്നനും പട്ടാണിനീലിയും വരെയുണ്ട്. മറ്റെല്ലാ വിഭാഗങ്ങളിലും പെട്ട ശലഭങ്ങൾ  ഈ വിശേഷാവസരത്തിൽ എത്തിച്ചേർന്നപ്പോൾ തുള്ളൻ (ഹെസ്പിരി‍ഡേ) വിഭാഗത്തിലുള്ള ശലഭങ്ങൾ തീരെ കുറവായിരുന്നു.രാവിലെ മാത്രം പ്രത്യക്ഷപ്പെടുന്നവയും ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലും ഊഴമിട്ട് തേനുണ്ണാനെത്തുന്നവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.  കുറച്ചുകൂടി സൂക്ഷ്മമായി നിരീക്ഷിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ ശലഭങ്ങളുടെ ഈ പട്ടിക ഇനിയും നീളുമെന്ന് തീർച്ച.

 ശലഭങ്ങൾ സസ്യങ്ങളെ ആശ്രയിക്കുന്നത് ശലഭപ്പുഴുക്കളുടെ ആഹാരത്തിനായി മാത്രമല്ല. പൂന്തേനുണ്ണും പൂമ്പാറ്റയെക്കുറിച്ച് കവികൾ ധാരാളം പാടിയിട്ടുണ്ടല്ലോ.വർണ്ണപ്പട്ടുടുത്ത ശലഭങ്ങളുടെ വൈവിധ്യമാർന്ന പൂക്കളിലേക്കുള്ള യാത്ര അതിമനോഹരമത്രെ. യഥേഷ്ടം തേൻ ലഭ്യമായ പൂക്കൾ തേടിയാണ് സാധാരണയായി മിക്കവരും എത്തിച്ചേരുക. ശലഭോദ്യാനങ്ങളിൽ പൂമ്പാറ്റകളെ ആകർഷിക്കാൻ ഇത്തരം ചെടികളാണ് വച്ചുപിടിപ്പിക്കാറുള്ളത്. ചെത്തിയും രാജമല്ലിയും മല്ലികയും  ഒക്കെ അക്കൂട്ടത്തിലെ ഉദ്യാനസസ്യങ്ങളാണ്. പെരുവലവും ഹനുമാൻ കിരീടവും തൊട്ട് വന്യമായ് വളരുന്ന മരങ്ങളിലെയും കുറ്റിച്ചെടികളിലേയും പൂക്കൾ വരെ ഇവയ്ക്ക് വിശിഷ്ടഭോജ്യങ്ങൾ പ്രദാനം ചെയ്യുന്നവയത്രെ. അഴകിയ പഴവർഗ്ഗങ്ങളും ചീഞ്ഞളിഞ്ഞ ജൈവാവശിഷ്ടങ്ങളും മാത്രം ആഹാരമാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇനി മറ്റൊരുകൂട്ട‍ർ ചെടികളിലെ നീരൂറ്റിക്കുടിച്ച് തങ്ങളുടെ പ്രത്യൽപാദനസംബന്ധിയായ ഒരുക്കങ്ങൾ നിറവേറ്റുന്നുമുണ്ട്. പൂമ്പാറ്റകൾ ഇക്കാര്യങ്ങളിലൊക്കെ പുലർത്തുന്ന ശ്രദ്ധയും  ഇതുമായി ബന്ധപ്പെട്ട അവയുടെ പെരുമാറ്റത്തിലെ പ്രത്യേകതകളും പ്രകൃതിയെന്ന വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിലെ ഏറ്റവും രസകരമായ താളുകളിലാവണം ഉണ്ടാവുക.
    ചിത്രശലഭങ്ങളും സസ്യങ്ങളും തമ്മിലുള്ള ബാന്ധവം  പ്രകൃതിയുടെ ഇഴയടുപ്പമുള്ളതും  വിസ്മയകരമായതും ആയ ബന്ധങ്ങളിൽ ഒന്നാണ്. മിക്ക പൂമ്പാറ്റകകളുടെയും തീറ്റക്കൊതിയൻമാരായ പുഴുക്കളുടെ അതിജീവനത്തിന് പ്രത്യേകം സസ്യങ്ങൾ കൂടിയേ തീരൂ. ഒരു പ്രദേശത്തെ പൂമ്പാറ്റകളുടെ വൈവിധ്യം ആ പ്രദേശത്തെ സസ്യങ്ങളുടെ വൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. സമതല പ്രദേശങ്ങളിലും ഉയരം കൂടിയപ്രദേശങ്ങളിലും കാണപ്പെടുന്ന വ്യത്യസ്തങ്ങളായ  പൂമ്പാറ്റകളുടെ സാന്നിദ്ധ്യത്തിനും അസാന്നിദ്ധ്യത്തിനും പ്രധാന കാരണം അതു തന്നെയാണ്. ഈശ്വരമുല്ല (Aristolachia indica)) ഉള്ളിടത്ത് ധാരാളം ഗരുഢശലഭങ്ങളും (Southern Birdwing) ചക്കരപൂമ്പാറ്റകളും (Crimson Rose)തത്തിക്കളിക്കുന്നതിനും കറിവേപ്പിലയും നാരകവർഗചെടികളും ഉള്ളിടത്ത്  നാരകക്കാളിയും നാരകശലഭവും കൃഷ്ണശലഭവും ഉയർന്ന് താഴ്ന്ന് വിഹരിക്കുന്നതും സ്ഥിരം കാഴ്ചയാണ്. സസ്യങ്ങളും പ്രാണിവർഗ്ഗങ്ങളും ഒരുമിച്ചുള്ള സഹപരിണാമത്തിനും(co-evolution) സമാന്തരപരിണാമത്തിനും(parallel evolution)  മികച്ച  ഉദാഹരണമായി ഈ ബന്ധം വിവരിക്കപ്പെടാറുണ്ട്. വളരെ കൗതുകകരമായ ഒട്ടനവധി സവിശേഷതകൾ ഇതുമായി ബന്ധപ്പെട്ട് അറിയാനുണ്ട്. ശലഭങ്ങളിലെ അനുകരണവും അനുകരിക്കുന്നവരെ അനുകരിക്കുന്നതും ഒക്കെ പരിണാമത്തെക്കുറിച്ച് പഠിക്കുന്നവർക്ക് എത്രമാത്രം വിസ്മയം നിറഞ്ഞതാണോ അതിലേറെ അൽഭുതകരമായിത്തോന്നും സാധാരണക്കാർക്കും.

ഇവിടെ കറിവേപ്പിലച്ചെടിയിൽ വിരുന്നുണ്ണാനെത്തിയ ചില ശലഭങ്ങളുടെ ചിത്രമാണ് താഴെ....