2020, മേയ് 5, ചൊവ്വാഴ്ച

വില്യം ലോഗന്റെ മലബാർ


"ചരിത്രമില്ലാത്തവ‍ർ എന്നും സന്തോഷവാൻമാരാണ്" എന്നത് ചിലപ്പോഴൊക്കെ കേട്ടുവരുന്ന ഒരു പഴമൊഴിയാണ്. ചരിത്രത്തിന്റെ ബാക്കിയിരിപ്പുകളും നീക്കിയിരുപ്പുകളും സൃഷ്ടിക്കുന്ന കലുഷിതമായ വർത്തമാനത്തിനിടയിൽ ചിലപ്പോഴൊക്കെ അതു ശരിയാണെന്നും തോന്നാറുണ്ട്.എങ്കിലും പരാജയങ്ങളുടെ ചരിത്രം ആവർത്തിക്കാതിരിക്കാനും ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും ചരിത്രബോധമുള്ളവരായിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമത്രെ. ശകലിതവും പൂർവ്വാപരവൈരുദ്ധ്യങ്ങൾ നിറഞ്ഞതും പ്രകാശപൂരിതമേഖലകളേക്കാൾ തമോമയ ദിശാസന്ധികൾ നിറഞ്ഞതും ആണ് പൊതുവെ കേരള ചരിത്രം എന്നു മാത്രമാണ് പണ്ഡിതൻമാർ പൂർണമായും യോജിക്കുന്ന ഏക കാര്യം. രേഖകൾ സൂക്ഷിക്കുന്നതിലെ താൽപര്യക്കുറവോ ശ്രദ്ധയില്ലായ്മയോ 'ജഗദ്മിഥ്യ' യെന്ന ദർശനമോ ഇക്കാരണങ്ങൾ എല്ലാം കൂടിയോ നമ്മുടെ ചരിത്രബോധത്തെ ഏറെ പിന്നിലാക്കിയിരുന്നു എന്നുള്ളതാണ് വസ്തുത. ഇന്നു ലഭ്യമായതിൽ നല്ലൊരളവ് ചരിത്രം വാമൊഴികളിലെയും ഐതിഹ്യങ്ങളിലെയും നെല്ലും പതിരും വേർതിരിച്ചെടുക്കുകയെന്ന ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി ലഭിച്ചതാണ്. ചരിത്രകാരൻമാർ പ്രധാനമായും ആശ്രയിക്കുന്ന, പുരാതനകാലത്ത് നമ്മുടെ നാട്ടിലെത്തിച്ചേർന്ന സഞ്ചാരികളുടെ യാത്രാവിവരണങ്ങളാവട്ടെ മിക്കതും കുരുടൻ ആനയെക്കണ്ട രീതിയിലുള്ളവയാണ്ഭൂതകാലത്തിലേക്ക് വസ്തുനിഷ്ഠമായി പൂർണവെളിച്ചം പകരാൻ പര്യാപ്തമല്ല അവയും എന്നതാണ് പൊതുനിരീക്ഷണം. അതോടൊപ്പം ലഭ്യമായ സ്രോതസ്സുകളുപയോഗിച്ചുള്ള ചരിത്രരചനയിൽ സജീവമായ 'കൊളോണിയൽ-മതവ്യാപന-പ്രത്യയശാസ്ത്ര' താൽപര്യങ്ങൾ അവയുടെ തുടക്കം മുതൽ ഇക്കാലം വരെ ചരിത്രത്തെ ചട്ടുകങ്ങളാക്കിയതിന്റെ പരിണിതഫലങ്ങളും ഇന്നും നിലനിൽക്കുന്നു.

      പാശ്ചാത്യ കൊളോണിയൽ അധിനിവേശ സമയത്ത് അവർ എഴുതിവെച്ച രേഖകൾ ചരിത്രപരമായി ഏറെ പ്രധാനപ്പെട്ടതാവുന്നത് ഈ പശ്ചാത്തലത്തിലാണ്. പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും തുടർന്ന് ഏറെക്കാലം ബ്രിട്ടീഷുകാരും അവരുടെ ഭരണപരമായ ആവശ്യങ്ങൾക്കും അല്ലാതെയും തയ്യാറാക്കിയ രേഖകളും പുസ്തകങ്ങളും ഒട്ടനവധിയാണ്. തികച്ചും പുതുമ നിറഞ്ഞ വിദൂരദേശത്ത് അവർ പരിചയപ്പെട്ട ജനങ്ങളും സംസ്ക്കാരങ്ങളും സസ്യങ്ങളും ജന്തുക്കളും മലയും കുന്നും പുഴയും കടലും അവരിൽ തീർത്താൽ തീരാത്ത കൗതുകം സൃഷ്ടിച്ചത് സ്വാഭാവികം. ഇന്നാട്ടിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ജന്തു വൈവിധ്യത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ഉള്ള ഏറ്റവും ആധികാരികമായ രേഖകളായിത്തിർന്നു ആ പുസ്തകങ്ങൾ. വാൻ റീഡിന്റെ 'ഹോർത്തുസ് മലബാറിക്കസ്'(https://en.wikipedia.org/wiki/Hortus_Malabaricus) ഇന്നും ഒരു വിസ്മയമായി നിൽക്കുന്നുണ്ടല്ലോ. സസ്യങ്ങളെക്കുറിച്ച് ആധികാരികമായി എഴുതിയ ജെ.എച്ച് ഹുക്കറെ (https://en.wikipedia.org/wiki/Joseph_Dalton_Hooker) പോലുള്ളവരും ഇന്ത്യയിലെ ചിത്രശലഭങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച (അവർ ഒട്ടനവധിയുണ്ട്)ഡബ്ളിയുു. എച്ച് ഇവാൻസും (https://en.wikipedia.org/wiki/William_Harry_Evans) തുമ്പികളെക്കുറിച്ച് വിശദമായി എഴുതിയ എഫ്.സി ഫ്രേസറും (https://en.wikipedia.org/wiki/Frederic_Charles_Fraser)നിശാശലഭങ്ങളെക്കുറിച്ച് ആധികാരികമായി വിവരങ്ങൾ
രേഖപ്പെടുത്തിവെച്ച ജോർജ് ഫ്രാൻസിസ് ഹാംപ്സണും (https://en.wikipedia.org/wiki/George_Hampson) 'ഇന്ത്യയിലെ പക്ഷിനിരീക്ഷണത്തിലെ പോപ്പ് 'എന്നറിയപ്പെട്ടിരുന്ന, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക നേതാവു കൂടി ആയിരുന്ന എ. ഒ ഹ്യൂമും (https://en.wikipedia.or/wiki/Allan_Octavian_Hume) ഒക്കെ ഇക്കൂട്ടത്തിൽ പ്രഥമഗണനീയരാണ്. ഭാരതത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുരിച്ചും അവരുടെ സംസ്ക്കാരങ്ങളെക്കുരിച്ചും സമഗ്രമായും ശാസ്ത്രീയമായും പഠനം നടത്തിയ മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിന്റെ സൂപ്രണ്ട് കൂടിയായിരുന്ന എഡ്ഗാർ തേസ്റ്റൺ, ഒരേ സമയം മികച്ച നരവംശശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും ജന്തു ശാസ്ത്രജ്ഞനും ഭൂമിശാസ്ത്രജ്ഞനും ആയ അസാമാന്യ പ്രതിഭയായിരുന്നു (https://en.wikipedia.org/wiki/Edgar_Thurston). പ്രേഷിത പ്രവർത്തനം എന്ന ജീവിതലക്ഷ്യവുമായി ഇന്നാട്ടിലെത്തിയ നൂറുകണക്കിന് മിഷണറിമാരും, വിവിധ ജനവിഭാഗങ്ങളെ തങ്ങളുടെ പാതയിലേക്ക് മാർഗം കൂട്ടുവാനായി അവരുടെ ഭാഷയേയും സംസ്ക്കാരത്തേയും സാഹിത്യത്തേയും വിശദമായി പഠിച്ച് ഒട്ടനവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാള ഭാഷക്ക് ആദ്യ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ മുഴുവൻ കൃതികളും ജർമ്മനിയിലെ തുബിങ്ജൻ യുണിവേഴ്സിറ്റി അടുത്ത കാലത്ത് പൊതുസഞ്ജയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്(https://www.gundert-portal.de/). അവയിൽ ഗുണ്ടർട്ടിന്റെ സ്വന്തം രചനകളോടൊപ്പം അദ്ദേഹം ശേഖരിച്ച രേഖകളും മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായ റിപ്പോർട്ടുകളും 'പശ്ചിമോദയം' തുടങ്ങിയ മാസികകളും ഒക്കെ ലഭ്യമാണ്. ഈ പട്ടികയിൽ ഇനിയും നൂറു കണക്കിന് പേരുകൾ ഉൾപ്പെടാനുണ്ട്. അവരിൽ ഭൂരിഭാഗവും ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെയോ ബ്രിട്ടീഷ് ഗവൺമെന്റിന്റെയോ ഉദ്യോഗസ്ഥരോ സൈനിക മേധാവികളോ ഭരണാധികാരികളുടെ എല്ലാ ആശിസ്സുകളോടും പ്രവർത്തിച്ചിരുന്ന മിഷണറിമാരോ ആയിരുന്നു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സൗകര്യങ്ങളും പ്രാദേശികമായ മനുഷ്യശേഷിയും ഇത്തരം പഠനങ്ങളിൽ അവർക്ക് ഏറെ സഹായകമായി എന്നുള്ളത് തീർച്ച. അതിലും വിസ്മയകരമായ കാര്യം ഇവരിൽ മിക്കവരുടെയും പഠനങ്ങൾ തന്നെയാണ് അതത് വിഷയങ്ങളിൽ ഇന്നും ഏറ്റവും ആധികാരികവും അന്തിമവും ആയ റഫറൻസ് ഗ്രന്ഥങ്ങളെന്നതത്രെ. ഉപകരണങ്ങളുടെയും യാത്രാസൗകര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും ലഭ്യത ഏറെയുള്ള ഇക്കാലഘട്ടത്തിലും നാമമാത്രമായ സൗകര്യങ്ങളുണ്ടായിരുന്ന പതിറ്റാണ്ടുകൾക്കപ്പുറം അവർ നടത്തിയ പഠനങ്ങൾ എത്ര ഗൗരവത്തോടെയുള്ളതായിരുന്നു എന്നു നാം അറിയുന്നു.

      
ഇത്തരത്തിലുള്ള  പുസ്തങ്ങളോടൊപ്പം ചേർക്കേണ്ടവയാണ്, പ്രധാനമായും ബ്രിട്ടീഷുകാർ ഭരണസൗകര്യത്തിനായി തയ്യാറാക്കിയ ഭരണരേഖകളും മാനുവലുകളും ഗസറ്റിയറുകളും ഉദ്യോഗസ്ഥരുടെ ഡയറിക്കുറിപ്പുകളും അടങ്ങിയ വിപുലമായ സഞ്ചയം. പ്രധാനപ്പെട്ട ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ മേലാപ്പീസിലേക്ക് അയച്ച ദൈനംദിന റിപ്പോർട്ടുകൾ, അവരുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ എന്നിവ അതത് കാലഘട്ടങ്ങളെക്കുറിച്ച് വളരെ വിശദമായ ചിത്രം ലഭ്യമാക്കുന്നു. ജില്ല കലക്റ്റർമാരും മജിസ്ട്രേട്ടുമാരും മറ്റ് ഉദ്യോഗസ്ഥൻമാരും തയ്യാറാക്കിയ അത്തരം രേഖകൾ പലതും ഇന്റർനെറ്റിലും മറ്റും ലഭ്യമാണ്. ഒരു ഉദാഹരണം എന്ന നിലയിൽ ഇരിക്കൂറിനടുത്ത് കല്യാട് 1852 ൽ നടന്ന മാപ്പിള കലാപകാരികളുടെ ആക്രമണത്തെക്കുറിച്ച് വിവിധ തലങ്ങളിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടുകളെക്കുറിച്ച്  ഇവിടെ വായിക്കാം. ഈ റിപ്പോർട്ടുകളിലെ വിശദാംശങ്ങളുടെ വിവരണം നമ്മെ അൽഭുതപ്പെടുത്തും. പോരാട്ടത്തിന്റെയും അതോടനുബന്ധിച്ച കാര്യങ്ങളുടെയും തൽസമയ ദൃക്സാക്ഷി വിവരണം പോലുള്ള അവയിൽ വ്യക്തികളെക്കുറിച്ചുപോലും കൃത്യമായി എഴുതി സൂക്ഷിച്ചിരിക്കുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമായ ഇന്നത്തെ കാലത്ത് പോലും ഔദ്യോഗികവും അല്ലാത്തതുമായ രേഖകൾ ഇത്ര വിശദാംശങ്ങളോടെ രേഖപ്പെടുത്താറില്ല എന്ന് തീർച്ച. അങ്ങിനെയുള്ള സ്രോതസ്സുകൾ  ചരിത്രവിദ്യാർത്ഥികൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയോ എന്നുള്ളത് സംശയമാണ്. അത്തരത്തിലുള്ള പുസ്തകങ്ങളിൽ ഏറ്റവും  പ്രധാനപ്പെട്ട ഒന്നാണ് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തയ്യാറാക്കിയ 'മലബാർ മാനുവൽ'. ഇന്നത്തെ കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഈ പുസ്തകം വിജ്‍ഞാനകുതുകികളെ സംബന്ധിച്ചിടത്തോളം ഒരു അമൂല്യനിധിയാണ്.
        
മൂന്നു വാല്യങ്ങളിലായാണ് മലബാർ മാനുവൽ തയ്യാറാക്കിയിരിക്കുന്നത്. എണ്ണൂറോളം പേജുകളടങ്ങിയ ഒന്നാം വാല്യം, ചാർട്ടുകളും പട്ടികകളും അധിക വിവരങ്ങളും അടങ്ങിയ രണ്ടാം വാല്യം, 1694 ൽ സ്ഥാപിതമായ ഇംഗ്ളീഷ് ഈസ്റ്റിൻഡ്യ കമ്പനിയുടെ തലശ്ശേരി ഫാക്റ്ററിയിലെ എഴുത്ത്കുത്തുകളും മറ്റ് രേഖകളും ഒരുമിച്ച് ചേർത്തുള്ള മൂന്നാം വാല്യം (A Collection of treaties, Engagements and other papers of importance Relating to British Affairs in Malabar) എന്നിവയാണ് അവ. മൂന്നാം വാല്യം തയ്യാറാക്കിയതിനു ശേഷമാണ് ഒന്നും രണ്ടും വോള്യങ്ങൾ പുറത്തിറങ്ങിയത്. ആദ്യ രണ്ടു വോളിയങ്ങളിലും മിക്ക വിവരണങ്ങൾക്കും റഫറൻസായി നൽകിയിട്ടുള്ളത് മൂന്നാം വോള്യത്തിലെ സമാഹരണത്തിലുള്ള പഴയ രേഖകളും അവയുടെ തർജമകളും ആണ് . ഒന്നാം വോള്യത്തിൽ തിരുവിതാംകൂറിനെക്കുറിച്ചുള്ള  വിവരങ്ങൾ ഉൾപ്പെടെ മലബാറിന്റെ ചരിത്രം
മലബാർ മാനുവൽ വോളിയം 3
ലഭ്യമായ സ്രോതസ്സുകളിൽ നിന്നും പരമാവധി ശേഖരിച്ച് എഴുതിയിരിക്കുന്നു. പെരുമാക്കൻമാരുടെ കാലവും, ഹൈദരിന്റെയും ടിപ്പുവിന്റെയും പടയോട്ടങ്ങളും പഴശ്ശിയുടെ പോരാട്ടങ്ങളും ഒക്കെ വിശദമായി ഇവിടെക്കാണാം. തങ്ങളുടെ അധികാരം നിലനിർത്താനും ശക്തിപ്പെടുത്താനും അനുയോജ്യമായ രീതിയിൽ എഴുതിയിരിക്കുന്ന ഈ ഗസറ്റിയർ വില്യം ലോഗന്റെ മാത്രം രചനയാണെന്ന് പറയാൻ സാധിക്കില്ല. പുസ്തകത്തിലുള്ള മലബാറിലെ വനങ്ങളുടെയും ജീവജാലങ്ങളുടെയും അതിമനോഹരമായ വിവരണം അന്നത്തെ മലബാർ വനം മേധാവിയായിരുന്ന റോഡ്സ് മോർഗനാണ് തയ്യാറാക്കിയിട്ടുള്ളത്. കാവ്യാത്മകമായ ഭാഷയിലുള്ള ഈ വിവരണം  കോഴിക്കോട് ജില്ലയിലെ എലത്തൂരു നിന്നും പുഴ വഴി ആരംഭിച്ച് കുറ്റ്യാടി വഴി കാടു കടന്ന് വയനാട്ടിൽ മൈസൂരതിർത്തിയിൽ അവസാനിക്കുന്ന അദ്ദേഹത്തിന്റെ യാത്രയുടെ വിവരണം എന്ന രീതിയിലാണ്. ഈ വഴിയിലുടനീളമുള്ള സസ്യജാലങ്ങളെയും പക്ഷികളെയും(ഇവിടെവായിക്കാം) മൃഗങ്ങളെയും ഒപ്പം വനവാസികളെയും ആ യാത്രക്കിടയിൽ പരിചയപ്പെടുത്തുന്നു. ലോഗന് ജില്ലാ ഭരണാധികാരിയെന്നനിലയിൽ  തനിക്ക് കീഴിലുള്ള സ്വദേശികളും പരദേശികളും ആയ  മികച്ച പല ഉദ്യോഗസ്ഥൻമാരുടെയും മറ്റു നാട്ടുകാരുടെയും സഹായസഹകരണങ്ങൾ  ലഭിച്ചുവെന്ന് വ്യക്തം. സകുടുംബം തലശ്ശേരിയിലും പിന്നീട് കോഴിക്കോടും താമസമാക്കിയ ലോഗൻ പൊതുവെ എല്ലാവർക്കും സ്വീകാര്യനായ ഭരണാധികാരിയായാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും താൽപര്യങ്ങൾ അദ്ദേഹം പലപ്പോഴും പരിഗണിച്ചിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ പുസ്തകവും പ്രവർത്തനങ്ങളും തെളിവു നൽകുന്നുണ്ട്. മലബാർ മാനുവലിന്റെ രചന കേരളത്തിന്റെ ചരിത്രരചനയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ലോഗനെക്കുറിച്ചുള്ള വ്യക്തി വിവരങ്ങൾ അധികമൊന്നും ലഭ്യമല്ലെങ്കിലും ചരിത്രകാരനായ ഡോ കെ.കെ.എൻ കുറുപ്പ് അദ്ദേഹത്തെക്കുറിച്ച് ഏറെക്കാര്യങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുണ്ട്.
          1841
മെയ് 17 ന് സ്ക്കോട്ലാൻഡിൽ ജനിച്ച ലോഗൻ 1862 ൽ തന്റെ ഇരുപത്തി ഒന്നാം വയസ്സിലാണ് ഇൻഡ്യയിലെത്തുന്നത്. ഈസ്റ്റിൻഡ്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ചക്രവർത്തി നേരിട്ട് ഏറ്റെടുത്ത ആ കാലഘട്ടത്തിൽ  ബ്രിട്ടീഷുകാർ വിദ്യാസമ്പന്നരായ ധാരാളം വെള്ളക്കാരെ ഉദ്യോഗസ്ഥൻമാരായി ഇൻഡ്യയിൽ എത്തിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ആർക്കോട്ട് ജില്ലയുടെ അസിസ്റ്റൻഡ് കലക്റ്ററായി ജോലി ആരംഭിച്ച ലോഗൻ 1866 ൽ മലബാറിന്റെ ഹെഡ് അസിസ്റ്റൻഡായി നിയമിതനായി. തന്റെ 35ാമത്തെ വയസ്സിൽ മലബാർജില്ലയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. 1872 ൽ തലശ്ശേരിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സ്ക്കോട്ട്ലന്റുകാരി തന്നെയായ ആനി സെൽബി ബുറൽ വല്ലാസിനെ വിവാഹം കഴിച്ചു. ലോഗന്റെ ജിവിതത്തിലും എഴുത്തിലും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ആ സ്ത്രീ.
         
ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണങ്ങൾ പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തെയും ജനസംഖ്യാനുപാതത്തെയും കാർഷിക വ്യവസ്ഥയെയും ആകെ ഇളക്കി മറിച്ചിരുന്നു. കൂട്ട പാലായനങ്ങളും വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചു വരവുകളും സമൂഹത്തിൽ കാലുഷ്യം നിറച്ചു. മതാടിസ്ഥാനത്തിലുള്ള വിശ്വാസതീവ്രത കൂടി അതോടൊപ്പം ചേർന്നപ്പോൾ മലബാറിൽ ലഹളകളും കലാപവും സ്ഥിരം കാഴ്ചകളായി. ഇതിനു പിന്നിൽ സ്വന്തം മതത്തിലെ പണക്കാരായവർ പാവപ്പെട്ടവരുടെ മതവികാരം ചൂഷണം ചെയ്തതും രക്തസാക്ഷിത്വത്തിന്റെ മതപരമായ സ്വീകാര്യതയും (" Religion gave them a philosophy of action and nourished their feelings of antagonism")ഒപ്പം കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒക്കെ കാരണങ്ങളായി ലോഗൻ സൂചിപ്പിച്ചിട്ടുണ്ട് . മാപ്പിള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനുള്ള സ്പെഷൽ കമ്മീഷണറായി 1881ൽ നിയമിതനായ ലോഗൻ മേലധികാരികളുമായുള്ള അഭിപ്രായ വ്യത്യസങ്ങളെത്തുടർന്ന് 1887 ൽ ആന്ധ്രയിലേ കടപ്പയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. തുടർന്ന് ആ വർഷം തന്നെ ജോലി രാജിവെച്ച് തന്റെ 47ാം വയസ്സിൽ സ്വദേശത്തേക്ക് മടങ്ങുകയാണുണ്ടായത്. മലബാറിലെ ജനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ലോഗൻ തുടർന്നും അവരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ഉത്തരമലബാറിലെ പ്രമുഖ ജൻമിയായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുമായി നല്ല സൗഹൃദത്തിലായിരുന്ന ലോഗൻ പിന്നീട് അദ്ദേഹത്തിന്റെ മകനായിരുന്ന എ.സി മാധവൻ നായരെ സ്ക്കോട്ടലന്റിലെ തന്റെ വസതിയിൽ അതിഥിയായി താമസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
   
ശക്തനും കർക്കശക്കാരനുമായ ഭരണാധികാരിയായിരുന്നു ലോഗൻ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നി‍ദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി. അട്ടപ്പാടിയിലെ വിശാലമായ വനപ്രദേശങ്ങൾ, ലഭ്യമായ റവന്യൂ രേഖകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് നിക്ഷിപ്തമാക്കിയത്, അതീവ പ്രാധാന്യമർഹിക്കുന്ന ജൈവകേന്ദ്രമായ ഇന്നത്തെ സൈലന്റ് വാലി പ്രദേശങ്ങൾ നിലനിൽക്കാൻ കാരണമായി എന്നു പറയാം. ഉറച്ച ദൈവവിശ്വാസിയായിരുന്ന ലോഗൻ പണക്കുറികളെ എതിർത്തുവെന്നും വെടിമരുന്നിന്റെ ഉപയോഗം ക്ഷേത്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് എഴുതുന്നു. നായർ സമുദായത്തോട് കൂടുതൽ അടുപ്പത്തോടും സ്നേഹത്തോടും ഇടപഴകി എന്ന വിമർശനവും അദ്ദേഹത്തിനെതിരെ ചിലർ ഉയർത്തിയിട്ടുണ്ട് ആമുഖത്തിൽ തന്റെ പുസ്തകത്തിന്റെ പരിമിതികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങൾ വെച്ചാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കിട്ടുമ്പോൾ താൻ എഴുതിയത് തെറ്റാകാമെന്നും  ചിലപ്പോൾ നേരെ വിപരീതമാവാം ശരിയെന്നും എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ വസ്തുനിഷ്ഠ രീതിയുടെ തെളിവായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
      
പ്രശസ്ത നോവലിസ്റ്റ് കെ .ജെ ബേബി ലോഗന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ എഴുതിയ പുതിയ നോവലായ 'ഗുഡ് ബൈ മലബാർ' വായനയാണ് ലോഗനെക്കുറിച്ചുള്ള ചിന്തകളിലേക്ക് വീണ്ടും നയിച്ചത്. ലോഗന്റെ ഭാര്യയായ ആനിയുടെ കണ്ണിൽക്കൂടി അന്നത്തെ ജീവിതം ആവിഷ്ക്കരിക്കുന്ന രീതിയിലാണ് നോവൽ മുന്നോട്ട് പോകുന്നത്. ലോഗന്റെ ഔദ്യോഗിക ജീവിതത്തിരക്കുകളും അന്തർസംഘ‍ർഷങ്ങളും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്ന നോവലിൽ ധാരാളം സാങ്കൽപിക കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. തുടക്കം മുതൽ ഒടുക്കം വരെ സുഖമുള്ള വായനാനുഭവം നൽകുന്ന പുസ്തകം ലോഗൻ കുടുംബത്തിന്റെ  സ്ക്കോട്ട്‍ലന്റിലേക്കുള്ള മടക്കയാത്രയിൽ ആനിയും ലോഗനും 'ഗുഡ് ബൈ മലബാർ' പറയുന്നതോടെ അവസാനിക്കുന്നു. നൂറ്റാണ്ടിനപ്പുറമുള്ള ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കായിട്ടു പോലും അത് വായനക്കാരനിൽ ചില നഷ്ടബോധങ്ങളും ഗൃഹാതുരതകളും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനു കാരണം എഴുത്തുകാരന്റെ

കൃതഹസ്തമായ തൂലികയ്ക്കൊപ്പം മലബാർ മാനുവലിലൂടെ നാം അറിഞ്ഞ ലോഗനുമുണ്ട്. ലോഗനെ മതേതര വിശ്വാസിയും പുരോഗമനവാദിയും ആക്കി ചിത്രീകരിച്ചതും ആനിയെ സാമൂഹ്യ പരിഷ്ക്കർത്താവാക്കിയതും നോവലിസ്റ്റിന്റെ സ്വാതന്ത്ര്യമായി കണക്കാക്കാം. മലബാറിലെ മാപ്പിള കലാപങ്ങളുടെ ഏക കാരണം കാർഷികപ്രശ്നങ്ങൾ മാത്രമാണെന്ന് ലോഗൻ കരുതിയിരുന്നു എന്ന ധ്വനി നോവലിൽ പലയിടത്തും കാണാം.അത് വസ്തുതാ വിരുദ്ധമാണെന്ന് മുൻ ഖണ്ഡികയിൽ നൽകിയ ലോഗന്റെ തന്നെ ഇതേക്കുറിച്ചുള്ള പരാമർശങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇക്കാര്യത്തിൽ മേലധികാരികളുമായുള്ള അഭിപ്രായവ്യത്യസമാണ് ലോഗന്റെ സ്ഥലം മാറ്റത്തിനും സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോക്കിനും കാരണമായത് എന്ന പരാമർശവും യഥാർത്ഥവസ്തുതകളോട് പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ല. 'പ്രാകൃത സോഷ്യലിസ്റ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോഗൻ തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കോളനി ഭരണത്തിന്റെ താൽപര്യങ്ങളുടെ ഉത്തമ സംരക്ഷകനും കാവലാളും ആയിരുന്നു  എന്നുള്ളതും ഓർമ്മിക്കണം. എങ്കിലും അന്നത്തെ മലബാറിന്റെ സാമൂഹ്യ ജീവിതത്തിൽ ഇത്രയും  സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല തന്നെ.  വില്യം ലോഗന് തലശ്ശേരിയിലുള്ള 'ലോഗൻസ് റോഡ്' അല്ലാതെ മറ്റൊരു ഓർമകേന്ദ്രം പോലുമില്ലാത്തപ്പോൾ കെ. ജെ ബേബിയുടെ നോവൽ അത്തരത്തിലൊരു സ്മരണാജ്ഞലി ആയി മാറുന്നു. ഏതായാലും മലബാ‍ർ മാനുവലിനും വില്യം ലോഗനും ഒപ്പവും അതിനെ മറികടന്നും ചരിത്രാന്വേഷണങ്ങൾ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.