ഉത്തരമലബാറിൽ രേഖപ്പെടുത്തപ്പെട്ട ആക്രമസംഭവങ്ങൾ താരതമ്യേന കുറവായിരുന്നു. എങ്കിലും ടിപ്പുവുമായി ബന്ധപ്പെട്ട് ക്ഷേത്രധ്വംസനങ്ങളുടെയും ആക്രമണങ്ങളുടെയും കഥകൾ ധാരാളമായി പ്രചാരത്തിലുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്നതെന്നു വിശേഷിപ്പിക്കുന്ന നിരവധി ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും എല്ലാ നാട്ടിലും കാണാം, അതുമായി ബന്ധപ്പെട്ട അതിശയോക്തി കലർന്നതും അല്ലാത്തതുമായ കഥകളും. കൂടാളി താഴത്തുവീട് ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ആത്മാഭിമാന സംരക്ഷണത്തിനായി അന്നത്തെ തറവാട്ടുകാരണവരുടെ ജീവത്യാഗവും കൂടാളിയിലെ തറവാട്ടുകാര്യസ്ഥന്റെ ധീരമായ പോരാട്ടത്തിനുശേഷമുള്ള ആത്മസമർപ്പണവും, ആ പോരാളി 'കൂടാളി വീരൻ' തെയ്യത്തിന്റെ രൂപത്തിൽ കാലമേറെക്കഴിഞ്ഞും ജനഹൃദയങ്ങളിൽ ദോവതാസങ്കൽപമായി മാറിയതും ഒക്കെ അങ്ങിനെയാണ്. ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്തും ഇത്തരം കലാപങ്ങൾ ഇടയ്ക്കിടെ ആവർത്തിച്ചു. മിക്കതും രക്തരൂഷിതവും ആൾനാശമുണ്ടാക്കിയതും ആയിരുന്നു. 1921 ലെ മലബാർ കലാപത്തോടെയാണ് അത്തരത്തിലുള്ള അവസ്ഥയ്ക്ക് ശമനം വന്നതെന്ന് പറയാം. മലബാർ കലാപം സ്വാതന്ത്ര്യ സമരമായിരുന്നോ, കർഷകസമരമായിരുന്നോ, തികഞ്ഞ വർഗീയകലാപമായിരുന്നോ അല്ല ഇതൊക്കെ ചേർന്നതായിരുന്നോ എന്നതിനെക്കുറിച്ച് ചരിത്രകാരൻമാരും സാമൂഹ്യനേതാക്കൻമാരും അന്നും ഇന്നും വ്യത്യസ്ത അഭിപ്രായം വച്ചു പുലർത്തുന്നവരാണ്. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ധാരാളം ഭൂസമ്പത്തും പ്രതാപവും ഉണ്ടായിരുന്ന പുരാതന നായർ തറവാടാണ് കല്ല്യാട് താഴത്തു വീട്. ഈ വീടുമായി ബന്ധപ്പെട്ട് അത്തരം ഒരു ആക്രമണം നടന്നിരുന്നു എന്ന വസ്തുത ഇന്നത്തെ തലമുറയ്ക്ക് വിസ്മൃതിയിലായ ഒരു കഥയാണ്. 1852 ൽ താഴത്തുവീട് ആക്രമിക്കാൻ വന്ന ഏറനാട്ടു നിന്നുള്ള മാപ്പിള കലാപകാരികളുമായുള്ള രക്തരൂഷിതമായ പോരാട്ടവും ഏറ്റുമുട്ടലിനൊടുവിൽ നടന്ന കലാപകാരികളുടെ മരണവും ആണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രായമായവരുടെയും നാട്ടുകാരുടെ ഇടയിലും വാമൊഴിക്കഥകളായി പ്രചാരത്തിലുണ്ടായിരുന്ന ഈ സംഭവകഥ ഇന്ന് കെട്ടുകഥയാണെന്ന രീതിയിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭീകരമായ ആ ആക്രമണത്തെക്കുറിച്ച് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ(1887) പരാമർശിച്ചിട്ടുണ്ട്1. പിന്നീട് പ്രൊഫ. കെ എൻ പണിക്കർ Against Lord and State-Religion and Peasant Uprisings in Malabar 1836-1921എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്2. വസ്തുതകൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ചരിത്രകാരൻമാരുടെ രീതി കൊണ്ടോ പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടമൊന്നും കിട്ടാനില്ല എന്ന കാരണം കൊണ്ടോ ഈ സംഭവങ്ങൾക്ക് വേണ്ടത്ര പ്രാധാന്യംകിട്ടിയില്ല എന്നു പറയേണ്ടിവരും. എങ്കിലും തറവാട്ടിനെ സംബന്ധിച്ചും അതിന്റെ വിശാലമായ സ്വാധീന മേഖലകളെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ചും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. ആ ചെറുത്തുനിൽപ്പിന്റെ അനന്തരഫലം മറ്റൊന്നായിരുന്നുവെങ്കിൽ അത് ഒരു ദേശത്തിന്റെ ആകെ ചരിത്രത്തെ വഴിതിരിച്ചു വിട്ടേനെ. പ്രസ്തുത ആക്രമണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളെക്കുറിച്ചും വളരെ വിശദമായി ബ്രിട്ടീഷ് അധികാരികൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നാടിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഈസ്റ്റിൻഡ്യാ കമ്പനിയുടെ തെക്കേ ഇന്ത്യയിലെ ആസ്ഥാനമായിരുന്ന മദ്രാസിലെ സെന്റ് ജോർജ് കോട്ടയിലേക്ക് ഉദ്യോഗസ്ഥൻമാർ അതതുസമയങ്ങളിൽ വിശദമായ കത്തുകളയച്ചിരുന്നു. 1849 മുതൽ 1853 വരെ മലബാറിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ചുള്ള കത്തിടപാടുകൾ ആധികാരികമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (Correspondence of Moplah Outrages in Malabar for the year 1849-53)3. അതിൽ 1852 ൽ കല്യാട്ടു നടന്ന സംഭവങ്ങൾ വിശദമായി വിവരിച്ചുകൊണ്ട് മലബാർ മജിസ്ട്രേട്ടുമാരായിരുന്ന ഡി. എലിയട്ട്, വി. കനോലി, മലബാറിലെ ആക്റ്റിങ് ജോയന്റ് മജിസ്ട്രേട്ട് ഡബ്ലിയു. റോബിൻസൺ എന്നിവർ കമ്പനിക്കെഴുതിയ ഔദ്യോഗിക കത്തുകൾ കാണാം. മദ്രാസിലെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശമനുസരിച്ച് റോബിൻസൺ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കല്ല്യാട് നേരിട്ടെത്തിയാണ് വിവരശേഖരണം നടത്തിയത് എന്നുള്ളത് ആ സംഭവത്തിന്റെ പ്രാധാന്യവും അന്ന് കല്ല്യാട് തറവാട്ടിനുണ്ടായിരുന്ന പ്രാമുഖ്യവും സൂചിപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം.
വില്യം ലോഗൻ ആ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ, “ 1852 ജനവരി 4 ന് ഇരുന്നൂറോളം വരുന്ന ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ഏറനാട്ടിൽ നിന്നുമുള്ള പതിനഞ്ച് കലാപകാരികൾ മട്ടന്നൂർ കളത്തിൽ കേശവൻ തങ്ങൾ എന്ന ജൻമിയുടെ വീട് ആക്രമിച്ചു. ആ വീട്ടിലെ ആകെയുണ്ടായിരുന്ന പതിനെട്ട് പേരെയും കൊലപ്പെടുത്തിയ ആക്രമകാരികൾ , മറ്റ് രണ്ടു പേരെ മുറിവേൽപ്പിക്കുകയയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നീട് തനിച്ചിറങ്ങിയ അക്രമി സംഘം അഞ്ചോളം ഹിന്ദു ക്ഷേത്രങ്ങൾ അശുദ്ധമാക്കുകയും നശിപ്പിക്കുകയും നാലു പേരെ കൊലപ്പെടുത്തുകയും ചെയ്തതിന്നു ശേഷം സമ്പന്നനും സ്വാധീനമുള്ളവനുമായ കല്ല്യാട് നമ്പ്യാരുടെ കല്ല്യാടംശത്തിലുള്ള ഭവനത്തിലേക്കു നീങ്ങി. ഇക്കാര്യത്തെക്കുറിച്ച് മുൻകൂട്ടി സൂചന കിട്ടിയതിനാൽ മേജർ ഹോഡ്‍ജസണിന്റെ നേതൃത്വത്തിലുള്ള പതിനാറാം റജിമെന്റിലെ രണ്ട് കമ്പനി പട്ടാളവും യൂറോപ്യൻ സൈനികർ മാത്രം അടങ്ങിയ നൂറുപേരടങ്ങിയ തൊണ്ണൂറ്റിനാലാം റജിമെന്റും കണ്ണൂരിൽ നിന്നും കല്ല്യാടേക്ക് പുറപ്പെട്ടു. പക്ഷെ ആ സൈന്യം അവിടെയെത്തുന്നതിനു മുമ്പേ തന്നെ മതഭ്രാന്തൻമാരായ എല്ലാ ലഹളക്കാരെയും കല്ല്യാട് നമ്പ്യാരുടെ ആളുകളും അവരുടെ അനുചരൻമാരായ നാട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയിരുന്നു.4”
ഈ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഉദ്യഗസ്ഥതലത്തിൽ ഏറെ കത്തിടപാടുകൾ നടന്നു എന്ന് മേൽ പ്രസ്താവിച്ച രേഖകളിൽ നിന്നും വായിച്ചെടുക്കാം. 1852 ജനുവരി 28 ന് മലബാറിലെ മജിസ്ട്രേട്ടായ ഡി. എലിയട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി റിപ്പോർട്ടു ചെയ്യുന്നു5. "വടക്കെ മലബാറിലെ കോട്ടയം താലൂക്ക് ഏറെക്കാലമായി സമാധാനവും ശാന്തിയും കളിയാടിയിരുന്ന പ്രദേശമാണ്. പഴശ്ശിയുടെ പോരാട്ടങ്ങൾക്കു ശേഷം പൊതുവെ എല്ലാവരും കമ്പനിയുടെ നിയമവാഴ്ചയെ അംഗീകരിച്ച് ശാന്തരായി ജീവിക്കുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി, കലാപകലുഷിതമായ മലബാറിലെ തെക്കൻ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ഏതാനും മാപ്പിള കലാപകാരികളും അവരോടൊപ്പം ചേർന്ന തദ്ദേശീയരായ ഏതാനും ആളുകളും ചേർന്ന് കൂടുതൽ ക്രൂരതയോടു കൂടി കോട്ടയം താലൂക്കിൽ രക്തരൂഷിതമായകലാപങ്ങൾ നടത്തുന്നു. തെക്കെ മലബാറിൽ ചില സംഭവങ്ങളിലായി കഴിഞ്ഞമാസങ്ങളിൽ ആകെ 21 പേർ കൊല്ലപ്പെട്ടപ്പോൾ ഇത്രയും നാൾ ശാന്തമായിരുന്ന വടക്കെ മലബാറിലെ മട്ടനൂരിൽ നടന്ന ഒറ്റ സംഭവത്തിൽ ഒരു വീട്ടിലെ 18 പേർ ഒരുമിച്ചു കൊല്ലപ്പെട്ടു. മട്ടനൂർ തങ്ങളുടെ വീടക്രമിച്ച കലാപകാരികൾ അവിടെയുള്ള ആണുങ്ങളെയും സ്ത്രീ ജനങ്ങളെയും കുട്ടികളെയും വേലക്കാരെയും യാദൃച്ഛികമായി എത്തിച്ചേർന്ന അതിഥികളെയും ഒക്കെ തങ്ങളുടെ കൊലക്കത്തിക്കും തോക്കിനും ഇരയാക്കി. ഒരു പള്ളി നിർമാണത്തിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചെറിയ ഒരു തർക്കം മാത്രമാണ് തങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടായിരുന്നത്. ഏറനാട്ടിൽ നിന്നുള്ള ആയുധാരികളായ കലാപകാരികൾക്കൊപ്പം നാട്ടുകാരായ മാപ്പിളമാരും ഈ ആക്രമണങ്ങളിൽ ധാരാളമായി പങ്കെടുത്തു. ഹിന്ദുക്കൾ തങ്ങളുടെ സുരക്ഷയെക്കരുതി വീടുകളിൽ നിന്നും ഓടിപ്പോയതുകൊണ്ട് മാത്രമാണ് മരണസംഖ്യ വീണ്ടും കൂടാത്തത്".
മട്ടനൂരിലെ സംഭവങ്ങൾക്കു ശേഷം പരിസരപ്രദേശമായ കല്ലൂരിലും നായ്ക്കാലിയിലും ആക്രമണങ്ങൾ നടത്തിയ സംഘം കല്ല്യാടേക്കു നീങ്ങുകയാണുണ്ടായത്. നേരത്തെ സൂചിപ്പിച്ചതുപോലെ അവിടെ നടന്ന ഏറ്റുമുട്ടലിൽ എല്ലാ കലാപകാരികളും കൊല്ലപ്പെട്ടു.
നാടിനെയാകെ പിടിച്ചുലച്ച ആ സംഭവങ്ങളെക്കുറിച്ച് മലബാർ മജിസ്ട്രേറ്റായ എച്ച്. വി കനോലിയും വിശദമായി റിപ്പോർട്ട് തയ്യാറാക്കി. ആ റിപ്പോർട്ടിൽ ആക്രമണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളോടൊപ്പം ധീരമായി ചെറുത്തു നിൽപ്പിനു നേതൃത്ത്വം നൽകിയ കല്യാട്ട് അനന്തനും അനന്തരവനായ കമ്മാരനും അർഹമായ പാരിതോഷികങ്ങളും ആദരവും കൊടുക്കേണ്ടതിനെക്കുറിച്ചും വിശദമാക്കുന്നു. ഇത്തരം ആക്രമങ്ങളെ കമ്പനി സൈന്യത്തെ ഉപയോഗിച്ചു മാത്രം ചെറുത്തു നിൽക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും പ്രാദേശികമായി നാട്ടുകാരുടെ നേതൃത്ത്വത്തിൽ കല്ല്യാട് നടന്നത് പോലുള്ള ചെറുത്തുനിൽപ്പുകൾ മാത്രമേ പരിഹാരമുള്ളൂ എന്നും ഡി. എലിയട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ലഹളകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലഹളക്കാർക്ക് വലിയ തിരിച്ചടി ലഭിക്കുന്നത്. അതിനാൽ ആ ചെറുത്തുനിൽപ്പിൽ പങ്കെടുത്ത ഓരോരുത്തരെയും തിരിച്ചറിഞ്ഞ് അർഹിക്കുന്ന സമ്മാനങ്ങൾ നൽകണം.ഈ ആവശ്യത്തിനായി നിയോഗിക്കപ്പെട്ടത് ആക്റ്റിങ് ജോയന്റ് മജിസ്ട്രേറ്റായ ഡബ്ളിയു. റോബിൻസൺ ആയിരുന്നു. അദ്ദേഹം നേരിട്ട് സ്ഥലം സന്ദർശിച്ചു നൽകിയ റിപ്പോർട്ടിൽ വളരെ വിശദമായി അവിടെ നടന്ന സംഭവങ്ങൾ ദൃക്സാക്ഷികളിൽ നിന്നും മറ്റുമായി ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ആ ലഹളയിൽ നേരിട്ടു പങ്കെടുത്ത എല്ലാവർക്കും നേരത്തെ നിശ്ചയിച്ച പാരിതോഷികത്തിൽ നിന്നും കൂടിയ പണം പാരിതോഷികമായി നൽകണമെന്നും റോബിൻസൺ ശുപാർശ ചെയ്തു. ആ റിപ്പോർട്ടിൽ കല്യാട് നടന്ന സംഭവങ്ങളുടെ വിവരണം താഴെ പറയുന്ന രീതിയിലാണ് .
"കല്യാട്ട് അനന്തന്റെ വീട്ടിൽ ആക്രമണം നടന്നത് ജനുവരി 8നാണ്. എല്ലാ ലഹളക്കാരെയും കല്യാട്ട് അനന്തന്റെ ആളുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. കോട്ടയം താലൂക്കിൽ മാപ്പിളകലാപകാരികൾ എത്തിയ വിവരം നേരത്തെ അറിഞ്ഞതു കൊണ്ടു തന്നെ ഏതു സമയവും ഒരു ആക്രമണവും പ്രതീക്ഷിച്ചായിരുന്നു എല്ലാവരും നിന്നിരുന്നത്. കല്യാട്ട് അനന്തൻ ഇരിക്കൂർ പട്ടണത്തിലുള്ള തന്റെ സ്ഥലം ചില വ്യക്തികൾ കൈയ്യേറിയത് സംബന്ധിച്ച ഒരു കേസ് കുറച്ച് വർഷങ്ങളായി നടത്തുന്നുണ്ടായിരുന്നതിനാൽ അവിടെ അദ്ദേഹത്തിന് ചില ശത്രുക്കൾ ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ എന്തെങ്കിലും അതിക്രമങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1852 ജനുവരി 7 നു രാത്രി അദ്ദേഹത്തിന്റെ വീട്ടിനു നാനൂറ് വാരയകലെയുള്ള ഒരു വീട്ടിൽ കലാപകാരികൾ എത്തിച്ചേർന്നു.
ഏഴാം തീയതി ആക്രമി സംഘം വൈകുന്നേരം നാലു മണിയോടെ മട്ടന്നൂരിൽ നിന്നുമുള്ള വഴിയിൽ നായിക്കാലി ക്ഷേത്രത്തിലെത്തുകയും അവിടെ ക്ഷേത്രം ആക്രമിച്ചു അശുദ്ധമാക്കുകയും ചെയ്തു. അവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് സംഘം കല്ല്യാടെത്തി. ലഹളക്കാർ കല്യാടെത്തുമ്പോഴേക്കും നേരത്തെ ഇതേക്കുറിച്ച് സൂചന ലഭിച്ച കാരണവരായിരുന്ന കല്യാട്ട് അനന്തനും അദ്ദേഹത്തിന്റെ അനന്തിരവൻ കമ്മാരനും സ്ത്രീകളെയും കുട്ടികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് വീടിന്റെ സംരക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടായിരുന്നു. ലഹളക്കാരെ എതിരിടാൻ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട ഇരുന്നൂറോളം ആളുകൾ തോക്കുകളും കുന്തങ്ങളും കൈയ്യിലേന്തി വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കാടുകളിലും പരിസരത്തും നിലയുറപ്പിച്ചു. കല്യാട്ട് അനന്തൻ സമൂഹത്തിൽ വലിയ സ്വാധീനവും സമ്പത്തും ഉള്ള വ്യക്തിയായിരുന്നു. കൂടാതെ ആ അംശത്തിന്റെ അധികാരികൂടി ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആ പ്രദേശത്തെ ഹിന്ദുക്കളെ ജാതി വ്യത്യാസമില്ലാതെ ഒരുമിച്ചു ചേർക്കാൻ സാധിച്ചു.
പ്രധാന കെട്ടിടത്തിന് പുറമേ ആ പരിസരത്ത് ധാരാളം കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് ഇരുനിലകളുള്ള ഓടിട്ട ഒന്നായിരുന്നു. ആ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു കലാപകാരികളെ നേരിടാൻ തയ്യാറെടുത്തവർ നിലയുറപ്പിച്ചത്. കെട്ടിടങ്ങളുടെ മുകളിൽ പൊതിഞ്ഞ പുല്ലുകളെല്ലാം മുൻകൂട്ടി എടുത്തുകളഞ്ഞും വാതിലുകളും മറ്റും ഭദ്രമായി ബന്ധിച്ചും അവർ ക്ഷമയോടെ കലാപകാരികളെ കാത്തു നിന്നു. വീടിന് കിഴക്കു വശത്ത് ഓടിട്ട ഒരു വരാന്തയുള്ളത് ആക്രമികൾക്ക് സംരക്ഷണ കവചമായി പ്രവർത്തിക്കുമോ എന്നുള്ള സംശയം അവർക്കുണ്ടായിരുന്നു. രാത്രിയിൽ ആക്രമണം നടത്താനായിരുന്നു ആക്രമകാരികളുടെ ആദ്യത്തെ പദ്ധതി. പക്ഷെ കലാപകാരികളെല്ലാം അന്യനാട്ടുകാരായതുകൊണ്ടു പ്രദേശത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതാനാലാകാം, ആ ദിവസം രാത്രി ആക്രമണം നടന്നില്ല. ഒരുപക്ഷെ മട്ടനൂരിൽ ആക്രമകാരികൾക്കു ലഭിച്ചതു പോലെ, ഇരിക്കൂറിൽനിന്നുമുള്ള തദ്ദേശീയരായ മാപ്പിളമാരുടെ സഹായം പ്രതീക്ഷിച്ചു കാത്തിരുന്നതുമാകാം. അന്ന് രാത്രി പെയ്ത അതിശക്തമായ മഴയും കലാപകാരികളെ പിൻതിരിപ്പിക്കാനുള്ള മറ്റൊരു കാരണമായിത്തിർന്നു.
എന്തായാലും എട്ടാം തീയതി രാവിലെ സൂര്യോദയം വരെ കലാപകാരികൾ ആക്രമണത്തിനു തുനിഞ്ഞില്ല. അതിനുശേഷം വീടിനു പിൻവശത്തുള്ള നെൽവയലിലേക്ക് പ്രവേശിച്ച സംഘം ധൈര്യപൂർവ്വം വീടിന്റെ ചുറ്റുമതിലുകൾ കയറി ആക്രമണം ആരംഭിച്ചു. കലാപകാരികളുടെ കൈയ്യിൽ മൂന്നു തോക്കുകളുണ്ടായിരുന്നു. അതേസമയം വീടിനു കാവൽ നിന്നവരുടെ കൈവശം തോക്കുകൾ ഒൻപതെണ്ണമുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ഓടിട്ട വരാന്തയിൽക്കൂടി സുരക്ഷിതമായി കടക്കാൻ കഴിഞ്ഞ കലാപകാരികൾക്ക് വാതിലുകൾ തകർത്ത് വീട്ടിനകത്ത് പ്രവേശിക്കാൻ സാധിച്ചു. പക്ഷേ മുകൾനിലയിലേക്കുള്ള വാതിലിന്റെ പ്രത്യേകത കാരണം (trap door എന്നാണ് റിപ്പോർട്ടിൽ ?) അവർ അങ്ങോട്ട് പ്രവേശിക്കാൻ ഭയപ്പെട്ടു. അവിടെയായിരുന്നു കുന്തങ്ങളും തോക്കുകളുമായി എന്തിനും തയ്യാറായി ആക്രമികളെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ടവർ നിന്നിരുന്നത്.
ഓടിട്ട വരാന്തയുടെയും നീളമേറിയ ചുവരിന്റെയും മറവിൽ ആക്രമിസംഘം ഏറെനേരം ചെറുത്തുനിന്നു. അവിടെനിന്നും തോക്കിൽ തിരകൾ നിറക്കുകയും പുറമേക്കു നീങ്ങി മുകൾ നിലയിലെ ജനാലകൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. ഇത് വീടിനുള്ളിലുുള്ളവർക്ക് പ്രതിരോധത്തിനുള്ള നല്ല അവസരമായി. അവർ മുകളിൽ നിന്നും ജനാല വഴി താഴെയുള്ളവർക്കുനേരെ വെടിയുതിർത്തു. ഇങ്ങനെ നിരവധി തവണ വെടിയുതിർക്കുകയും പല കലാപകാരികളും ദേഹമാസകലം വെടിയേറ്റു വീഴുകയും ചെയ്തു. കലാപകാരികളാവട്ടെ, നേരെ മുകളിലേക്ക് ജനാല വഴി തോക്കുപയോഗിച്ചു ഏറെനേരം ആക്രമണം തുടർന്നെങ്കിലും അത് ഫലം കണ്ടില്ല.
ആക്രമികളുടെ ആദ്യത്തെ വെടിവെപ്പിൽ തന്നെ പരിസരത്തായി വീടിന് ചുറ്റും കാവൽ നിന്നവർക്ക് നിന്നിടങ്ങളിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. ഏറ്റുമുട്ടൽ നീണ്ടു പോയതനുസരിച്ച് സമീപത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും മറപറ്റി, അവരും ചുറ്റുപാടുനിന്നും ലഹളക്കാർക്കുനേരെ പ്രത്യാക്രമണം തുടങ്ങി. മുകളിൽ നിന്നും വശങ്ങളിൽ നിന്നും ഒരേ സമയം ആക്രമങ്ങളെ നേരിടുക എന്നത് കലാപകാരികൾക്ക് എളുപ്പമായിരുന്നില്ല. ഇങ്ങനെ മുന്നിൽ നിന്നുമുള്ള ഏറ്റുമുട്ടലിൽ രണ്ടു പേർ മരിച്ചുവീണു. ഇതോടെ അവശേഷിക്കുന്ന ലഹളക്കാർ കൂടുതൽ അക്രമാസക്തരായി. അവർ തങ്ങളുടെ മുന്നിലും വശങ്ങളിലും നിന്ന് നേരിട്ട നാട്ടുകാരെ പിൻതുടർന്ന് ആക്രമിക്കാൻ ഒരുങ്ങി. ഇത് വീടിന്റെ മുകളിലത്തെ നിലയിൽ തോക്കേന്തി നിന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കി.
ഈ ഏറ്റുമുട്ടൽ അരമണിക്കൂറിലേറെ നീണ്ടു നിന്നു. പതിമൂന്ന് ലഹളക്കാർ അവിടെത്തന്നെ മരിച്ചു വീണു. ജീവൻ അവശേഷിച്ച രണ്ടു പേരിൽ ഒരാൾ അൽപസമയത്തിനു ശേഷം കല്യാടു തന്നെ വെച്ചും രണ്ടാമത്തെയാൾ ചാവശ്ശേരി വെച്ചും അവസാനശ്വാസം വലിച്ചു.”
നടന്ന സംഭവങ്ങളുടെ വളരെ വിശദമായ റിപ്പോർട്ടാണ് ഇവിടെ നൽകിയിരിക്കുന്നത്. മട്ടന്നൂരിൽ നടന്ന ആക്രമണങ്ങളെക്കുറിച്ച് ഇത്രയും വിശദമായ വിവരണം ഇല്ലാത്തതിന് കാരണം എന്താണെന്നറിയില്ല. തുടർന്ന് റോബിൻസൺ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ, സ്വന്തം ജീവൻ പണയംവെച്ച് ധീരതയോടെ ആക്രമികളെ നേരിട്ടവർക്കുള്ള പാരിതോഷികങ്ങളെക്കുറിച്ച് ചില ശുപാർശകൾ നടത്തുന്നതു കാണാം.
"ഈ അതിരൂക്ഷമായ സംഘട്ടനത്തിനിയടിൽ ആരൊക്കെയാണ് കൃത്യതയോടെ കലാപകാരികളെ ഇല്ലാതാക്കിയത് എന്ന് കണ്ടെത്തുക തീർത്തും ദുഷ്ക്കരമാണ്. കലാപകാരികളെ ഇല്ലാതാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചത് വീടിന് പുറമേ കാവൽനിന്നവരിൽ നിന്നുള്ള ആക്രമണമാണെന്നു തീർച്ച. പക്ഷെ അത് ചെയ്ത ആളുകൾക്കൊന്നും അത് ചെയ്തത് തങ്ങളാണെന്ന് തിരിച്ചറിയാൻ പറ്റില്ല. എന്തായാലും ഗൃഹസംരക്ഷണത്തിന് ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയവർക്ക് കമ്പനി വക പാരിതോഷികം കൊടുക്കണം.”
|
ചെറുത്തുനിൽപ്പിൽ പങ്കെടുത്തവരുടെ പട്ടിക
|
"ഈ ഉജ്ജ്വല പോരാട്ടത്തിന് നേതൃത്ത്വം കൊടുത്തവർക്ക് എല്ലാവർക്കും കൂടി 500 രൂപ നൽകുവാൻ തയ്യാറാവണം. ഈ ചെറുത്തുനിൽപ്പിന് നേതൃത്ത്വം കൊടുത്തവരിൽ ഏറ്റവും പ്രധാനികൾ കല്യാട്ട് അനന്തന്റെ മൂത്ത സഹോദരന്റെ മകനായ മുണ്ടയാടൻ നമ്പ്യാറും അനന്തന്റെ മൂത്ത മകനായ കാണിയേരി ചാത്തുവുമാണ് . അവരിരുവരും തുല്യ പ്രാധാന്യത്തോടെ ഈ പോരാട്ടം നയിച്ചു. ഇരുന്നൂറ്റി അമ്പത് രൂപ വിലവരുന്ന ഔദ്യോഗിക മുദ്ര അങ്കനം ചെയ്ത സ്വർണവള അവരിരുവർക്കും പാരിതോഷികമായി നൽകാൻ ഞാൻ ശുപാർശ ചെയ്യുന്നു. അവരോടൊപ്പം പോരാട്ടത്തിന് മുന്നിട്ടിറങ്ങിയ പതിമൂന്നു പേർ കൂടിയുണ്ടെന്ന് മനസ്സിലാക്കുന്നു. അവരൊക്കെ തുല്യ നിലയിൽ പാരിതോഷികത്തിന് അർഹരാണ്. നേരത്തെയുള്ള ശുപാർശയിൽ തോക്കുകളേന്തിയ ഒമ്പതു പേരെ മാത്രമാണ് പാരിതോഷികത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. അതിൽ രണ്ടു പേർക്ക് സ്വർണവളകൾ നൽകുന്നതോടെ ബാക്കി വരുന്ന ഏഴു പേർക്ക് പത്ത് പഗോഡ (50 രൂപ) വീതം ആകെ 350 രൂപ കൂടി നൽകാനായിരുന്നു ശുപാർശ ചെയ്തിരുന്നത്. എന്നാൽ മറ്റുള്ളവരെല്ലാവരും ഇതിൽ തുല്യ അവകാശികളാണെന്നിരിക്കെ തോക്കേന്തിയവർക്ക് പത്ത് പഗോഡയും (50 രൂപ) വാളും കുന്തവുമായി ആക്രമകാരികളെ നേരിട്ടവർക്ക് അഞ്ച് പഗോഢയും (17.50 രൂപ) വീതം വിതരണം ചെയ്യുന്നതായിരിക്കും ഉചിതം".
റോബിൻസൺ തന്റെ തീരുമാനങ്ങൾ മദ്രാസിലേക്ക് അറിയിക്കുന്നു. അതോടൊപ്പം ആകെ പാരിതോഷികം 850
രൂപയായി വർദ്ധിപ്പിക്കാനും അദ്ദേഹം എഴുതുന്നു. 1852 ഫെബ്രുവരി 13 ന് മദ്രാസിൽ നിന്നും വന്ന മറുപടി കത്തിൽ
നായൻമാരിൽ പ്രത്യേകിച്ചും ഹിന്ദുക്കളുടെ ഇടയിൽ പൊതുവായും ഇത്തരം ആക്രമങ്ങൾക്കെതിരെ
ആത്മരക്ഷാർത്ഥമുള്ള ചെറുത്തുനിൽപ്പിന്റെ ആവേശം നിലനിർത്താൻ എല്ലാവർക്കും അമ്പതു രൂപ വീതം
പാരിതോഷികം നൽകേണ്ടതാണെന്ന് നിർദ്ദേശിക്കുന്നതായിക്കാണുന്നു. തോക്കുമായി ലഹളക്കാരെ നേരിട്ടവരിൽ
നേരത്തെ പറഞ്ഞ മുണ്ടയാടൻ നമ്പ്യാരെയും കാണിയേരി ചാത്തുവിനെയും കൂടാതെ തെക്കൻ ചന്തൂട്ടി, തട്ടാൻ കണ്ണൻ,
നെല്ലിപ്പള്ളി ഒതേനൻ, പടപ്പൻ ധർമ്മൻ, വണ്ണത്താൻ അമ്പു, കുഞ്ഞിവീട്ടിൽ കണ്ണൻ, കാരോന്നുമ്മൽ ചന്തു
എന്നിവരാണ് ഉണ്ടായിരുന്നതെന്ന് ആ റിപ്പോർട്ട് പറയുന്നു. കുന്തങ്ങളുമായി ആക്രമികളെ നേരിട്ടതിന്നുള്ള
പാരിതോഷികം ലഭിച്ചത് വെള്ളുവ കോമൻ, മാവില കമ്മാരൻ, വക്കാടൻ നമ്പി, മണത്താനത്ത് കോരൻ,
പാലക്കൽ കോരൻ, കോടിപ്പാടി കോരൻ എന്നീ ആറു പേർക്കാണ്. ( പട്ടിക കാണുക). വ്യത്യസ്ത കുടുംബങ്ങളിലും
വിഭാഗങ്ങളിലും പെട്ട ആ ആളുകളുടെയെല്ലാം പിൻഗാമികൾ ഇന്നും കല്ല്യാട്- ബ്ളാത്തൂർ പ്രദേശങ്ങളിൽ
താമസിക്കുന്നുണ്ട്. സാമൂഹിക സമരസതയുടെയും ഐക്യത്തിന്റെയും സമഭാവനയുടെയും സന്ദേശം എത്രമാത്രം
രൂഢമൂലമായിരുന്ന കാലമായിരുന്നു അത് എന്നുള്ളതിന്റെ ഉത്തമ നിദർശനമാണ് ആ പട്ടിക.
കലാപകാരികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഒരു തിരിച്ചടി ആദ്യമായിട്ടായിരുന്നു, അതും പട്ടാളത്തിന്റെയോ പോലീസിന്റെയോ കൈയ്യിൽ നിന്നല്ലാതെ. കല്യാട്ട് നമ്പ്യാരുടെ നേതൃത്ത്വത്തിൽ നടന്ന ആ അപമാനത്തിന് പകരം ചോദിക്കുമെന്ന തീരുമാനവും പ്രചരണവും ആ ദിവസങ്ങളിൽ തീവ്രമായിരുന്നു. പലയിടങ്ങളിലും ഹിന്ദുക്കൾ ഒന്നടങ്കം കാടുകളിലും മറ്റും ഒളിവിലേക്കു പോയി. ലോഗൻ ആ ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.
“അഞ്ചരക്കണ്ടിയിലെ ബ്രൗൺ അവർകളിൽ നിന്നും കല്യാട്ട് നമ്പ്യാറിൽ നിന്നും ലഭിച്ച എഴുത്തുകളിൽ നിന്നും ജോയന്റ് മജിസ്ട്രേട്ടിനു മനസ്സിലായത് ഈ സംഘർഷപൂരിതമായ അന്തരീക്ഷം കല്ല്യാട് നമ്പ്യാരുടെ ജീവനും സ്വത്തിനും കാര്യമായ നഷ്ടം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോട് കൂടിയാണ് കലാപകാരികൾ ആസൂത്രണം ചെയ്യുന്നത് എന്നാണ്. കല്ല്യാട് നമ്പ്യാർ തന്റെ വീടിനെയും ആളുകളെയും സംരക്ഷിച്ചത് മാത്രമല്ല, കലാപകാരികളെ ഒന്നടങ്കം കാലപുരിക്കയക്കാൻ കാരണമായതും അവരിൽ സൃഷ്ടിച്ച ആഘാതം അത്ര വലുതായിരുന്നു. കല്ല്യാട് നിന്നുണ്ടായ ഹിന്ദുചെറുത്തുനിൽപ്പു കാരണം ഉണ്ടായ അപമാനത്തിന് പ്രതികാരം ചെയ്യുമെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഹളക്കാരുടെ ഭൗതികാവശിഷ്ടങ്ങൾക്കു മുകളിൽ അവർക്ക് സ്മാരകം പണിയുമെന്നും അവർ തീരുമാനമെടുത്തിരുന്നു. ഒറ്റ ദിവസം രാത്രി കൊണ്ട് ഒരു ശവക്കല്ലറ പണിയാൻ ശ്രമിച്ചെങ്കിലും ജോയന്റ് മജിസ്റററേട്ട് ആയിരുന്ന മി.ചാറ്റ്ഫീൽഡിന്റെ നിർദ്ദേശ പ്രകാരം അത് ഉടൻ നശിപ്പിക്കപ്പെട്ടു. അതോടൊപ്പം സംഘർഷപൂരിതമായ അന്തരീക്ഷത്തിന് അയവു വരുത്താനുള്ള മറ്റ് ചില നടപടികളും അദ്ദേഹം കൈക്കൊണ്ടു"6.
കാര്യമായ തിരിച്ചടികൾക്കൊന്നും തയ്യാറാവാതെ പ്രശ്നങ്ങൾ കെട്ടടങ്ങാൻ മറ്റ് പല കാരണങ്ങളും ഉണ്ടായിരുന്നു. ഒരു പ്രദേശത്തെയാകെ ഹിന്ദുക്കളും ജാതിവ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നു കലാപകാരികളോടു പോരാടി എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. മട്ടന്നൂരിൽ തങ്ങളുടെ വീട് ആക്രമണത്തിൽ കലാപകാരികളോടൊപ്പം ധാരാളം തദ്ദേശീയരും ചേർന്നപ്പോൾ കല്ല്യാട് കലാപകാരികളെ സഹായിക്കാൻ ഒരാളെപ്പോലും കിട്ടിയില്ല. ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരുമായി നിലനിന്നിരുന്ന ദീർഘകാലത്തെ ബാന്ധവം പ്രാദേശികമായ വൈരത്തെ എളുപ്പം ശമിപ്പിച്ചു. ഇരിക്കൂർ വളരെ പഴയ മുസ്ലീംകച്ചവട കേന്ദ്രമായിരുന്നെങ്കിലും ആ പ്രദേശത്തെ ഭൂരിഭാഗം ഭൂമിയുടെയും ഉടമസ്ഥത നൂറ്റാണ്ടുകളായി കല്ല്യാട് തറവാട്ടിന്റെ കൈവശമായിരുന്നു. പഴശ്ശിരാജാവിന്റെ സൈന്യത്തോടൊപ്പം കമ്പനിപട്ടാളവുമായുള്ള പോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ അന്നത്തെ കല്യാട്ടു നമ്പ്യാരെ ഇംഗ്ളീഷുകാരിൽ നിന്നും ജാമ്യത്തിലെടുത്തത് ഇരിക്കൂറിലെ മാപ്പിള കച്ചവടക്കാരായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ബ്രിട്ടീഷുകാരുമായി ആ സമയത്ത് കല്ല്യാട്നമ്പ്യാർക്കുണ്ടായിരുന്ന അടുത്ത ബന്ധം കലാപകാരികളെ പത്തിതാഴ്ത്താൻ പ്രേരിപ്പിച്ച മറ്റൊരു കാരണമായി.
പ്രമുഖ ചരിത്രകാരനായ കെ.എൻ പണിക്കർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കല്ല്യാട് നടന്ന മാപ്പിള ലഹളയെക്കുറിച്ച് വിവരിക്കുന്നുണ്ട്
7. മട്ടന്നൂർ തങ്ങളുടെ വീടാക്രമണത്തിനു ശേഷം ബ്രിട്ടീഷ് പട്ടാളക്കാരോട് ഏറ്റുമുട്ടാൻ പഴശ്ശിയിലേക്കു നീങ്ങിയ ലഹളക്കാരെ കല്ല്യാടേക്ക് നയിച്ചത് വളപ്പിനകത്ത് ഹസ്സൻ കുട്ടി എന്ന ഇരിക്കൂറിലെ ധനികനായ മുസ്ലിം കച്ചവടക്കാരനാണെന്ന് അതിൽ സൂചിപ്പിക്കുന്നു. ഇരിക്കൂറിലെ ഭൂരിഭാഗം ഭൂമിയുടെയും ജന്മിയായ കല്യാട്ട് തറവാട്ടിലെ അനന്തനുമായി എട്ടുവർഷമായി നിലനിൽക്കുന്ന ഒരു ഭൂമി തർക്കം അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ. പണിക്കർ സൂചിപ്പിക്കുന്നത് ഇരിക്കൂറിലെ മാപ്പിള ബസാർ മുഴുവൻ നിലനിന്നത് കല്ല്യാട് തറവാട്ടിൽ നിന്നും അവഗണിക്കുകയോ കൈയ്യേറുകയോ നഷ്ടപ്പെടുകയോ ചെയ്ത ഭൂമിയിലായിരുന്നു എന്നാണ്. തന്റെ മുൻഗാമികളുടെ കാലത്ത് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ അനന്തൻ നടത്തിയ ശ്രമങ്ങളാണ് ഇരിക്കൂറിൽ അദ്ദേഹത്തിന് ശത്രുക്കളെ ഉണ്ടാക്കിയത്. ഏറ്റുമുട്ടലിൽ അവസാനം കല്യാടു വെച്ചും പിന്നീട് ചാവശ്ശേരി വെച്ചും മരിച്ച രണ്ടുപേർ ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് വിവരിച്ചത്, മട്ടന്നൂരിൽ ആക്രമണം നടത്തിയത് കളത്തിൽ തങ്ങൾ എന്ന ദുഷ്ടനായ ജൻമി പള്ളിക്ക് വേണ്ടി നീക്കിവെച്ച സ്ഥലത്തിന്റെ കാര്യത്തിൽ മാപ്പിളമാരെ വഞ്ചിച്ചതുകൊണ്ടാണെന്നും എന്നാൽ കല്ല്യാട് നമ്പ്യാരോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ലെന്നുമാണ്. അവരെ അങ്ങോട്ടു നയിച്ചവരുടെ സ്വന്തം താൽപര്യങ്ങൾക്ക് മാത്രമായിരുന്നു ആക്രമണത്തിന് പ്രകോപനമായത് എന്ന് വ്യക്തമാവുന്നു.
1921 ലെ ലഹളയെക്കുറിച്ച് കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ലഹളയുടെ ദൃക്സാക്ഷിയും ആയിരുന്ന കെ . മാധവൻ നായർ മലബാർ കലാപം എന്ന തന്റെ പുസ്തകത്തിൽ വിശദമായി എഴുതുന്നുണ്ട്. സത്യസന്ധമായി മുഖംനോക്കാതെ കാര്യങ്ങൾ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം മരണാനന്തരം മാത്രമേ പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളൂ. പ്രസ്തുത പുസ്തകത്തിൽ കല്ല്യാട് നടന്ന ലഹളയെപ്പറ്റി മാധവൻനായർ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ ലഹളസമയത്തെ തറവാട്ട് കാരണവരുടെ പേര് തെറ്റായി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാർ എന്നാണ് പുസ്തകത്തിൽ പ്രതിപാദിച്ചു കാണുന്നത്. മാധവൻ നായർ എഴുതുന്നു,
“മട്ടന്നൂരിൽ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചിലരെ കൊല്ലുകയും ചെയ്തതതിന്നു ശേഷം ലഹളക്കാർ കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ഏറ്റുമുട്ടി. അതിനിടയിൽ ഇവരുടെ നേരെ യുദ്ധത്തിനായി കണ്ണൂരിൽ നിന്നും പട്ടാളം പുറപ്പെട്ടു. പക്ഷെ പട്ടാളം എത്തുന്നതിനു മുമ്പായി കല്യാട്ടു നമ്പ്യാരുടെ ആൾക്കാർ ലഹളക്കാരെ കൊന്നു. ഹിന്ദുക്കൾ ലഹളക്കാരുമായി പൊരുതി ലഹളക്കാരെ നശിപ്പിച്ചതിന്ന് ഈ ദൃഷ്ടാന്തം മാത്രമേ 1836 നു ശേഷം മാപ്പിള ലഹളകളുടെ ചരിത്രത്തിൽ കാണുന്നുള്ളൂ. അതു വടക്കെ മലബാറിൽ ആയിരുന്നു താനും8".
കല്യാടു നടന്ന മാപ്പിള കലാപത്തിന്റെയും അതിന്റെ അനനതര സംഭവങ്ങളുടെയും ചരിത്രപ്രാധാന്യം പല കാരണങ്ങളാൽ ശരിയായരീതിയിൽ മനസ്സിലാക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ മാപ്പിള കലാപങ്ങൾ ജൻമി- ഭൂവുടമ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്തരത്തിൽ നേരത്തെ പ്രശ്നങ്ങളൊന്നും നിലവില്ലാത്തിടത്ത് നടന്ന ലഹളയെന്ന വിശേഷണം ഇതിന്നുണ്ട്. അതോടൊപ്പം ലഹളയെപ്പേടിച്ച് കാടുകളിലും മറുനാടുകളിലും ഓടിരക്ഷപ്പെട്ട ഒട്ടേറെ കഥകൾക്കിടയിൽ ധീരമായ ചെറുത്തു നിൽപ്പെന്ന നിലയിൽ രേഖപ്പെടുത്തപ്പെടേണ്ട ഒന്നാണ് ഈ സംഭവം. ഹിന്ദുക്കളുടെ ഇടയിൽ മാപ്പിള കലാപങ്ങൾക്കെതിരെ ഉണ്ടായ ഏക ചെറുത്തു നിൽപ്പായി ഈ സംഭവത്തെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.
9. ജാതി-സമുദായ ഭിന്നതകൾ കർശ്ശനമായി നിലനിന്നു എന്നു കരുതപ്പെടുന്ന കാലത്ത് അത്തരം വ്യത്യാസങ്ങൾക്കതീതമായുള്ള ഒത്തുചേർന്ന ചെറുത്ത് നിൽപ്പ് പ്രാധാന്യമർഹിക്കുന്നു. ഈ സംഭവത്തിനു ശേഷം ബ്രിട്ടീഷുകാർ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചവരുടെ പട്ടിക പരിശോധിച്ചാൽ ആ പ്രത്യേകത മനസ്സിലാവും. അക്കാലത്തെ തറവാട്ടംഗങ്ങളോടൊപ്പം താഴ്ന്നതെന്നും കീഴ്ജാതിയെന്നും ഉയർന്നതെന്നും വിശേഷിപ്പിക്കുന്ന എല്ലാ വിഭാഗങ്ങളിലും പെട്ടയാളുകൾ അതിലുണ്ട്.
1 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p. 569↩
2 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82.↩
3 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.↩
4 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570↩
5 Correspondence of Moplah Outrages in Malabar for the year 1849-53, United Scottish Press, 1863.↩
6 Logan, W.,Malabar Manual, Volume 2, Reprint 1989, Asian Educational Service.p 570↩
7 Panikkar, K.N, Against Lord and State- Religion and Peasant Uprisings in Malabar 1836-1921.,Oxford University Press,p82↩
8 മാധവൻ നായർ, കെ, മലബാർ കലാപം pp40↩
9 Dr. Deepesh V.K, 1921 പാഠവും പൊരുളും,ജൻമഭൂമി ബുക്ക്സ് 2016↩