ജനതകളുടെ സ്വയംനിർണ്ണയത്തിനും പരമാധികാരത്തിനും ഉള്ള മുറവിളികൾ ലോകത്തിന്റെ പലയിടങ്ങളിലും പലകാലങ്ങളിലും മുഴങ്ങികേൾക്കാറുണ്ട്. ചരിത്രവും സംസ്ക്കാരവും ഒപ്പം വികസനാർത്തിപൂണ്ട മതങ്ങളും അധിനിവേശ പ്രത്യയശാസ്ത്രങ്ങളും ഇവയ്ക്ക് കളമൊരുക്കുമ്പോൾ തീർത്താൽ തീരാത്ത കലാപങ്ങൾക്കും രക്തച്ചൊരിച്ചലുകൾക്കും ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും അവ വഴിയൊരുക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ ഇന്ന് സജീവമാണ്. വിശാലമായ ദേശീയബോധവും തൃണമൂലതലംവരെയുള്ള ജനാധിപത്യബോധവും നിയമവാഴ്ച്ചയിലുള്ള വിശ്വാസവും മാത്രമേ ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾക്ക് സമാധാനമാവുകയുള്ളൂ എന്നതും വസ്തുതയാണ്. എന്നാൽ സമ്പന്നമായ സംസ്ക്കാരത്തേയും വിശ്വാസങ്ങളെയും സർവ്വാശ്ളേഷിയായ സ്റ്റേറ്റ് ചവുട്ടിമെതിക്കുകയും ജനാധിപത്യത്തിന്റെ ശുദ്ധവായു കിട്ടാതെ കൊട്ടിയടക്കപ്പെടുകയും ചെയ്തിട്ടും സായുധസമരത്തിലേക്ക് തിരിയാതെ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ശ്വസിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുന്ന ഒരു ജനതയാണ് ടിബറ്റുകാർ. ഭാരതവുമായി സഹസ്രാബ്ദങ്ങളുടെ ബന്ധം പുലർത്തുന്ന 'ത്രിവിഷ്ടപ’ക്കാർ.
നൂറ്റാണ്ടുകളുടെ സംസ്ക്കാരിക പാരമ്പര്യത്തിനുടമകളായ ടിബറ്റുകാർ അടിസ്ഥാനപരമായി ബുദ്ധമതവിശ്വാസികളാണ്. ബുദ്ധനിലും ധർമ്മത്തിലും സംഘത്തിലും അടിയുറച്ച് ദുർഗമമായ ഭൂപ്രകൃതിയെയും കഠിനമായ ശൈത്യത്തെയും അതിലംഘിച്ച് കാലയാപനം കഴിച്ചിരുന്ന ടിബറ്റൻ ജനത 1920 കളുടെ രണ്ടാം പകുതിയിൽ ആദ്യമായും 1950 ൽ എന്നേക്കുമായും ചൈനീസ് അധിനിവേശത്തിന് കീഴ്‍പ്പെടുകയാണുണ്ടായത്. മാവോസേതൂങിന്റെ സാംസ്ക്കാരിക വിപ്ളവം തങ്ങളുടെ സംസ്ക്കാരത്തെയും മാനബിന്ദുക്കളെയും തരിപ്പണമാക്കിയപ്പോൾ ആത്മീയ ആചാര്യനായ ദലൈലാമയുടെ നേതൃത്ത്വത്തിൽ വലിയൊരു സംഘം ഭാരതത്തിലെത്തുകയും താൽക്കാലിക ടിബറ്റൻ പ്രവാസി സർക്കാർ ഇവിടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സാംസ്കാരികമായുള്ള നാഭീനാളബന്ധം, സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവരോട് സഹാനുഭൂതി കാണിക്കാൻ ഭാരതത്തെ പ്രേരിപ്പിച്ചെങ്കിലും ചൈനയുടെ കണ്ണുരുട്ടലും പഞ്ചശീലങ്ങളിലൂടെ നല്ലവരായി അറിയപ്പെടാനുള്ള ആഗ്രഹവും അന്നത്തെ ഭരണാധികാരികളെ പലതവണ ചിന്തിപ്പിച്ചുവെന്നത് ചരിത്രം. എങ്കിലും ഭാരതത്തിൽ അമ്പതിലേറെ പ്രത്യേക കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം ടിബറ്റൻ അഭയാർത്ഥികൾ സ്വന്തം നാടിനെക്കുറിച്ചുള്ള സ്വപ്നവുമായി കഴിഞ്ഞുകൂടുന്നു.
കമ്യൂണിസ്റ്റ് ചൈന സാമ-ദാന-ഭേദ-ദണ്ഢങ്ങളിലൂടെ അന്നു തൊട്ടിന്നേവരേ ആ ജനതയെ തങ്ങളുടെ ഭാഗമായി മാറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ടിബറ്റിന്റെ വിശാലമായ ഭൂവിഭാഗങ്ങളിൽ അധിനിവേശത്തിനു കീഴടങ്ങാതെ ഇന്നും ഒരു വലിയ വിഭാഗം തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു. ബുദ്ധമതത്തിന്റെ ആചാരപദ്ധതികളിൽ മുഴുകി ജീവിതസമർപ്പണം നടത്താൻ തയ്യാറായി കുടുംബാംഗങ്ങൾ തങ്ങളുടെ മക്കളെ മൊണാസ്ട്രികളിലേക്കയക്കുന്നു. കൊടും മനുഷ്യാവകാശ ലംഘനങ്ങളും പീഢനങ്ങളും ഇരുമ്പു മറയ്ക്കുള്ളിൽ നിരന്തരം നടക്കുന്നു. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉള്ള ടിബറ്റൻ ജനത വ്യത്യസ്ത മാർഗങ്ങളിലൂടെ ഇക്കാര്യങ്ങൾ ലോകശ്രദ്ധയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിവിധ തരത്തിലുള്ള വേദികളിലൂടെ ടിബറ്റിനായുള്ള ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഇരുമ്പു മറയ്ക്കുള്ളിലെ ഭീകരതയേക്കുറിച്ച് പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളും ധാരാളമായി ലഭ്യമാണ്. ഭാരതത്തിലുൾപ്പടെയുള്ള ടിബറ്റ് യൗവ്വനം, ജീവിതായോധനത്തിനിടയിലും തങ്ങളുടെ വാഗ്ദത്തഭൂമിയെക്കുറിച്ചുള്ള ഗൃഹാതുരതകളിൽ അഭിരമിക്കുന്നു. ടിബറ്റിനെക്കുറിച്ചുള്ള എന്തും ലോകശ്രദ്ധയാകർഷിക്കുമെന്നതു കൊണ്ടുതന്നെ പത്രപ്രവർത്തകരും എഴുത്തുകാരും ടിബറ്റിനെക്കുറിച്ച് എഴുതുന്നു.
ആ കൂട്ടത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങളിലൊന്നാണ് 'Eat the Budha- The story of Modern Tibet Through the People of One Town' (ബുദ്ധനെ ഭക്ഷിക്കുക) . അമേരിക്കൻ പത്രപ്രവർത്തകയായ ബാർബാറ ഡമിക് എഴുതി 2020 ൽ പുറത്തിറങ്ങിയ പുസ്തകം ഗാബ എന്ന ഒരു ടിബറ്റൻ നഗരത്തിന്റെ കഥയിലൂടെ ടിബറ്റൻ പ്രശ്നങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുന്നു. ഏഴു വർഷത്തോളം ചൈനയിൽ അംഗീകാരമുള്ള പത്രപ്രവർത്തകയായി പ്രവർത്തിച്ച ലേഖിക, ടിബറ്റിനെക്കുറിച്ച് ഏറെ താൽപര്യമുള്ളവളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു. യൂഗോസ്ലാവിയയിലെ ആക്രമങ്ങളും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭീകരതയും പുസ്തകങ്ങളാക്കിയിട്ടുള്ള ഡമികിന്റെ ഈ പുസ്തകവും വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒന്നാണ്.
പരമ്പരാഗത ടിബറ്റ് രാജവംശത്തിന്റെ ആസ്ഥാനമായ ഗാബ(Ngaba) എന്ന പർവ്വതപ്രദേശത്തിന്റെയും അവിടത്തെ രാജവംശത്തിന്റെ പിൻതുടർച്ചക്കാരുടെയും ചരിത്രം രേഖപ്പെടുത്തുന്നത് ടിബറ്റിന്റെ വേറിട്ട സംസ്ക്കാരവും പാരമ്പര്യവും സൂചിപ്പിക്കാൻ വേണ്ടി കൂടിയാണ്. 1930 രണ്ടാം പാദത്തിൽ കമ്യൂണിസ്റ്റ് സൈനികർ അവിടം കടന്നാക്രമിക്കുന്നതും രാജവംശത്തെ നാടുകടത്തുന്നതും തുടങ്ങി 1950 കൾക്കു ശേഷം മാവോവിന്റെ സാംസ്ക്കാരിക വിപ്ളവം ആ പ്രദേശത്തെ ഇരുമ്പ് മറയ്ക്കുള്ളിൽ ആക്കുന്നതും വരെയുള്ള കാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നു. ആദ്യ കമ്യൂണിസ്റ്റ് അധിനിവേശ സമയത്ത് പുറമേ നിന്നും വന്ന പട്ടാളക്കാർ വിശപ്പടക്കുന്നതിന്നായ് വെണ്ണയും ധാന്യപ്പൊടിയും കൊണ്ട് നിർമിച്ച വീടുകളിലെ ബുദ്ധപ്രതിമകളെ ആഹാരമാക്കി വിശപ്പടക്കിയ സംഭവത്തെ കുറിക്കാനാണ് ' ബുദ്ധനെ ഭക്ഷിക്കുക' ( ‘Eat the Budha’) എന്ന രസകരമായ പേര് പുസ്തകത്തിന് നൽകിയതത്രേ. ' ചിരിക്കുന്ന ബുദ്ധനും' (Budha smiles) 'ട്രാഫിക് ജാമിലെ ബുദ്ധനും' ('Budha in the traffic jam') തുടങ്ങി ബുദ്ധനെ സാക്ഷിയാക്കി എന്തും ചെയ്യാൻ ശീലിച്ചവരാണല്ലോ നമ്മൾ. ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ വിശ്വാസത്തെയും മതപഠന കേന്ദ്രങ്ങളെയും മുറുകെപ്പിടിക്കുന്ന ജനത, ദലൈലാമയുടെ പാലായനത്തിനുശേഷവും കടുത്ത പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടായിട്ടും കീഴടങ്ങാൻ തയ്യാറായില്ല. മറ്റ് സമാന പ്രദേശങ്ങളുമായി ദൂരെയാണെങ്കിലും പോരാട്ട വീര്യത്തിന് ഒരു കുറവുമുണ്ടായില്ല. രഹസ്യപോലീസിന്റെയും മറ്റ് കഠിന നിരീക്ഷണങ്ങളുടെയും നടുവിലും സ്വാതന്ത്ര്യബോധം അമരാതെ എങ്ങനെ സൂക്ഷിക്കുന്നു എന്നു നാം വിസ്മയം കൊള്ളും.
നിശ്ശബ്ദമായി എന്ന് തോന്നുന്ന പോരാട്ട വീര്യം ഇടയ്ക്കിടെ പുറത്തുവരും. ദലൈലാമയുടെ ചിത്രം സൂക്ഷിക്കുന്നതും സ്വതന്ത്ര ടിബറ്റിനെക്കുറിച്ച് സംസാരിക്കുന്നതും ടിബറ്റൻ പ്രാദേശികഭാഷ സംസാരിക്കുന്നതും പരമ്പാരാഗത പുതുവർഷം ആചരിക്കുന്നതും ഒക്കെ സൈനികരേയും കമ്യൂണിസ്റ്റ് പാർട്ടിയേയും സംബന്ധിച്ച് വലിയ പ്രകോപനത്തിനു കാരണമായേക്കാം. അതോടനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങളിൽ വർഷങ്ങളോളം തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുണ്ടാവാം, എന്നേക്കുമായി കാണാതാവുന്നവരുണ്ടാവാം. എങ്കിലും പരമ്പാരാഗത ജീവിതം മുന്നോട്ടു തന്നെ നീങ്ങി. 1989 ലെ തിയാൻമെൻ കൂട്ടക്കുരുതി ആ പ്രദേശങ്ങളിലും സൈന്യത്തേയും പാർട്ടിയേയും എങ്ങിനെ ജാഗ്രതയുള്ളവരാക്കി എന്നു വിശദമാക്കുന്നുണ്ട്.
2009 ൽ ആണ് പുതിയൊരു സമര മാർഗം ആവിഷ്ക്കരിക്കപ്പെടുന്നത്. മണ്ണെണ്ണയും പെട്രോളുമൊഴിച്ച് തീകൊളുത്തി മരണം ഏറ്റുവാങ്ങുക എന്ന അങ്ങേയറ്റം ഭീതിദമായ സമരമാർഗം. അങ്ങിനെ ആത്മാഹുതി ചെയ്ത നൂറ്റിഅറുപതോളം പേരിൽ എഴുപതോളം ആളുകൾ ഗാബയിലും പരിസരങ്ങളിലുമുള്ളവരായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. ശരീരത്തിൽ പെട്രോൾ ഒഴിച്ചതിനു ശേഷം, ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാനാണത്രേ പെട്രോൾ കുടിക്കുക കൂടി ചെയ്താണ് പലരും ആത്മാഹുതി ചെയ്തത്. മറ്റൊരാളെ ഉപദ്രവിക്കാതിരിക്കുക എന്ന ബൗദ്ധതത്ത്വത്തിനനുസൃതമായാണത്രെ പലരും ഈ രീതി അനുവർത്തിച്ചത്. സ്വന്തം രാഷ്ട്രത്തിന്റെ മോചനത്തിനായി ചെയ്ത ഈ ദാരുണ കൃത്യങ്ങൾ , ടിബറ്റിനെ വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവന്നു. അതിന്റെ പേരിൽ ചൈന മാത്രമല്ല, ഇത്തരം പ്രാകൃത രീതികളെ അപലപിക്കുന്നില്ലാ എന്നതിന്റെ പേരിൽ ദലൈലാമയും ഏറെ പഴി കേട്ടു. ടിബറ്റിലാണെങ്കിൽ സൈന്യം ആത്മാഹുതികൾ കണ്ടു നിന്നവരെയും ആത്മാഹുതി ചെയ്തവരുടെ ബന്ധുക്കളെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വർഷങ്ങളോളം ജയിലിലടച്ചുവെന്നതാണ് മറ്റൊരു വൈചിത്ര്യം. ഇങ്ങനെയുള്ള പ്രതിഷേധങ്ങൾ ആവർത്തിക്കുമ്പോൾ മതപാഠശാലകളിലെ മുതിർന്ന സന്യാസിമാരുൾപ്പടെയുള്ളവർക്ക് ഇടയ്ക്കിടെ പാർട്ടി നേതാക്കൻമാരുടെയും സൈനികോദ്യോഗസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ പുനർവിദ്യാഭ്യാസ ക്ലാസ്സുകൾ നടക്കുമായിരുന്നു ; ശരിയായ ജീവിത ദർശനവും രാഷ്ട്രീയ ബോധവും ദേശസ്നേഹവും പകർന്നു നൽകാൻ! ' ആകാശത്തിന്റെയും ഭൂമിയുടെയും നിയന്ത്രണം കമ്യൂണിസ്റ്റ് പാർട്ടിക്കാണെന്നും ഒരു തരത്തിലും ഓടി രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും' ഒരു കൂട്ടം ആളുകളോട് പോലീസുകാർ പറയുമ്പോൾ അവിടത്തെ ജാഗ്രതയും നിരീക്ഷണവും എത്തരത്തിലായിരിക്കുമെന്ന് വ്യക്തമാകുന്നുണ്ട്.
എല്ലാ വർഷവും ആയിരത്തോളം ആളുകളാണ് ഹിമാലയത്തിലെ ദുർഘടപാതകളിലൂടെ ഒളിച്ചു കടന്ന് നേപ്പാൾ വഴി ഭാരതത്തിലെത്തിയിരുന്നത്. പിന്നീട് ചൈന ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെ എണ്ണം കുറഞ്ഞുവത്രെ. അത്തരത്തിലുള്ള യാത്രയുടെ ദുരിതവും അപകടലും പുസ്തകത്തിൽ എഴുത്തുകാരി വിശദീകരിക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള ഒരു ജനതയുടെ തീവ്രവികാരം ഉൾക്കൊള്ളാനാവുന്നുണ്ട്. പ്രവാസി ഗവൺമെന്റിന്റെ ആസ്ഥാനമായ ധർമ്മശാലയും മറ്റു റ്റിബറ്റൻ കേന്ദ്രങ്ങളും സന്ദർശിക്കുന്ന ലേഖിക, നിഷ്പക്ഷതയുടെ മൂടുപടം അണിയാൻ ശ്രമിക്കുന്നതു കൊണ്ടാണെന്നു തോന്നുന്നു, ഭാരതം അവർക്കു നൽകുന്ന സൗകര്യങ്ങളെക്കുറിച്ചോ പരിഗണനയെക്കുറിച്ചോ ഒന്നും പറയുന്നില്ല. ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശവും വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും ഉള്ള അവകാശങ്ങളും ഏറ്റവും ഒടുവിലായി വോട്ടവകാശം പോലും നൽകിയാണ് പരമ്പാരാഗതമായ സാംസ്ക്കാരിക സൗഹൃദത്തെ ഇന്ത്യ വിലമതിക്കുന്നതെന്ന കാര്യം മനസ്സിലാക്കാത്തതുകൊണ്ടാണോ അല്ല അന്താരാഷ്ട്ര തലത്തിലുള്ള വായനക്കാരെ പ്രതീക്ഷിച്ചുള്ള രചനയായതുകൊണ്ടാണോ ഈ മൗനം എന്നു വ്യക്തമല്ല. എന്തായാലും ടിബറ്റൻ പോരാട്ടത്തിന് സമാനതകളില്ല; അതു പോലെ അഹിംസയിലധിഷ്ഠിതമായ ആ സമരങ്ങളെ ചോരയിലും ഭീതിയിലും മുക്കികൊല്ലുന്ന കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിനും. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് പുസ്തകത്തിന്റെ അവതരണം എന്നുറപ്പിച്ചു പറയാം.