1 നമ്മെ വിളിപ്പൂ, നമ്മെ വിളിപ്പൂ ഹൈമവത ഭൂമി
പ്രൈമറി ക്ലാസ്സുകളിൽ എന്നോ കേട്ട ഒരു നാലുവരി ശ്ളോകം കാലമേറെ കഴിഞ്ഞും മനസ്സിൽ തങ്ങി നിൽക്കുന്നു
"അത്യത്തരസ്യാം ദിശി ദേവതാത്മ
ഹിമാലയോ നാമ നഗാധി രാജഃ
പൂർവ്വാപരൗ തോയനിധി വിഗാഹ്യ
സ്ഥിതഃ പൃഥിവ്യ ഇവ മാനദണ്ഡ"
എന്നതായിരുന്നു ആ ശ്ളോകം. വരികളുടെ ഏകദേശ അർത്ഥം ഉൾക്കൊണ്ടിരുന്നുവെങ്കിലും കാളിദാസന്റെ കുമാരസംഭവം എന്ന മഹാകാവ്യത്തിലെആദ്യ വരികളാണ് ഇത് എന്ന് മനസ്സിലാക്കിയത് പിന്നീടാണ്. നാലാം തരത്തിലെ അധ്യാപകന്റെ ഇന്ത്യയുടെ അതിരുകളെക്കുറിച്ചുള്ള വർണ്ണനകളുടെ സമയത്ത് തന്നെ മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയ പർവ്വതം മിക്കവരുടോയും മനസ്സിൽ കയറിക്കൂടിയിരിക്കും. പിന്നീട് കലാലയ ദിവസങ്ങളിൽ എപ്പഴോ കെ. വി സുരേന്ദ്രനാഥിന്റെ 'ലോകത്തിന്റെ മേൽക്കൂരയിലൂടെ' എന്ന ഹിമാലയ യാത്രാവിവരണം വളരെ താൽപര്യത്തോടെ വായിച്ചു തീർത്തതും ഓർമ്മിക്കുന്നു. എൻ. വി കൃഷ്ണവാര്യരുടെ
'ഈ ഹിമാലയത്തിലാണെന്റെ ആത്മാവിൻ ഗൃഹം,
'ഈ ഹിമാലയത്തിലാണെന്റെ ആത്മാവിൻ ഗൃഹം,
ഈ ഹിമപ്പരപ്പെന്റെ അന്തിമശയ്യാതലം'
എന്നു തുടങ്ങുന്ന കവിത ഒരു പെൺകുട്ടി പരിസ്ഥിതിക്യാമ്പുകളിലെവിടെയോ മനസ്സിൽ തറച്ച രീതിയിൽ ആലപിച്ചതും മനസ്സിലുണ്ട്. പിന്നിട് എം. പി വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവിൽ' എന്ന യാത്രാ വിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചതും ആവേശത്തോടെ വായിച്ചിരുന്നു. പ്രായേണ സാധാരണക്കാരുടെ ഹിമാലയാനുഭവങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാവണം. ഇന്നു വലിയ പുസ്തകശ്ശാലകളിൽ ഹിമാലയയാത്രയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കായി മാത്രം പ്രത്യേക വിഭാഗമുണ്ട്.. എം.കെ രാമചന്ദ്രനും കെ ബി പ്രസന്നകുമാറും ആഷാമേനോനും എഴുതിയവ തുടങ്ങി സംസ്ക്കാരവും ആധ്യാത്മികതയും ചേർത്ത് സന്യാസിവര്യൻമാരെഴുതിയ പുസ്തകങ്ങൾ വരെ അതിലുണ്ട്. ഇവ ദേശീയോദ്ഗ്രഥനത്തിന്റെയും ദേശബോധത്തിന്റെയും വികാരം അങ്കുരിപ്പിക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും അതിനുമപ്പുറം പരിസ്ഥിതിയും ജൈവവൈവിധ്യവും ഒക്കെ ഹിമാലയം മനസ്സിലുണർത്തുന്ന വിചാരവികാരങ്ങളത്രെ. ഹിമാലയ താഴ്‍വാരങ്ങളിലേയും പ്രാന്തഭൂമികകളിലേയും ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും വർണ്ണാഭവും വിചിത്രവുമായ വൈവിധ്യം ഒരു നോക്കു കാണുകയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെന്ത് ഇൻഡ്യക്കാരൻ? പുരാണവും ചരിത്രവും മിത്തും
ഹിമഗിരിവിഹാരം
കവർചിത്രം
രാഷ്ട്രതന്ത്രവും ഭൂപ്രകൃതിയും ഒക്കെക്കൂടിക്കലർന്ന് എല്ലാ ഇന്ത്യക്കാരുടെയും മനസ്സിൽ തെളിഞ്ഞുതിളങ്ങുന്ന ഒരു ഹിമാലയമുണ്ട്. ഇത്തരം ചിന്തകൾക്ക് തിരികൊളുത്തിയത് ലോക്കൗട്ട് ദിനങ്ങളിൽ വായിക്കാനെടുത്ത തപോവനസ്വാമികളുടെ 'ഹിമഗിരി വിഹാരം' എന്ന ഹിമാലയ യാത്രാ പുസ്തകമാണ്.
പാലക്കാടുകാരനായ തപോവനസ്വാമികൾ നന്നേ ചെറുപ്പത്തിൽ തന്നെ ആദ്ധ്യാത്മിക പാത സ്വീകരിച്ച് ഹിമാലയ താഴ്‍വരകളിൽ ജിവിതം നയിച്ച സന്യാസിവര്യനായിരുന്നു. നൂറ്റാണ്ടുകളായി സന്യാസിമാരുടേയും കാവിവേഷധാരികളുടെയും സങ്കേതമായിരുന്നു ആ വിശാലമായ പർവ്വതസാനുക്കൾ. തന്റെ തപസ്സിനോടൊപ്പം എഴുത്തിനും സമയം കണ്ടെത്തിയ അദ്ദേഹം ആയിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ചിലും മുപ്പതിലും നടത്തിയ രണ്ട് കൈലാസ- മാനസസരോവര തീർത്ഥയാത്രകളും അതിന് മുന്നിലും പിന്നിലുമായി കാശ്മീരം മുതൽ കാഠ്മണ്ഡു വരെ ചെയ്ത മാസങ്ങൾ നീണ്ടു നിന്ന യാത്രകളും ആണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. ആകാവുന്നിടത്തോളം തത്വചിന്ത കൂട്ടിക്കലർത്തിയുള്ള ഈ ലേഖനങ്ങൾ മിക്കതും നാൽപ്പതുകളിൽ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു എന്ന് ആമുഖത്തിൽ സൂചിപ്പിക്കുന്നു. മലയാളത്തിന്റെ സമസ്തസാധ്യതകളേയും എടുത്തുപയോഗിക്കുന്ന പുസ്തകത്തിലെ ഭാഷ സാഹിത്യഭംഗിയും ഭാവനാചമത്ക്കാരവും കലർന്നതത്രെ. സംസ്കൃത രചനകൾ ധാരാളം നടത്തിയിരുന്ന തപോവനസ്വാമികളുടെ ഭാഷയുടെ ഘനഗാംഭീര്യം വായനയ്ക്ക് തടസ്സമാവാതെ നിൽക്കുന്നു എന്നുള്ളതും പുസ്തകത്തിന്റെ സവിശേഷഗുണമാണ്. ഹിമാലയയാത്രാവിരണങ്ങളിലെ ക്ലാസ്സിക്കായി കരുതപ്പെടുന്ന ഈ കൃതി ഏറെക്കാലം ലഭ്യമല്ലായിരുന്നു. ഇത് അടുത്തിടെ വീണ്ടും പ്രസിദ്ധീകരിച്ചത് മാതൃഭൂമിയാണ്. 'കൈലാസയാത്ര' എന്ന മറ്റൊരു പുസ്തകവും തപോവനസ്വാമികളുടേതായുണ്ട്.
ഒറ്റയ്ക്കു സഞ്ചരിക്കാനിഷ്ടപ്പെട്ടിരുന്ന സ്വാമി ആദ്യയാത്ര തന്റെ അനുചരനായ മറ്റൊരു സന്യാസിയെക്കൂട്ടിയാണ് നടത്തിയതെങ്കിൽ രണ്ടാമത്തേത് പത്തു പതിനഞ്ചു പേർ ചേർന്ന സംഘത്തോടൊപ്പമായിരുന്നു. ചെങ്കുത്തായ കയറ്റങ്ങളും മഞ്ഞുമലകളും പതഞ്ഞൊഴുകുന്ന നദികളും പർവ്വതങ്ങളും താണ്ടിയുള്ള (അതിലംഘനമെന്ന പദമാണ് പുസ്തകത്തിൽ പലയിടത്തും) യാത്രയുടെ കഠിനമായ വൈഷമ്യങ്ങളെ വരച്ചു കാണിക്കുന്നു. സ്ഥിരതയാർന്ന ശ്രദ്ധയും വിശ്വാസവും ആ കാഠിന്യങ്ങളെ തരണം ചെയ്യാൻ എങ്ങിനെ ,സഹായിച്ചുവെന്നത് രസകരമായിത്തന്നെ വായിച്ചു പോകാം. പ്രകൃതി സൗന്ദര്യത്തിൽ അത്യന്തം ആകൃഷ്ടനാവുന്ന സ്വാമികൾ ആകാവുന്നിടത്തെല്ലാം ചുറ്റുമുള്ള പ്രകൃതിയെ അതിമനോഹരമായി വർണ്ണിക്കുന്നു. പരമാത്മാവിന്റെ അംശങ്ങളാണ് കാണുന്നതെല്ലാം എന്ന അദ്വൈതദർശനത്തിന്റെ ഉൾക്കാഴ്ചയിൽ അവയോരോന്നും കടന്നുവരുമ്പോൾ ഭുർജമരവും അതിമനോഹരമായ മൊണാൽ പക്ഷികളും ഒക്കെ ഉൺമയുടെ നിത്യസാക്ഷ്യങ്ങളായി അവതരിക്കപ്പെടുന്നു. 'വാലി ഓഫ് ഫ്ലവേഴ്സ്' എന്ന് ഇന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തരഖണ്ഡിലെ താഴ്‍വാരങ്ങളുടെ അനിർവ്വചനീയമായ മാസ്മരികത ചിലയിടങ്ങളിൽ നമുക്കനുഭവിക്കാം.
കാശ്മീരിലെ ശാരദ ക്ഷേത്ര സന്ദർശനവും അമരനാഥ സന്ദർശനവും വിവരിക്കുമ്പോൾ കശ്മീരിന്റെ അഭൗമസൗന്ദര്യം എന്താണെന്നു സങ്കൽപ്പിക്കാൻ നമുക്ക് ആവും. സുന്ദരമായ താഴ്‍വരകളും തടാകങ്ങളും എണ്ണത്തിൽക്കൂടുതലുള്ള ബ്രാഹ്മണരും സഹചാരികളും അഭ്യുദയകാംക്ഷികളും ആയ മുസൽമാൻമാരും അവർക്കിടയിലുണ്ടായിരുന്ന അടുപ്പവും ഒക്കെ വിവരിക്കപ്പെടുന്നു. ചില ക്ഷേത്രങ്ങളിൽ പ്രസാദവിതരണം നടത്തുന്നത് മുസൽമാൻ കുടുംബങ്ങളാണെന്നും അദ്ദേഹം എഴുതുന്നു. രാപകൽ വെടിയൊച്ച മുഴങ്ങുന്ന പർവ്വതനിരകളും അതു പ്രതിദ്ധ്വനിക്കുന്ന താഴ്‍വരകളും അവിശ്വാസം മാത്രം നിലനിൽക്കുന്ന ജനപഥങ്ങളും ഡൽഹിയിലും മറ്റുമുള്ള കശ്മീരി പണ്ഡിറ്റുകളുടെ അഭയാർത്ഥി സങ്കേതങ്ങളും ഒരു വേള മനസ്സിൽ എത്തി. എൺപതു കൊല്ലങ്ങൾക്കിപ്പുറം ഭൂമിയിലെ സ്വർഗം എങ്ങിനെ നരകത്തിലേക്ക് നടന്നടുത്തു എന്ന് വായനക്കാർ ഓർത്ത് പോകും . ശാരദാ പീഠത്തെക്കുറിച്ചും ഹിമാലയസാനുക്കളിലെയും താഴ്‍വരകളിലെയും വിവിധ പുണ്യസങ്കേതങ്ങളെക്കുറിച്ചും വിവരിക്കുമ്പോൾ കേരളീയനായ ശ്രീശങ്കരനെക്കുറിച്ച് ഏറെ വിശദമായിപ്പറയുന്നുണ്ട്. ശങ്കരനെക്കുറിച്ചും അദ്ദേഹത്തിന്റെ ദൗത്യങ്ങളെക്കുറിച്ചും പഠിക്കാത്ത വിദ്യാഭ്യസം വ്യർത്ഥമാണ് എന്ന് അന്നത്തെ ബ്രിട്ടീഷ് വിദ്യാഭ്യാസത്തെ അദ്ദേഹം ആക്ഷേപിക്കുമ്പോൾ സ്വതന്ത്രഭാരതത്തിലും ശ്രീശങ്കരന്റെ സ്ഥാനം എവിടെയാണെന്ന് എന്ന് വെറുതെ ഓർത്തുപോയി.
തന്റെ ഹിമാലയവാസത്തിനിടയിലും ടിബറ്റിലേക്കും മറ്റുമുള്ള യാത്രകൾക്കിടയിലും ബുദ്ധസന്യാസിമാരുമായി ധാരാളം ഇടപെടാനും ചർച്ചകളിലേർപ്പെടാനും തപോവനസ്വാമികൾക്കവസരമുണ്ടായി. ബുദ്ധസന്യാസിമാർ ഭാരതത്തെയും അതിന്റെ ദർശനങ്ങളെയും എത്രമാത്രം ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. മുതിർന്ന സന്യാസിയെന്ന പരിഗണനയാണ് ബുദ്ധവിഹാരങ്ങളിലും മഠങ്ങളിലും അദ്ദേഹത്തിന് എല്ലായ്പ്പോഴും ലഭ്യമായത്. അന്ന് തപോവനസ്വാമികൾ സന്ദർശിച്ച പർവ്വതവാസികളായ ലാമമാരുടെ മിക്ക വിഹാരങ്ങളും ചൈനീസ് സാംസ്ക്കാരിക വിപ്ളവസമയത്ത് നിശ്ശേഷം തച്ചുതകർക്കപ്പെട്ടു എന്ന് എവിടെയോ വായിച്ചതോർക്കുന്നു. അതിമനോഹരമായ, സമുദ്രനിരപ്പിൽ നിന്നും ഒരുപാട് ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാനസസരോവരത്തിനു ചുറ്റുമുള്ള എട്ട് വിഹാരങ്ങളും ആ തച്ചുടച്ചവയുടെ കൂട്ടത്തിൽപ്പെടുമത്രെ. ഈ ലോകത്തിലെ സർവ്വരുടെയും ദുഖങ്ങൾക്ക് പരിഹാരം തേടിയലഞ്ഞ ബുദ്ധന്റെ അനുയായികൾ സ്വന്തം രാജ്യത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ,ധർമ്മശാലയിലും കുശാൽ നഗറിലും ഉൾപ്പടെ തങ്ങളുടെ പ്രാർത്ഥനകൾ തുടരുന്നത് മറ്റൊരു കഥ.
കേവലമായ യാത്രാസൗകര്യങ്ങളോ താമസസൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന അക്കാലത്ത് കാടുകളും മേടുകളും താവളമാക്കി സത്യാന്വേഷണം നടത്തിയ ഒരു ധന്യ ജീവിതം. അതിനുമെത്രയോ നൂറ്റാണ്ടുകൾപ്പുറം തന്നെ ശങ്കരനും മറ്റ് യോഗീശ്വരൻമാരും ഇവിടങ്ങളിലെത്തിയത് എങ്ങനെയാവാം? പാണ്ഡവരും മഹാപ്രസ്ഥാനവും ഒക്കെ ഈ വഴികളിലായിരുന്നുവെന്നത് കഥകളെന്നു കരുതി സമാശ്വസിക്കാം. പക്ഷെ അറിയപ്പെടാത്ത കാലം തൊട്ടുള്ള എല്ലാ കഥകളും കാൽപനികമെന്ന് തള്ളിക്കളഞ്ഞാലും ഹിമാലയത്തിലെ പ്രാചീന ദേവസ്ഥാനങ്ങളും തീർത്ഥങ്ങളും അവിടങ്ങളിലെ ദർശനത്തിനും ജലസ്പർശനത്തിനും മാത്രമായി മോക്ഷകാംക്ഷികളായി ഇങ്ങ് കടലോളം എത്തിനിൽക്കുന്ന വിശാല പ്രദേശങ്ങളിലെ ജനതതിയും ഏത് മാനദണ്ഡമനുസരിച്ചും കേവല യുക്തിയുടെ മുഴക്കോലിൽ അളക്കാനാവില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവണം എന്നു നിർബന്ധം പിടിക്കേണ്ടതില്ലല്ലോ.
പുസ്കകത്തിലൊരിടത്തും തന്റെ അഭിപ്രായങ്ങളെ അതേ പടി സ്വീകരിക്കണമെന്ന ഒരു നിർബന്ധവും എഴുത്തുകാരൻ പ്രകടിപ്പിക്കുന്നില്ല; അതു വിശ്വാസമാവട്ടെ, സംസ്ക്കാരമാവട്ടെ. ലോകത്തിലെ വിശ്വാസങ്ങളിലെല്ലാമുള്ള നൻമകൾ ഒരുമിച്ചു ചേരുന്ന ഒരു ചിന്താപദ്ധതിയെപ്പറ്റി ചർച്ചചെയ്യുന്നുമുണ്ട് അദ്ദേഹം. ബുദ്ധദർശനങ്ങളുമായി സനാതനദർശനങ്ങളെ സാമ്യപ്പെടുത്തുന്നുമുണ്ട്, പലയിടത്തും. നാനൂറിൽപ്പരം പേജുകളിലായി നിറഞ്ഞുനിൽക്കുന്ന വിവരണത്തിന്റെ അവസാനഭാഗം സ്വാമികൾ കത്തുകൾക്കെഴുതിയ മറുപടികളാണ്, തികച്ചും തത്വശാസ്ത്രം ചർച്ച ചെയ്യുന്നു ആ കത്തുകൾ. നിങ്ങൾ ഇന്ത്യയുടെ ജനജീവിതത്തിന്റെ വിസ്മയങ്ങളിൽ കൗതുകം തോന്നുന്ന ആളാണെങ്കിൽ, ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും രംഗഭൂമിയായ ഹിമാലയത്തിൽ മനസ്സുുകൊണ്ടെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ തീർച്ചയായും ഈ പുസ്തകം നിങ്ങളെ സ്വാധീനിക്കും. തുടർന്ന് ഹിമാലയ സംബന്ധിയായ മറ്റു പുസ്തകങ്ങളെയും നിങ്ങൾ തേടിപ്പിടിച്ചു കണ്ടെത്തും. എന്നെങ്കിലും സൗകര്യപ്പെട്ടാൽ ഇവിടങ്ങളിൽ സഞ്ചരിക്കണമെന്ന് നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും.
14/04/2020